Sorry, you need to enable JavaScript to visit this website.

തൊഴിലാളികൾക്കെതിരെ പ്രതികാരം;  ഗൂഗിളിനെതിരെ കേസ് 

വിവാദ പദ്ധതികൾക്കെതിരെ ജീവനക്കാരെ സംഘടിപ്പിക്കാൻ ശ്രമിച്ചതിന് പുറത്താക്കിയെന്നാരോപിച്ച് മൂന്ന് എൻജിനീയർമാർ ഗൂഗിളിനെതിരെ നിയമ യുദ്ധത്തിൽ. ദുഷ്ടരാകരുത് എന്ന കമ്പനിയുടെ മുദ്രാവാക്യം ലംഘിച്ചുവെന്നാണ് ഇവരുടെ ആരോപണം. 
ഗൂഗിളിന്റെ ക്ലാസിക് മുദ്രവാക്യമായ ദോഷമാകരുത് എന്നത് കേവലം  മന്ത്രം മാത്രമാണെന്നും പ്രയോഗത്തിൽ കൊണ്ടുവരുന്നില്ലെന്നും ഇവർ പരാതിപ്പെടുന്നു. മുൻ എൻജിനീയർമാരായ പോൾ ഡ്യൂക്ക്, റെബേക്ക റിവേഴ്‌സ്, സോഫി വാൾഡ്മാൻ എന്നിവരാണ് കമ്പനിയുടെ പെരുമാറ്റച്ചട്ടത്തിലെ ദോഷമാകരുത് എന്ന ഭാഗം ലംഘിച്ചുവെന്നാരോപിച്ച് ഗൂഗിളിനെതിരെ ഹരജി ഫയൽ ചെയ്തത്. യു.എസ് മുൻ പ്രസിഡന്റ് ട്രംപിന്റെ കാലത്തെ കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ പോലുള്ള   വിവാദ പദ്ധതികളെ പിന്തുണച്ചതിനെതിരെ  തൊഴിലാളികളുടെ പ്രതിഷേധം സംഘടിപ്പിച്ചതിനാണ് ഗൂഗിൾ തങ്ങളെ പുറത്താക്കിയതെന്ന് ഇവർ അവകാശപ്പെടുന്നു. തിന്മ ചൂണ്ടിക്കാണിച്ചതിനാണ് ശിക്ഷിക്കപ്പെട്ടത്.


പ്രശസ്തമായ വാചകം ഗൂഗിൾ നിരസിച്ചതായി മുൻ ജീവനക്കാർ പറയുന്നു. ഗൂഗിൾ തങ്ങളുടെ സമീപനം മാറിയെന്ന് സമ്മതിക്കുകയാണെന്നും ഇതിന്റെ ഭാഗമായുള്ള അനുബന്ധ ആനുകൂല്യങ്ങൾ നൽകുന്നതിനേക്കാൾ  ആളുകളെ പുറത്താക്കുന്നതാണ് നല്ലതെന്ന് ഇന്റർനെറ്റ് സ്ഥാപനം തീരുമാനിച്ചുവെന്നും എൻജിനീയർമാർ ചൂണ്ടിക്കാട്ടി. 
രഹസ്യ സ്വഭാവമുള്ള ഡാറ്റ കരസ്ഥമാക്കുകയും പങ്കിടുകയും ചെയ്തുവെന്നും ഡാറ്റ സുരക്ഷാ നയങ്ങൾ ആവർത്തിച്ച് ലംഘിച്ചുവെന്നുമാണ് തൊഴിലാളികൾക്കെതിരെ ഗൂഗിൾ ഉന്നയിച്ച ആരോപണം.  എന്നാൽ ഇത് പ്രതികാര നടപടിക്കുള്ള  മറ മാത്രമാണെന്ന് തൊഴിലാളികളും ഗൂഗിളിനെതിരായ മറ്റു വിമർശകരും പറഞ്ഞു.
ഗൂഗിളിനെതിരെ വലിയ തോതിലുള്ള ശിക്ഷാ നടപടികൾക്ക് കേസ് കാരണമാകുമെന്ന് കരുതുന്നില്ല. നിയമ യുദ്ധം ഒഴിവാക്കാൻ ഗൂഗിളിൽ വളരയേറെ സമ്മർദമുണ്ട്.  ഒത്തുതീർപ്പ് ഉണ്ടായാലും കമ്പനിയുടെ ധാർമിക മാനദണ്ഡങ്ങളെക്കുറിച്ചുള്ള മറ്റു പരാതികളിലേക്ക് വഴി തുറക്കാവുന്ന സുപ്രധാന കേസായി ഇതു മാറുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.  
 

Latest News