സി.പി.എം നേതാവിന്റെ കൊലപാതകം; മുഴുവന്‍ പ്രതികളും പിടിയില്‍

സന്ദീപിന്റെ പിറന്നാള്‍ ദിനത്തില്‍ പ്രിയതമന് സമ്മാനം നല്‍കാനായി ഭാര്യ സുനിത വാങ്ങി വെച്ച ചുവപ്പ് ഷര്‍ട്ട് മൃതദേഹത്തില്‍ വെച്ചപ്പോള്‍.

പത്തനംതിട്ട- തിരുവല്ല പെരിങ്ങരയില്‍ സി പി എം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സന്ദീപ് കുമാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍
മുഴുവന്‍ പ്രതികളും പിടിയില്‍. കണ്ണൂര്‍, ചെറുപുഴ മരുതുംപാടി കുന്നില്‍ ഹൗസില്‍ മൊയ്തീന്റെ മകന്‍ മുഹമ്മദ് ഫൈസല്‍ (22),ചങ്ങനാശ്ശേരി പായിപ്പാട് പള്ളിക്കച്ചിറ കൊച്ചു പറമ്പില്‍ പ്രസന്നന്റെ  മകന്‍ പ്രമോദ് (23), തിരുവല്ല അഴിയിടത്തുചിറ നന്ദഭവനില്‍(പറത്തറ തുണ്ടിയില്‍) അജിത് കുമാറിന്റെ മകന്‍ നന്ദകുമാര്‍ (24), പെരിങ്ങര ചാത്തങ്കരി കൗസല്യയില്‍ രഘുവിന്റെ മകന്‍ ജിഷ്ണു (23), തിരുവല്ല വേങ്ങല്‍ സ്വദേശി അഭി (22) എന്നിവരാണ് അറസ്റ്റിലായത്.
വ്യാഴാഴ്ച രാത്രിയാണ് സന്ദീപ് കൊല്ലപ്പെട്ടത്. രാത്രി തന്നെ പ്രതികളെപ്പറ്റി പോലീസിന് സൂചന ലഭിച്ചിരുന്നു.തുടര്‍ന്ന് പോലീസ് മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ആണ് പ്രതികള്‍ കുടുങ്ങിയത്.
മുഖ്യപ്രതി ജിഷ്ണു രഘു, നന്ദു , പ്രമോദ് എന്നിവര്‍ ആലപ്പുഴ കരുവാറ്റയിലെ സുഹൃത്തിന്റെ വീട്ടിലായിരുന്നു. കണ്ണൂര്‍ സ്വദേശിയായ മറ്റൊരു പ്രതി മുഹമ്മദ് ഫൈസലിനെ തിരുവല്ലകുറ്റൂരിലെ വാടക മുറിയില്‍ നിന്നാണ് പിടികൂടിയത്. അഭിയെ ഉച്ചയ്ക്ക് എടത്വയില്‍നിന്ന് അറസ്റ്റ് ചെയ്തു .
യുവമോര്‍ച്ച പെരിങ്ങര പഞ്ചായത്ത് കമ്മിറ്റിയുടെ മുന്‍ പ്രസിഡന്റാണ് മുഖ്യപ്രതി ജിഷ്ണു രഘു.
കൊലപാതകം വ്യക്തി വൈരാഗ്യത്തെ തുടര്‍ന്നാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഒന്നാം പ്രതി ജിഷ്ണുവിന് സന്ദീപിനോട് മുന്‍ വൈരാഗ്യം ഉണ്ടായിരുന്നെന്നും ഇത് തീര്‍ക്കാന്‍ വേണ്ടിയാണ് സുഹൃത്തുക്കളെ കൂട്ടി കൊലപാതകം ആസൂത്രണം ചെയ്തതെന്നും  പോലീസ് പറഞ്ഞു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ജിഷ്ണു ജയിലില്‍ വെച്ചാണ് മറ്റ് പ്രതികളെ പരിചപ്പെടുന്നത്. വിവിധ സ്ഥലങ്ങളിലുള്ളവര്‍ക്കായി തിരുവല്ല കുറ്റൂരില്‍ മുറി വാടകയ്ക്ക് എടുത്ത് നല്‍കിയാണ് കൊലപാതകം ആസൂത്രണം ചെയ്തത്. ദിവസവും നാട്ടുകാര്‍ക്കൊപ്പം ചാത്തങ്കരിയിലെ കലുങ്കില്‍ സന്ദീപ് ഇരിക്കാറുണ്ടെന്ന് മനസ്സിലാക്കി പ്രതികള്‍ പിന്തുടര്‍ന്നാണ് ആക്രമണം നടത്തിയതെന്നും പോലീസ് പറഞ്ഞു .
സന്ദീപിന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ച ശേഷം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. പുത്തന്‍പറമ്പില്‍ ബാലന്റെ മകനാണ്. ഭാര്യ സുനിത. അമ്മ ഓമന. മക്കള്‍: നിഹാല്‍ (മൂന്നര), മൂന്നു മാസം പ്രായമുള്ള പെണ്‍കുട്ടിയുണ്ട്.
കൊലപാതകത്തില്‍ പ്രതിഷേധത്തിച്ച് സിപിഎം തിരുവല്ല താലൂക്കില്‍ ഹര്‍ത്താല്‍ ആചരിച്ചു. ആര്‍.എസ്.എസ്.കരുതി കൂടി നടത്തിയ കൊലപാതകമാണിതെന്ന് സി.പി.എം ആരോപിച്ചു.

 

Latest News