കുവൈത്ത് സിറ്റി- വിവിധ രാജ്യങ്ങളില്‍ ഒമിക്രോണ്‍ സാന്നിധ്യം സ്ഥിരീകരിച്ചതോടെ ടൂറിസ്റ്റ് വിസ നല്‍കുന്നതിനു കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കുവൈത്ത് തീരുമാനിച്ചു. ടൂറിസ്റ്റ് വിസ അനുവദിക്കുന്നതിന് ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയതോടെ ദിവസം 600ലേറെ അപേക്ഷ ലഭിക്കുന്നുണ്ട്. 53 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണു കുവൈത്ത് ഈ സംവിധാനം അനുവദിച്ചിട്ടുള്ളത്. ഗള്‍ഫ് രാജ്യങ്ങളില്‍ കഴിയുന്ന ചില പ്രൊഫഷനലുകളും ടൂറിസ്റ്റ് വിസക്കായി അപേക്ഷിക്കുന്നുണ്ട്. ഒരാഴ്ചക്കിടെ 1200 ടൂറിസ്റ്റ് വിസയാണ് അനുവദിച്ചിട്ടുള്ളത്. കര്‍ശന നിയന്ത്രണങ്ങള്‍ക്കു വിധേയമായാകും ഇനി വിസ അനുവദിക്കുക.
ഒമിക്രോണ്‍ സാന്നിധ്യം ഗള്‍ഫ് മേഖലയിലും റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നു കൊറോണ വൈറസ് എമര്‍ജന്‍സി കമ്മിറ്റിയുടെ യോഗാനന്തരം സര്‍ക്കാര്‍ വക്താവ് താരീഖ് അല്‍ മുസറം വ്യക്തമാക്കി.
വാക്‌സിന്‍ എടുത്ത സ്വദേശികളും വിദേശികളും ബൂസ്റ്റര്‍ വാക്‌സിന്‍ സ്വീകരിക്കാന്‍ സന്നദ്ധരാകണം. ആരോഗ്യ സുരക്ഷ സംബന്ധിച്ച് അധികൃതര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായി പാലിക്കാനും ശ്രദ്ധിക്കണം. പുതിയ സാഹചര്യത്തില്‍ സമിതി നിരന്തരം യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്താനും തീരുമാനിച്ചിട്ടുണ്ട്.