ബി.ജെ.പി സഖ്യത്തെ എതിര്‍ത്തു; അണ്ണാ ഡി.എം.കെ അവസാനത്തെ മുസ്ലിം നേതാവിനേയും പുറത്താക്കി

എ.അന്‍വര്‍ രാജ

ചെന്നൈ- ബി.ജെ.പിയുമായുള്ള സഖ്യത്തെ വിമര്‍ശിച്ചതിനെത്തുടര്‍ന്ന് അണ്ണാ ഡി.എം.കെയുടെ മുതിര്‍ന്ന നേതാവ് എ.അന്‍വര്‍ രാജയെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി. എം.ജി രാമചന്ദ്രന്‍ എ.ഐ.എ.ഡി.എം.കെ രൂപീകരിച്ചതു മുതല്‍ കൂടെയുണ്ടായിരുന്ന രാജ പാര്‍ട്ടിയുടെ ന്യൂനപക്ഷമുഖമായിരുന്നു.  
പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ എല്ലാ ഉത്തരവാദിത്തങ്ങളില്‍ നിന്നും രാജയെ നീക്കിയതായി എഐഎഡിഎംകെ കോര്‍ഡിനേറ്റര്‍ ഒ. പനീര്‍സെല്‍വവും ജോയിന്റ് കോര്‍ഡിനേറ്റര്‍ എടപ്പാടി കെ പളനിസ്വാമിയും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.
1960 കളില്‍ ഡിഎംകെയില്‍ ചേര്‍ന്ന രാജ എ.ഐ.എ.ഡി.എം.കെ രൂപീകരിച്ചപ്പോള്‍ അതിലേക്ക് മാറുകയായിരുന്നു.
ബി.ജെ.പിയുമായുള്ള ബന്ധത്തെച്ചൊല്ലി എഐഎഡിഎംകെയില്‍ ആഭ്യന്തര കലഹം തുടരുകയാണ്. പാര്‍ട്ടിയില്‍ അവശേഷിക്കുന്ന ഒരേയൊരു മുതിര്‍ന്ന മുസ്ലിം നേതാവായ അന്‍വര്‍ രാജയെ നീക്കം ചെയ്യാന്‍ പ്രേരിപ്പിച്ചത് പളനിസ്വാമി-പനീര്‍സെല്‍വം പക്ഷങ്ങള്‍ തമ്മിലുള്ള പോരാണെന്നും പറയുന്നു.  രാജ പനീര്‍സെല്‍വത്തെയാണ് പിന്തുണച്ചിരുന്നത്.  
രാജയെ നീക്കം ചെയ്തതോടെ മുസ്‌ലിംകളില്ലാത്ത പാര്‍ട്ടിയായി മാറിയിരിക്കയാണെന്ന്  എഐഎഡിഎംകെയുടെ മുതിര്‍ന്ന നേതാക്കളില്‍ ചിലര്‍ പ്രതികരിച്ചു.  ജില്ലാ നേതാക്കളുടെ യോഗങ്ങളില്‍ അന്‍വര്‍ രാജ പളനിസ്വാമിയെ വിമര്‍ശിച്ചിരുന്നു. ബി.ജെ.പിയുമായുള്ള സഖ്യത്തോടുള്ള അദ്ദേഹത്തിന്റെ കടുത്ത എതിര്‍പ്പാണ് ഒടുവില്‍ നടപടിയിലെത്തിച്ചത്.  നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ തോല്‍വിക്ക് കാരണം ബി.ജെ.പി സഖ്യമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.
കഴിഞ്ഞ മേയില്‍ പാര്‍ട്ടി നേതാവ് നിലോഫര്‍ കഫീലിനെതിരെയും എഐഎഡിഎംകെ നടപടിയെടുത്തിരുന്നു.
ജയലളിത ജീവിച്ചിരുന്നപ്പോള്‍ ന്യൂനപക്ഷങ്ങള്‍ എഐഎഡിഎംകെയെ പിന്തുണക്കാന്‍ കാരണം ഈ നേതാക്കളായിരുന്നു പളനിസ്വാമി മുഖ്യമന്ത്രിയായതിന് ശേഷം കാര്യങ്ങളെല്ലാം മാറിമറിഞ്ഞു- രാജയെ അനുകൂലിക്കുന്ന ഒരു നേതാവ് പറഞ്ഞു.
ജയലിതയുടെ മരണശേഷം എഐഎഡിഎംകെയില്‍  മേധാവിത്വം നേടിയ പളനിസ്വാമിയുടെ കീഴില്‍ പാര്‍ട്ടി ബിജെപിയുമായി കൂടുതല്‍ അടുക്കുകയായിരുന്നു.
ജയില്‍ മോചിതയായത് മുതല്‍ എഐഎഡിഎംകെയുടെ നിയന്ത്രണം തിരിച്ചുപിടിക്കാന്‍ ശ്രമിക്കുന്ന ശശികലയുമായി അടുത്തുവെന്ന് കരുതുന്ന പനീര്‍സെല്‍വമാണ് പളനിസ്വാമി ഗ്രൂപ്പിന് എതിരാളി. രാജക്കെതിരായ നടപടിയെ പനീര്‍സെല്‍വം എതിര്‍ത്തതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

 

Latest News