മുൻ എം.എൽ.എ രാമചന്ദ്രൻനായരുടെ മകന്റെ ആശ്രിത നിയമനം ഹൈക്കോടതി റദ്ദാക്കി

കൊച്ചി- ചെങ്ങന്നൂർ മുൻ എം.എൽ.എ പരേതനായ കെ.കെ. രാമചന്ദ്രൻ നായരുടെ മകൻ ആർ. പ്രശാന്തിന്റെ ആശ്രിത നിയമനം ഹൈക്കോടതി റദ്ദാക്കി. പൊതുമരാമത്ത് വകുപ്പിൽ പ്രത്യേക തസ്തിക സൃഷ്ടിച്ചാണ് എൻജിനീയറിങ് ബിരുദധാരിയായ ആർ. പ്രശാന്തിനെ അസിസ്റ്റന്റ് എൻജിനീയർ തസ്തികയിൽ നിയമിച്ചിരുന്നത്. ഇതിനെതിരെ പാലക്കാട് സ്വദേശി അശോക് കുമാർ നൽകിയ ഹരജിയിലാണ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടത്. എം.എൽ.എ സർക്കാർ ജീവനക്കാരൻ അല്ലെന്നും മകന് ആശ്രിത നിയമനത്തിന് വ്യവസ്ഥയില്ലെന്നും ഹരജിക്കാരൻ വാദിച്ചു. അതേസമയം നിർദിഷ്ട യോഗ്യതയുടെ അടിസ്ഥാനത്തിൽ സർക്കാരിന്റെ പ്രത്യേക അധികാരം ഉപയോഗിച്ചാണ് നിയമനം എന്നായിരുന്നു സർക്കാർ വാദം. 
2018ൽ മന്ത്രിസഭ തീരുമാനിച്ച പ്രകാരമായിരുന്നു പ്രശാന്തിന്റെ നിയമനം. എംഎൽഎയുടെ ആശ്രിതന് ജോലി നൽകിയതിൽ പരാതിക്കാരന് ദോഷമായി ഒന്നുമില്ലെന്നും പൊതുതാൽപര്യ ഹർജി നിലനിൽക്കില്ലെന്നുമായിരുന്നു സർക്കാർ കോടതിയെ അറിയിച്ചത്. ഈ വാദം തള്ളിയാണ് ഹൈക്കോടതിയുടെ നിർണായക ഉത്തരവ്.

Latest News