Sorry, you need to enable JavaScript to visit this website.

അക്ഷര വിരുന്നിന് സിംഫണിയുടെ സ്വരശോഭ; ജിദ്ദ കലാസമിതിയുടെ ഡെസേർട്ട് ബീറ്റ്‌സ്'

കീബോർഡിലെ ഇളംപ്രതിഭകളായ വെബ്‌സാൻ ഖാൻ, ഇലാൻ ഖാൻ എന്നിവർക്ക് പി.എം. മായിൻകുട്ടി (മലയാളം ന്യൂസ്), കബീർ കൊണ്ടോട്ടി (ഇന്ത്യൻ മീഡിയാ ഫോറം - ഗൾഫ് തേജസ്സ്), സാദിഖലി തുവ്വൂർ (ഗൾഫ് മാധ്യമം) എന്നിവർ മെമന്റോ നൽകിയ ശേഷം.
'ലോക്ഡൗൺ' എന്ന നോവലിലൂടെ ശ്രദ്ധേയനായ ഹംസ പൊന്മളയെ ജിദ്ദാ കലാസമിതി ആദരിച്ചപ്പോൾ. മുസാഫിർ (മലയാളം ന്യൂസ്) ഹംസക്ക് മെമന്റോ നൽകുന്നു.

ജിദ്ദ കലാസമിതി അരങ്ങൊരുക്കിയ ഡെസേർട്ട് ബീറ്റ്‌സ് സാഹിത്യത്തിന്റേയും സംഗീതത്തിന്റേയും സമന്വയമായി. രാഗസാന്ദ്രമായ അന്തരീക്ഷത്തിൽ എഴുത്തിന്റെ ലോകത്തെ നവാഗതനായ ഹംസ പൊന്മളയെ ആദരിക്കലും കീബോർഡിൽ നാദവിസ്മയം സൃഷ്ടിക്കുന്ന വെബ്‌സാൻ ഖാനും 
റിഥം പാഡിൽ ധ്വനികളുയർത്തുന്ന ഇളയ സഹോദരൻ ഇലാൻ ഖാനും യാത്രാമൊഴി നൽകലും ചേർന്ന വർണാഭമായ ചടങ്ങ് അവിസ്മരണീയ മുഹൂർത്തങ്ങൾ സൃഷ്ടിച്ചു. ഗാനാലാപനവും കൊച്ചുകുട്ടികളുടെ കോൽക്കളിയും ഒപ്പനയും ജിദ്ദയിലെ സഹൃദയരെ ആസ്വാദനത്തിന്റെ പുതിയ മേഖലയിലേക്കുയർത്തി. എല്ലാ അർഥത്തിലും പുതിയൊരു അനുഭവമായിരുന്നു ഡെസേർട്ട് ബീറ്റ്‌സ്. 
കോവിഡിന്റെ അടച്ചിടൽ കാലത്ത് നാല് ചുമരുകൾക്കുള്ളിൽ പല പ്രവാസികളും മൊബൈലിലും സോഷ്യൽ മീഡിയയിലും ജീവിതം തളച്ചിട്ടപ്പോൾ തന്റെ ഒറ്റപ്പെടലിന്റെ അനുഭവങ്ങളിൽ നിന്നും 'ലോക്ഡൗൺ' എന്ന പുസ്തകം എഴുതി മലയാള സാഹിത്യ ലോകത്തെ വിസ്മയിപ്പിച്ച ഹംസ പൊന്മളയെ ജിദ്ദ കലാസമിതി ആദരിച്ചു.  പ്രശസ്ത സാഹിത്യകാരൻ ടി. പത്മനാഭനാണ് നാട്ടിൽ നോവൽ പ്രകാശനം ചെയ്തത്. ചടങ്ങിൽ പങ്കെടുത്ത പ്രശസ്ത സംവിധായകൻ പത്മകുമാർ ഈ കഥ സിനിമയാക്കുമെന്ന് പ്രഖ്യാപിച്ചതോടെ പ്രവാസി എഴുത്തുകാരന്റെ കഴിവ് മലയാള സിനിമയിലും എത്തുകയാണ്. ജിദ്ദാ കലാസമിതിയുടെ ഉപഹാരം മുസാഫിർ (മലയാളം ന്യൂസ്) ഹംസ പൊന്മളക്ക് കൈമാറി. 
എല്ലാ സാധാരണ പ്രവാസികൾക്കും പ്രചോദനവും അഭിമാനവുമാണ് സാധാരണക്കാരനായ ഹംസ പൊന്മളയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 42 വർഷമായി പ്രവാസ ജീവിതം തുടരുന്ന ജിദ്ദയിലെ മലയാളികളുടെ സ്വന്തം കാരണവരും പ്രശസ്ത സംഘാടകനുമായ കെ. അബ്ദുൽ മജീദ് നഹ പരിപാടി ഉദ്ഘാടനം ചെയ്തു. സി.എം. അഹമ്മദ് ആക്കോട് അധ്യക്ഷത വഹിച്ചു.

ഉപരിപഠനാർത്ഥം നാട്ടിലേക്ക് പോകുന്ന കീബോർഡിസ്റ്റുകളായ മാസ്റ്റർ വെബ്‌സാൻ ഖാനും മാസ്റ്റർ ഇലാൻ ഖാനും പരിപാടിയിൽ യാത്രയയപ്പും നൽകി.
ജിദ്ദാ പ്രവാസി സംഗീതാസ്വാദകരെ കീബോർഡിന്റെ മാന്ത്രിക വലയത്തിലെത്തിച്ച ഇരുവർക്കും ഗൾഫ് മാധ്യമം ജിദ്ദ ബ്യൂറോ ചീഫ് സാദിഖലി തുവ്വൂർ ഉപഹാരം നൽകി. കബീർ കൊണ്ടോട്ടി, പി.എം. മായിൻകുട്ടി, (മലയാളം ന്യൂസ്), കെ.എം. കൊടശ്ശേരി, ഹക്കീം പാറക്കൽ, ഷരീഫ് അറക്കൽ, ഗഫൂർ ചാലിൽ, ആലുങ്ങൽ ചെറിയ മുഹമ്മദ്, ഇബ്രാഹിം ഇരിങ്ങല്ലൂർ, ബഷീറലി പരുത്തിക്കുന്നൻ, സലാം അൽ റയാൻ, ഉണ്ണി തെക്കേടത്ത്, സലീനാ മുസാഫിർ, ഇശൽ കലാ വേദി വനിതാ വിംഗ് പ്രസിഡന്റ് ഹസീന തുടങ്ങിയവർ ആശംസ നേർന്നു.
തുടർന്ന് പ്രശസ്ത കൊറിയോഗ്രഫർ നാദിറ ടീച്ചർ അണിയിച്ചൊരുക്കിയ കലാസന്ധ്യയും മുഹമ്മദ് കുട്ടി അരിമ്പ്ര, ജമാൽ പാഷ, ഓമനക്കുട്ടൻ, ഡോക്ടർ മിർസാന ഷാജു, സോഫിയ, മുംതാസ് തുടങ്ങിയവരുടെ ഗാനസന്ധ്യയും അരങ്ങേറി. മുസ്തഫ കുന്നുംപുറം, അബ്ദുറഹ്മാൻ മേക്കമണ്ണിൽ, സമദ് ചോലക്കൽ എന്നിവർ പരിപാടി നിയന്ത്രിച്ചു. ഹസൻ യമഹ അവതാരകനായ പരിപാടിയിൽ യൂസഫ് കോട്ട സ്വാഗതവും മുജീബ് പാക്കട നന്ദിയും പറഞ്ഞു.

Latest News