കോണ്‍ഗ്രസ് ഫ്രീസറിലാണ്, പ്രതിപക്ഷ പാര്‍ട്ടികള്‍ വേറെ വഴിനോക്കുന്നുവെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്

ന്യൂദല്‍ഹി- കോണ്‍ഗ്രസിനു പകരം ദേശീയതലത്തില്‍ മുഖ്യപ്രതിപക്ഷമായി ഉയര്‍ന്നു വരാന്‍ കിണഞ്ഞുപരിശ്രമിക്കുന്ന തൃണമൂല്‍ ആക്രമണം കടുപ്പിക്കുന്നു. കോണ്‍ഗ്രസ് ഫ്രീസറില്‍ മരവിച്ചുപോയിരിക്കുകയാണെന്നും ഈ വിടവ് നികത്താല്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഇപ്പോള്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയിലേക്കാണ് നോക്കുന്നതെന്നും തൃണമൂല്‍ കോണ്‍ഗ്രസ് മുഖപത്രമായ ജാഗോ ബംഗ്ലയില്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തില്‍ പറയുന്നു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ ഉന്നമിട്ട് കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പു തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസിനെ വിമര്‍ശിച്ചതിനു പിന്നാലെയാണ് പുതിയ വിമര്‍ശനം. കോണ്‍ഗ്രസ് നേതൃത്വം എന്നാല്‍ ഒരു വ്യക്തിയുടെ ദൈവദത്ത അവകാശമല്ലെന്നും പ്രതിപക്ഷ നേതൃത്വത്തെ ജനാധിപത്യപരമായി തീരുമാനിക്കണമെന്നും ആയിരുന്നു പ്രശാന്തിന്റെ ട്വീറ്റ്. 

പ്രശാന്ത് കിഷോറിന്റെ വാദത്തേയും ലേഖനം പിന്താങ്ങുന്നുണ്ട്. കിഷോര്‍ മാത്രമല്ല, കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ പാര്‍ട്ടി നേതൃത്വത്തെ വിമര്‍ശിക്കുന്നുണ്ടെന്നും ലേഖനം ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസിന്റെ ശക്തി ക്ഷയിച്ചിട്ടുണ്ടെന്നും ബിജെപിയോട് ഏറ്റുമുട്ടാനുള്ള ശേഷിയില്ലെന്നും വളരെ നേരത്തെ തന്നെ തൃണമൂല്‍ ചൂണ്ടിക്കാട്ടിയതാണ്. പ്രതിപക്ഷത്തെ കെട്ടിപ്പടുക്കാന്‍ സമയമോ ഊര്‍ജമോ ചെലവഴിക്കാനാകാതെ ഉള്‍പ്പാര്‍ട്ടി പോരില്‍ പെട്ടുഴലുകയാണ് കോണ്‍ഗ്രസെന്നും ലേഖനം പറയുന്നു.

യുപിഎ ഇപ്പോള്‍ ഇല്ലെന്ന മമതയുടെ പ്രസ്താവനയോടെയാണ് തൃണൂലിന്റെ കോണ്‍ഗ്രസിനെതിരായ പോര് ഒന്നുകൂടി കടുത്തത്. യുപഎ ഘടകകക്ഷിയായ എന്‍സിപിയുടെ അധ്യക്ഷന്‍ ശരത് പവാറിനെ മുംബൈയിലെത്തി കണ്ടശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് മമത യുപിഎക്കെതിരെ തിരിഞ്ഞത്.
 

Latest News