ജര്‍മനയില്‍ സ്ഥിതി ഗുരുതരം; വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് പൊതുസ്ഥലങ്ങളില്‍ വിലക്ക്

ബെര്‍ലിന്‍- ഒറ്റ ദിവസം 70,000 പുതിയ കോവിഡ് കേസുകള്‍ സ്ഥിരീകരിച്ച ജര്‍മനിയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. വാക്‌സിന്‍ സ്വീകരിക്കാത്തവരെ പാര്‍ക്കുകളിലും സാംസ്‌കാരിക കേന്ദ്രങ്ങളിലും കടകളിലും വിലക്കുമെന്നും വാക്‌സിന്‍ നര്‍ബന്ധമാക്കാന്‍ നിയമം നടപ്പാക്കുന്ന കാര്യം പാര്‍ലമെന്റ് പരിഗണിക്കുമെന്നും ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ പറഞ്ഞു. കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ വര്‍ധിക്കുന്നതോടെ രാജ്യത്ത് ആശുപത്രികള്‍ നിറഞ്ഞു കവിഞ്ഞേക്കുമെന്ന ആശങ്കയകറ്റാന്‍ ഈ നടപടികള്‍ ആവശ്യമാണെന്ന് മെര്‍ക്കല്‍ പറഞ്ഞു. രാജ്യത്തെ സ്ഥിതി ഗുരുതമാണെന്നും അവര്‍ പറഞ്ഞു. സ്‌കൂളുകളില്‍ മാസ്‌ക് നിര്‍ബന്ധമാക്കുന്നതിനോട് ഉദ്യോഗസ്ഥര്‍ക്ക് യോജിപ്പാണ്.  സ്വകാര്യ പരിപാടികളും പരിമിതപ്പെടുത്തും. ഡിസംബര്‍ അവസാനത്തോടെ രാജ്യത്ത് മൂന്ന് കോടി വാക്‌സിന്‍ വിതരണം ചെയ്യുകയാണ് ലക്ഷ്യമെന്നും മെര്‍ക്കല്‍ പറഞ്ഞു. ജര്‍മനിയില്‍ 68.7 ശതമാനം പേരാണ് പൂര്‍ണ വാക്‌സിന്‍ എടുത്തിട്ടുള്ളത്. ചുരുങ്ങിയത് 75 ശതമാനമാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നത്.
 

Latest News