Sorry, you need to enable JavaScript to visit this website.

ഇന്ത്യ - സൗദി സഹകരണത്തിൽ പുതിയ അധ്യായം

ഇലക്ട്രോണിക്‌സ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജി  രംഗത്തെ പരസ്പര സഹകരണം ഇരു രാജ്യങ്ങളിലെയും നിക്ഷേപ വർധനക്കും തൊഴിൽ സാധ്യതകൾക്കും വഴി തെളിയിക്കും. മാത്രമല്ല, നൂതന ആശയങ്ങളുടെയും ഉൽപന്നങ്ങളുടെയും നിർമാണവും കൈമാറ്റവും ഇരു രാജ്യങ്ങളുടെയും സാമ്പത്തിക മേഖലക്ക് ശക്തി പകരുകയും ചെയ്യും.

ഇന്ത്യ - സൗദി സൗഹൃദത്തിന് നൂറ്റാണ്ടുകളുടെ പാരമ്പര്യമുണ്ട്. അത് അനുദിനം ശക്തി പ്രാപിക്കുകയാണ്. പരസ്പര സഹകരണത്തിന്റെ വ്യാപ്തിയും നാൾക്കുനാൾ വർധിക്കുകയാണ്. അതിന് കൂടുതൽ ഊഷ്മളത പകരുന്നതാണ് ഇലക്ട്രോണിക് ഉൽപന്നങ്ങളുടെ നിർമാണത്തിലും ഡിജിറ്റലൈസേഷനിലും പരസ്പരം സഹകരിക്കാനുള്ള ധാരണാ പത്രം ഒപ്പുവെക്കാനുള്ള തീരുമാനം. തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ കഴിഞ്ഞ ദിവസം കൂടിയ പ്രതിവാര മന്ത്രിസഭാ യോഗത്തിലാണ് ഇന്ത്യയുമായുള്ള സഹകരണം പുതിയ മേഖലകളിൽകൂടി വ്യാപിപ്പിക്കാനുള്ള തീരുമാനമെടുത്തത്. സൗദിയിലെ കമ്യൂണിക്കേഷൻസ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയവും ഇന്ത്യയുടെ ഇലക്ട്രോണിക്‌സ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയവും തമ്മിൽ ധാരണാ പത്രം ഒപ്പുവെച്ച് നടപടികളുടെ പൂർത്തീകരണത്തിന് മന്ത്രിസഭ സൗദി കമ്യൂണിക്കേഷൻസ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രിയെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. ഈ രംഗത്തെ പരസ്പര സഹകരണം ഇരു രാജ്യങ്ങളിലെയും നിക്ഷേപ വർധനക്കും തൊഴിൽ സാധ്യതകൾക്കും വഴി തെളിയിക്കും. മാത്രമല്ല, നൂതന ആശയങ്ങളുടെയും ഉൽപന്നങ്ങളുടെയും നിർമാണവും കൈമാറ്റവും ഇരു രാജ്യങ്ങളുടെയും സാമ്പത്തിക മേഖലക്ക് ശക്തി പകരുകയും ചെയ്യും. ഇന്ത്യയുമായുള്ള സൗദിയുടെ സഹകരണത്തിന് കൂടുതൽ വ്യാപ്തിയും ശക്തിയുമുണ്ടാക്കുന്നതിനും ഇതുപകരിക്കും. കാലാനുസൃതമായ മാറ്റങ്ങൾ ഉൾക്കൊള്ളുന്ന വികസന പരിപാടികൾക്കു നിറം ചാർത്താനും പരസ്പര സഹകരണം ഗുണകരമാവും. 


സ്വതന്ത്ര രാഷ്ട്രങ്ങളായി രൂപപ്പെടുന്നതിനു മുമ്പേ തന്നെ ഇരു രാജ്യങ്ങളിലെയും ജനങ്ങൾ സാമൂഹിക, സാംസ്‌കാരിക തലങ്ങളിലും വ്യാപാര, വാണിജ്യ ഇടപാടുകളിലും സഹകരിച്ചിരുന്നു. 1955 മുതൽ ഇരു രാഷ്ട്രങ്ങളിലെയും നേതാക്കളുടെ സന്ദർശനം അതിന് ഊടും പാവും നൽകി. അതു കൂടുതൽ ശക്തി പ്രാപിച്ചത് 2006 ലെ അബ്ദുല്ല രാജാവിന്റെ ഇന്ത്യാ സന്ദർശനത്തോടെയും തുടർന്ന് 2010 ൽ അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ സൗദി സന്ദർശനത്തോടെയുമായിരുന്നു. ഇരു നേതാക്കളുടെയും ചരിത്ര പ്രധാന സന്ദർശനത്തിന്റെ ഫലമായി രൂപപ്പെട്ട ദൽഹി, റിയാദ് പ്രഖ്യാപനങ്ങൾ തന്ത്രപ്രധാനമായ മേഖലകളിലേക്കും സാങ്കേതിക തലത്തിലേക്കുമെല്ലാം പരസ്പര സഹകരണം വ്യാപിപ്പിക്കാൻ ഇടയാക്കുകയായിരുന്നു. പിന്നീട് 2014 ൽ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെയും 2019 ൽ കിരീടാവാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെയും ഇന്ത്യാ സന്ദർശനവും 2016 ലെയും 2019 ലെയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സൗദി സന്ദർശനത്തോടെയും രൂപപ്പെട്ട സ്ട്രാറ്റജിക് പാർട്ണർഷിപ് കൗൺസിൽ (എസ്.പി.സി) ഇരു രാജ്യങ്ങളും തമ്മിലുള്ള പരസ്പര സഹകരണം അത്യുന്നതങ്ങളിലെത്തിക്കുകയായിരുന്നു. പരസ്പര ബന്ധത്തിന്റെ വൈവിധ്യവൽക്കരണം ഇരു രാഷ്ട്രങ്ങളെയും കൂടുതൽ അടിപ്പിച്ചു. സുരക്ഷ, പ്രതിരോധ മേഖലയിലെ സഹകരണത്തിനു പുറമെ സാംസ്‌കാരികം, കൃഷി, ഭക്ഷ്യം, വ്യവസായം, നിർമാണം, അടിസ്ഥാന സൗകര്യ വികസനം, സാങ്കേതികം, ഐ.ടി, ആരോഗ്യം, വിദ്യാഭ്യാസം എന്നുവേണ്ട സർവ മേഖലകളിലേക്കും അതു വ്യാപിച്ചു. അതിന്റെ തുടർച്ചയായാണ് ഇപ്പോൾ ഇലക്ട്രോണിക് ഉൽപന്നങ്ങളുടെ നിർമാണത്തിലും ഡിജിറ്റലൈസേഷനിലും പരസ്പരം സഹകരിക്കാനുള്ള ധാരണ. 


ഇന്ന് ഇന്ത്യയുടെ ഏറ്റവും വലിയ നാലാമത് വാണിജ്യ പങ്കാളിയാണ് സൗദി അറേബ്യ. ഇക്കഴിഞ്ഞ സെപ്റ്റംബറിൽ മാത്രം ഇന്ത്യയുമായി 1280 കോടി റിയാലിന്റെ വ്യാപാര ഇടപാടുകളാണ് സൗദി നടത്തിയത്. ഇതിൽ 980 കോടി റിയാലിന്റെ കയറ്റുമതിയും 300 കോടി റിയാലിന്റെ ഇറക്കുമതിയുമാണ്. സെപ്റ്റംബറിൽ ആകെ 9,467 കോടി റിയാലിന്റെ ഉൽപന്നങ്ങളാണ് വിദേശ രാജ്യങ്ങളിലേക്ക് സൗദി കയറ്റി അയച്ചത്. ഇക്കാലയളവിൽ ഏറ്റവും കൂടുതൽ ഉൽപന്നങ്ങൾ കയറ്റി അയച്ചത് ചൈനയിലേക്കാണ്. ചൈനയിലേക്ക് 1,590 കോടി റിയാലിന്റെ ഉൽപന്നങ്ങൾ കയറ്റി അയച്ചപ്പോൾ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയിലേക്ക് 980 കോടി റിയാലിന്റെ കയറ്റുമതിയാണ് നടത്തിയത്. അതുപോലെ കൂടുതൽ  ഇറക്കുമതി  ചൈനയിൽ നിന്നായിരുന്നുവെങ്കിലും അമേരിക്കക്കും യു.എ.ഇക്കും ശേഷം ഇറക്കുമതിയിൽ നാലാം സ്ഥാനത്തുള്ള ഇന്ത്യയിൽനിന്ന് 300 കോടി റിയാലിന്റെ ഇടപാടുകളാണ് നടത്തിയത്. ചൈനയിൽനിന്ന് 970 കോടി റിയാലിന്റെയും അമേരിക്കയിൽ നിന്ന് 410 കോടി റിയാലിന്റെയും യു.എ.ഇയിൽ നിന്ന് 310 കോടി റിയാലിന്റെയും ഇറക്കുമതിയായിരുന്നു സൗദി നടത്തിയത്. 


ഇറാഖ് കഴിഞ്ഞാൽ സൗദിയിൽനിന്നുമാണ് ഇന്ത്യ ഏറ്റവും കുടുതൽ അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്യുന്നത്. 20-21 സാമ്പത്തിക വർഷം 34.2 മെട്രിക് മില്യൺ ടണ്ണിന്റെ ക്രൂഡ് ഓയിലിന്റെ ഇറക്കുമതിയുണ്ടായി. ഇന്ത്യ ഇറക്കുമതി ചെയ്യുന്ന അസംസ്‌കൃത എണ്ണയുടെ 18.20 ശതമാനം വരുമിത്. ഇന്ത്യയുടെ എൽ.പി.ജി ഇറക്കുമതിയുടെ 22.3 ശതമാനം സൗദിയുടെ സംഭാവനയാണ്. ആരോഗ്യ, വിദ്യാഭ്യാസ രംഗത്തും സാംസ്‌കാരിക വിനിമയ രംഗത്തും ജനങ്ങൾ തമ്മിലുള്ള പരസ്പര സഹകരണത്തിലും ഇരു രാജ്യങ്ങളും തമ്മിൽ പുതിയ അധ്യായങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി  വാക്‌സിൻ മൈത്രി പദ്ധതി പ്രകാരം 4.5 മില്യൺ ഡോസ് വാക്‌സിൻ ആണ് ഇന്ത്യ സൗദിക്കു നൽകിയത്. കോവിഡിന്റെ രണ്ടാം തരംഗത്തിൽ ഇന്ത്യക്കു സഹായവുമായി സൗദിയുമെത്തിയത് പരസ്പര ബന്ധത്തിന്റെ ശക്തിയെയാണ് കാണിക്കുന്നത്. നിരവധി കപ്പലുകളിൽ ലിക്വിഡ് മെഡിക്കൽ ഓക്‌സിജനും ഓക്‌സിജൻ സിലിണ്ടറുകളുമയച്ച് ഇന്ത്യയെ സഹായിക്കുന്നതിന് സൗദിയും തയാറായി.  യോഗ പരിശീലവും കോഴ്‌സുകളുമായി ബന്ധപ്പെട്ട് ഉണ്ടാക്കിയ ധാരണാ പത്രവും ഈ മേഖലയിലെ പരസ്പര സഹകരണത്തിന് പുതിയ വഴി തുറന്നിരിക്കുകയാണ്.

 

കലാ, സാംസ്‌കാരിക വിനിമയത്തിന്റെ കാര്യത്തിലും പരസ്പര സഹകരണത്തിന്റെ നൂതന അധ്യായങ്ങളാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. സിനിമാ മേഖലയിലും സംഗീത മേഖലയിലും പ്രശസ്തരായവരുടെ പരിപാടികൾ സംഘടിപ്പിച്ചും ഈ രംഗവും കൊഴുപ്പിക്കുകയാണ്. റിയാദ് സീസണുമായി ബന്ധപ്പെട്ടുള്ള പരിപാടികളിൽ പങ്കെടുക്കുന്നതിന് ബോളിവുഡ് സൂപ്പർ സ്റ്റാർ സൽമാൻ ഖാന്റെ നേതൃത്വത്തിലുള്ള വലിയൊരു താരനിര തന്നെ അടുത്ത ദിവസം സൗദിയിലെത്തുന്നുണ്ട്.  ഇങ്ങനെ സർവ മേഖലകളിലും ഇന്ത്യ - സൗദി ബന്ധം നാൾക്കുനാൾ പുഷ്പിക്കുകയാണ്.

Latest News