Sorry, you need to enable JavaScript to visit this website.

കടുത്ത പരീക്ഷണമാവുന്ന ഐശ്വര്യം

ഏതാനും ദിവസങ്ങൾക്കു മുമ്പ് ഒരു സൃഹൃത്ത് പറഞ്ഞ ഒരു അനുഭവ കഥ ഏറെ പാഠങ്ങൾ ഉൾക്കൊള്ളുന്നതിനാൽ വായനക്കാരുമായി പങ്കുവെക്കട്ടെ.
ഒരു ദീർഘയാത്രയ്ക്കിടയിൽ വാഹനത്തിൽ വെച്ച് മൂന്നു വയസ്സുള്ള ഒരു കുട്ടി ഉമ്മാ എനിക്ക് കഞ്ഞി വേണം എന്ന് ഇടവിട്ട് ഇടവിട്ട് പലവുരു പറയുന്നത് കേട്ട അദ്ദേഹം കൗതുകത്തോടെ ഉമ്മയോട് ചോദിച്ചത്രേ കുട്ടി ഇങ്ങനെ ഇടക്കിടെ കഞ്ഞി കുടിക്കാൻ താൽപര്യം കാണിക്കുന്നതിന്റെ പിന്നിലെ രഹസ്യം എന്താണെന്ന്. അത് കഞ്ഞി കുടിക്കാനുള്ള ഇമ്പം കൊണ്ടല്ല, മറിച്ച് കഞ്ഞി കുടിക്കുമ്പോൾ അവന് മൊബൈൽ ഫോൺ അനായാസേന കളിക്കാൻ കിട്ടുമെന്ന പ്രതീക്ഷയാണ് ഇടയ്ക്കിടെ കഞ്ഞി ചോദിക്കാൻ അവനെ പ്രേരിപ്പിക്കുന്നതെന്നാണത്രേ ഉമ്മ പറഞ്ഞത്! പല വീടുകളിലും ഇളം പ്രായത്തിൽ തന്നെ കുട്ടികൾ ഇങ്ങനെ പല ഉപായങ്ങളും തന്ത്രങ്ങളും ഉപയോഗിച്ച് അമ്മമാരിൽ നിന്ന് സ്മാർട്ട് ഫോൺ എളുപ്പത്തിൽ കൈക്കലാക്കി അവരുടെ അനിതര സാധാരണമായ മിടുക്ക് ഉപയോഗിച്ച് ഇന്റർനെറ്റിൽ ലഭ്യമായ പലതരത്തിലുള്ള ഗെയിമുകൾ കളിച്ചും വീഡിയോകൾ കണ്ടും മൊബൈൽ ഫോണിന് അടിപ്പെടുന്നത് ഒരു നിത്യസംഭവമായി മാറിയിട്ടുണ്ട്. 


തുടക്കത്തിൽ പല അമ്മമാരും പൈതങ്ങളെ ഭക്ഷണം കഴിപ്പിക്കാനും തൽക്കാലം അവരുടെ കരച്ചിലും കടുംപിടിത്തവും ഒഴിവാക്കാനും കുട്ടികൾക്ക് മൊബൈൽ ഫോൺ നൽകി ശീലിപ്പിച്ചതിന്റെ ദുരന്ത ഫലം ഇന്ന് അധിക വീട്ടിലും അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. കൊറോണയുടെ വരവോടെ ഓൺലൈൻ പഠനത്തിന്റെ പേരിൽ ഒരു നിയന്ത്രണവും ഏർപ്പെടുത്താനാവാത്ത വിധത്തിൽ ഒട്ടുമിക്ക വീടുകളിലേയും കുട്ടികൾ മൊബൈൽ ഫോൺ ദുരുപയോഗം ചെയ്യുന്നതിന്റെ സങ്കടക്കഥകളാണ് ഏറെ അമ്മമാർക്കും പറയാനുള്ളത്. 
പ്രായവും പക്വതയുമില്ലാത്ത ഇളംതലമുറയിൽ പെട്ട ഒരുപാട് പേർ നിയന്ത്രണാതീതമായ തരത്തിൽ മൊബൈൽ ഉപയോഗിച്ച് തുടങ്ങിയതിന്റെ കെടുതികൾ ചില്ലറയല്ല.
അധ്യാപകരുടെയും രക്ഷിതാക്കളുടെയും കണ്ണ് വെട്ടിച്ച് അവർ വിഹരിക്കുന്ന കളികളും കാണുന്ന വീഡിയോകളും പലപ്പോഴും അവരെ പഠനത്തിൽ പിന്നോക്കമാക്കുന്നവെന്ന് മാത്രമല്ല, അവരുടെ പെരുമാറ്റത്തിൽ വരെ അവിശ്വസനീയമായ മാറ്റങ്ങൾക്ക് കാരണമാക്കിയിട്ടുണ്ടെന്ന് കാണാം. ഇതിന്റെ ഫലമായി അതീവ ഗുരുതരമായ മാനസിക വൈകല്യങ്ങളിലേക്കും കുറ്റ കൃത്യങ്ങളിലേക്കും കുട്ടികൾ വഴുതി വീണുപോവുന്നുണ്ട്. അതിന്റെ ഭവിഷ്യത്ത് ഏറെ അപകടകരമാണ്.


കുട്ടികളിലെ മൊബൈൽ ദുരുപയോഗം തിരിച്ചറിഞ്ഞ മാതാപിതാക്കൾ അവരിലെ ആവർത്തിക്കുന്ന കുറ്റവാസനകളെ രഹസ്യമാക്കി വെക്കുകയും പല സെന്റിമെന്റ്‌സും പറഞ്ഞ് ഒതുക്കിത്തീർക്കുകയും ചെയ്യുമ്പോൾ ഓർക്കേണ്ട പ്രധാന കാര്യം ഇന്നല്ലെങ്കിൽ നാളെ നിയന്ത്രണാതീതമായ ഒരു ക്രിമിനലായി കുട്ടി മാറിയേക്കാനുള്ള സാധ്യതയ്ക്കാണ് അവർ വെള്ളവും വളവും നൽകുന്നത് എന്നതാണ്. സ്വാധീനിച്ചൊതുക്കലിന്റെ തണലിൽ കുട്ടിയിലെ ക്രിമിനൽ പ്രകൃതം വളർന്ന് വലുതായ കാര്യം കുട്ടികളുടെ ബന്ധുക്കളും മാതാപിതാക്കളും ഏറെ ഞെട്ടലോടെ ഹൃദയം പൊട്ടുമാറ് വേദനയോടെ തിരിച്ചറിയുന്നത് കുട്ടികൾ കൗമാരത്തിൽ എത്തുമ്പോഴാണ്. കളിക്കാൻ ആവശ്യമായ പണമില്ലാതെ വരുമ്പോൾ സ്വന്തം വീട്ടിൽ നിന്നും ബന്ധുവീടുകളിൽ നിന്നും പണം മോഷ്ടിക്കാൻ കുട്ടി പ്രേരിതനാവുന്നു;
ദുഷിച്ച കൂട്ടുകെട്ടുകൾ ചില കുട്ടികളെ ലഹരി ഉപയോഗത്തിലേക്കും മറ്റു അനാശാസ്യ പ്രവർത്തനങ്ങളിലേക്കും എളുപ്പത്തിൽ തള്ളിവിടുന്നു. അന്ധാളിച്ചും തലതല്ലിയും എന്റെ കുട്ടി പാവമാണെന്ന പതിവ് പല്ലവി ആവർത്തിക്കാൻ പറ്റാത്ത വിധത്തിൽ കുട്ടി ഇതിനിടെ ഒരു സാമൂഹ്യ ദ്രോഹിയായി വളർന്നിട്ടുണ്ടാവും.


കൗമാരം കുട്ടികൾക്ക് വന്യമായ പല സ്വപ്‌നങ്ങളും കൗതുകങ്ങളും രൂപപ്പെടുന്ന വേനൽ കിനാവുകളുടെ കാലമാണ്. വളർച്ചയുടെ കാറ്റും കോളും നിറഞ്ഞ ഈ നിർണായക ഘട്ടത്തെ ആരോഗ്യകരമായി അതിജീവിക്കാൻ പ്രാർത്ഥനയോടെയും ഏറെ കരുതലോടെയും രക്ഷിതാക്കൾ അതീവ ജാഗ്രതയോടെ ഇടപെട്ടേ മതിയാവൂ. പല പ്രവാസി രക്ഷിതാക്കളും കൗമാരക്കാരിലെ സവിശേഷമായ സ്വഭാവ വ്യതിയാനങ്ങൾ തിരിച്ചറിഞ്ഞ് അവരിലെ ദൃഷ്പ്രവണതകൾക്ക് തടയിടാനാവാതെ ഉഴലുകയാണ്.
കൗമാര പ്രായക്കാരോട് മനശ്ശാസ്ത്രപരമായ സമീപനം പുലർത്തണം. ആവശ്യത്തിലധികം കാശും സൗകര്യങ്ങളും ഒരുക്കുന്നതും അല്ലെങ്കിൽ അമിതമായ നിയന്ത്രണമേർപ്പെടുത്തിയും സ്ഥിരമായി കുറ്റപ്പെടുത്തിയും അവരെ മാനസികമായി തകർക്കുന്നതും ഭൂഷണമല്ല. കൗമാരക്കാരിൽ പല പെരുമാറ്റ ദൂഷ്യങ്ങളും കണ്ടേക്കാം. കാലേക്കൂട്ടി അവ തിരിച്ചറിഞ്ഞ് ആവശ്യമായ മാർഗനിർദേശങ്ങൾ നൽകി അവരെ വളർത്തിക്കൊണ്ടു വരാൻ രക്ഷിതാക്കളും അധ്യാപകരും ബാധ്യസ്ഥരാണ്. വൈകല്യങ്ങളും കുറ്റവാസനകളും ആവർത്തിക്കപ്പെടുന്ന പ്രകൃതമാണ് കുട്ടിക്കെങ്കിൽ ഒന്നുകിൽ കുട്ടിക്ക് മാനസികമായി എന്തോ അസുഖം ഉണ്ടാവണം, അല്ലെങ്കിൽ സന്താന പരിപാലനത്തിൽ കാര്യമായ എന്തോ തകരാറുണ്ടെന്ന് രക്ഷിതാക്കൾ സ്വയം തിരിച്ചറിയണം. മാത്രമല്ല, കുട്ടിയോടൊപ്പം രക്ഷിതാക്കളും വിദഗ്ധമായ കൗൺസലിംഗിന് വിധേയമാകണം. മക്കളും സമ്പത്തും ഭൗതിക ജീവിതത്തിലെ ഐശ്വര്യമാണെന്ന് പറയുന്ന വേദഗ്രന്ഥം മറ്റൊരിടത്ത് അവ രണ്ടും കടുത്ത പരീക്ഷണങ്ങളാണെന്നും പറയുന്ന കാര്യം നാം വിസ്മരിക്കരുത്. 
 

Latest News