മക്ക - ഉംറ വിസകളില്‍ വിദേശങ്ങളില്‍ നിന്ന് എത്തുന്ന തീര്‍ഥാടകര്‍ക്ക് സൗദിയില്‍ 30 ദിവസം വരെയാണ് താമസിക്കാന്‍ അനുമതിയുള്ളതെന്ന് ഹജ്, ഉംറ മന്ത്രാലയം പറഞ്ഞു.
ആരോഗ്യ മന്ത്രാലയ വ്യവസ്ഥകള്‍ പ്രകാരം പതിനെട്ടും അതില്‍ കൂടുതലും പ്രായമുള്ളവര്‍ക്ക് ഉംറ വിസയില്‍ രാജ്യത്തെത്താവുന്നതാണ്. വിദേശങ്ങളില്‍ നിന്നെത്തുന്ന, പതിനെട്ടില്‍ കുറവ് പ്രായമുള്ളവര്‍ക്ക് ഉംറ നിര്‍വഹിക്കാന്‍ അനുമതി നല്‍കില്ല.
ഉംറ വിസകളില്‍ വിദേശങ്ങളില്‍ നിന്ന് എത്തുന്ന എല്ലാവരും രണ്ടു ഡോസ് വാക്സിന് സ്വീകരിച്ചിരിക്കണമെന്ന് വ്യവസ്ഥയുണ്ട്. സൗദി അറേബ്യയുടെ അംഗീകാരമുള്ള വാക്സിന് ഡോസുകള്‍ പൂര്‍ണമായി സ്വീകരിച്ച് സൗദിയിലെത്തുന്ന വിദേശ തീര്‍ഥാടകര്‍ക്ക് ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈന് പാലിക്കാതെ നേരിട്ട് ഉംറ നിര്‍വഹിക്കാവുന്നതാണ്.
സൗദി അറേബ്യയുടെ അംഗീകാരമില്ലാത്ത, ലോകാരോഗ്യ സംഘടന അംഗീകാരമുള്ള വാക്സിനുകള്‍ സ്വീകരിച്ച് സൗദിയിലെത്തുന്ന ഉംറ തീര്‍ഥാടകര്‍ക്ക് മൂന്നു ദിവസം ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈന് ബാധകമാണ്. 48 മണിക്കൂര്‍ ക്വാറന്റൈന് പൂര്‍ത്തിയാക്കിയ ശേഷം പി.സി.ആര് പരിശോധന നടത്തി നെഗറ്റീവ് ഫലം ലഭിച്ചാല്‍ ഇവര്‍ക്കും ഉംറ നിര്‍വഹിക്കാവുന്നതാണെന്നും ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. കൊറോണ വ്യാപനം തടയാന്‍ ശ്രമിച്ച് ബാധകമാക്കിയ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി നേരത്തെ വിദേശ ഉംറ തീര്‍ഥാടകരുടെ സൗദിയിലെ പരമാവധി താമസ കാലം പത്തു ദിവസമായി ഹജ്, ഉംറ മന്ത്രാലയം നിര്‍ണയിച്ചിരുന്നു.






