ഭാര്യ ഭക്ഷണത്തില്‍ ആര്‍ത്തവ രക്തം കലര്‍ത്തി; ഭര്‍ത്താവിന്റെ പരാതി പരിശോധിക്കാന്‍ മെഡിക്കല്‍ ബോര്‍ഡ്

ഗാസിയാബാദ്- ഭാര്യ ഭക്ഷണത്തില്‍ ആര്‍ത്തവ രക്തം കലര്‍ത്തി നല്‍കിയെന്ന പരാതിയില്‍ അന്വേഷണത്തിനായി നാലംഗ മെഡിക്കല്‍ ബോര്‍ഡ് രൂപവത്കരിച്ചു. ഒരുവര്‍ഷം മുമ്പ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറിലാണ് പോലീസിന്റെ ആവശ്യപ്രകാരം മെഡിക്കല്‍ ബോര്‍ഡിനു രൂപം നല്‍കിയത്. ജനറല്‍ ഫിസിഷ്യന്‍, ഗൈനക്കോളജിസ്റ്റ്, പാത്തോളജിസ്റ്റ്, ഓര്‍ത്തോപീഡിക്ക് സര്‍ജന്‍ എന്നിവരാണ് അംഗങ്ങള്‍.  

കഴിഞ്ഞ വര്‍ഷം ജൂണ്‍ 12 നാണ് ഭാര്യയും അവരുടെ മാതാപിതാക്കളും ഭക്ഷണത്തില്‍ ആര്‍ത്തവ രക്തം കലര്‍ത്തി നല്‍കിയെന്ന പരാതിയുമായി ഗാസിയാബാദ് സ്വദേശി പോലീസിനെ സമീപിച്ചത്. ഈ ഭക്ഷണം കഴിച്ചതോടെ തനിക്ക് അണുബാധയുണ്ടായെന്നും ആരോപിച്ച പരാതിക്കാരന്‍  തെളിവായി  മെഡിക്കല്‍ റിപ്പോര്‍ട്ടുകളും സമര്‍പ്പിച്ചിരുന്നു.

ഭര്‍ത്താവിന്റെ മാതാപിതാക്കളോടൊപ്പമായിരുന്നു ദമ്പതികളുടെ താമസം. മാറിത്താമസിക്കാന്‍ ഭാര്യ നിരന്തരം ആവശ്യപ്പെട്ടെങ്കിലും ഭര്‍ത്താവ് സമ്മതിച്ചിരുന്നില്ല. തുടര്‍ന്ന് വഴക്ക് പതിവായിരുന്നു. 2015 ലാണ് പരാതിക്കാരന്‍ വിവാഹിതനായത്.  ഒരു മകനുണ്ട്.

വഴക്ക് പതിവായതോടെ ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ വീട്ടില്‍നിന്ന് താമസം മാറി. ഇതിനു പിന്നാലെയാണ് രാത്രി കഴിക്കാന്‍ നല്‍കിയ ഭക്ഷണത്തില്‍ ആര്‍ത്തവ രക്തം കലര്‍ത്തിയത്. ഭാര്യയും അവരുടെ മാതാവും തമ്മില്‍ ഇക്കാര്യത്തെക്കുറിച്ച് സംസാരിക്കുന്ന ഫോണ്‍കോള്‍ താന്‍ റെക്കോഡ് ചെയ്തിട്ടുണ്ടെന്നും പരാതിക്കാരന്‍ അവകാശപ്പെട്ടിരുന്നു. ഭാര്യയുടെ മാതാപിതാക്കളും സഹോദരനുമാണ് ഭക്ഷണത്തില്‍ രക്തം കലര്‍ത്തിയതിന് പിന്നിലെന്നും തനിക്കെതിരെ ദുര്‍മന്ത്രവാദം നടത്താന്‍ ഇവര്‍ ഭാര്യയെ പ്രേരിപ്പിച്ചുവെന്നും പരാതിയിലുണ്ട്.
ക്രിമിനല്‍ ഗൂഢാലോചന, വിഷവസ്തുക്കള്‍ ഉപയോഗിച്ചുള്ള ആക്രമണം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് പോലീസ് കേസെടുത്തിരുന്നത്. പരാതിക്കാരന്‍ ഹാജരാക്കിയ റിപ്പോര്‍ട്ടുകള്‍ മെഡിക്കല്‍ ബോര്‍ഡ് പരിശോധിക്കും.

 

Latest News