ന്യൂദല്‍ഹി- കോവിഡിന്റെ ഒമിക്രോണ്‍ വകഭേദത്തെ ചൊല്ലി ലോകമെമ്പാടും ആശങ്ക തുടരുന്നതിനിടെ, ഇന്ത്യയിലെത്തുന്ന അന്താരാഷ്ട്ര യാത്രക്കാര്‍ക്കായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നാളെ പ്രാബല്യത്തില്‍ വരും. അപകടസാധ്യതയുള്ള രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ എയര്‍പോര്‍ട്ടിലെത്തിയാല്‍ കോവിഡ് ടെസ്റ്റ് നടത്തി ഫലം വരുന്നതുവരെ വിമാനത്താവളത്തില്‍ കാത്തിരിക്കണം.
ഒമിക്രോണ്‍ വൈറസിനെതിരേ രാജ്യത്ത് കര്‍ശന പ്രതിരോധമാണ് ഒരുക്കിയിരിക്കുന്നത്. ഒമിക്രോണ്‍ വകഭേദത്തെ ചെറുക്കാന്‍ രാജ്യം സുസജ്ജമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ പാര്‍ലമെന്റില്‍ വ്യക്തമാക്കി.
സംശയം തോന്നുന്ന സാമ്പിളുകള്‍ വിദഗ്ദമായ ജനിതക ശ്രേണീകരണ പരിശോധനക്ക് വിധേയമാക്കുന്നുണ്ട്. കോവിഡ് വൈറസിനെതിരായ ചെറുത്തു നില്‍പ്പില്‍ രാജ്യം കഴിഞ്ഞ നാളുകളില്‍ നിരവധി കാര്യങ്ങള്‍ പരിശീലിച്ചിട്ടുണ്ട്. നിലവില്‍ കോവിഡ് പരിശോധനക്കും അനുബന്ധ നടപടികള്‍ക്കുമായി അനേകം ലാബുകളും മറ്റു സംവിധാനങ്ങളും നിലവിലുള്ളതിനാല്‍ വൈറസിനെ ചെറുക്കാന്‍ രാജ്യം സജ്ജമാണെന്ന് മന്ത്രി വ്യക്തമാക്കി.
ദല്‍ഹി വിമാനത്താവളങ്ങളില്‍ യാത്രക്കാര്‍ക്കായുള്ള കാത്തിരിപ്പു കേന്ദ്രങ്ങളില്‍ സാമൂഹിക അകലം പാലിച്ചു കൊണ്ടുള്ള പുതിയ ഇരിപ്പിടങ്ങള്‍ സജ്ജമാക്കി. അപകട സാധ്യതയുള്ള രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ വിമാനത്താവളങ്ങളില്‍ തന്നെ ആര്‍ടിപിസിആര്‍ പരിശോധന നടത്തണം. പരിശോധന ഫലം വന്ന ശേഷമേ വിമാനത്താവളം വിട്ടു പോകാവൂ. യാത്രക്കാര്‍ പരിശോധനകള്‍ക്കും അനുബന്ധ നടപടികള്‍ക്കുമായി ആറു മണിക്കൂര്‍ വിമാനത്താവളത്തില്‍ തന്നെ ചെലവഴിക്കേണ്ടി വരും.
ഇവര്‍ ഏഴു ദിവസം വീടുകളില്‍ ക്വാറന്റൈനില്‍ കഴിയണം. എട്ടാം ദിവസം വീണ്ടും പരിശോധന നടത്തണം. ക്വാറന്റൈന്‍ ഉറപ്പു വരുത്താന്‍ ബന്ധപ്പെട്ട അധികൃതര്‍ വീടുകള്‍ സന്ദര്‍ശിക്കണം. വിദേശത്ത് നിന്നെത്തി പോസിറ്റീവാകുന്നവരെ ഐസൊലേഷനിലേക്ക് മാറ്റി ചികിത്സ നല്‍കും. പോസിറ്റീവാകുന്ന സാമ്പിളുകള്‍ ഇന്ത്യന്‍ സാര്‍സ് കോവിഡ് ജീനോമിക് നെറ്റ് വര്‍ക്ക് എന്ന പേരില്‍ രാജ്യമൊട്ടാകെ സജ്ജീകരിച്ചിടുള്ള ലാബുകളുടെ ശൃംഘലയിലേക്ക് വിദഗ്ധ പരിശോധനക്കായി അയക്കും.
സംസ്ഥാനങ്ങള്‍ ഇവരുടെ സമ്പര്‍ക്ക പരിശോധന നടത്തി 14 ദിവസത്തോളം നിരീക്ഷിക്കണം. ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, ബ്രസീല്‍, ബംഗ്ലാദേശ്, ബോട്സ്വാന, മൗറീഷ്യസ്, ചൈന, ന്യൂസീലാന്‍ഡ്, സിംബാബ്‌വേ, സിംഗപ്പൂര്‍, ഹോംകോംഗ്, ഇസ്രായില്‍, 44 യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവയെ അപകട സാധ്യത രാജ്യങ്ങളുടെ പട്ടികയില്‍ പെടുത്തി.
എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പരിശോധന വര്‍ദ്ധിപ്പിക്കണമെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ പറഞ്ഞു. കോവിഡ് പ്രതിരോധ രംഗത്തെ സര്‍ക്കാരിന്റെ നയങ്ങളായ പരിശോധന, കണ്ടെത്തല്‍, ചികിത്സ, വാക്‌സിന്‍ എന്നിവ സംസ്ഥാനങ്ങള്‍ കര്‍ശനമായി പാലിക്കണം. വൈറസിന്റെ സാന്നിധ്യം കൂടുതലായി കണ്ടെത്തുന്ന സ്ഥലങ്ങളെ ഹോട്ട്‌സ്‌പോട്ടുകളായി പരിഗണിച്ച് സുരക്ഷാ ക്രമീകരണങ്ങള്‍ കൂടുതല്‍ ശക്തമാക്കണം.
ആരോഗ്യ മന്ത്രാലയത്തിന്റെ വിവരങ്ങള്‍ അനുസരിച്ച് നിലവില്‍ യൂറോപ്പ്, ദക്ഷിണാഫ്രിക്ക, ബ്രസീല്‍, ബംഗ്ലാദേശ്, ബോട്‌സ്വാന, ചൈന, മറീഷ്യസ് ന്യൂസിലന്റ, സിംഗപ്പൂര്‍, സിംബാബ്‌വെ, ഹോംഗ് കോംഗ്, ഇസ്രായില്‍ തുടങ്ങിയ 26 രാജ്യങ്ങള്‍ വൈറസ് സാന്നിധ്യം കണ്ടെത്തിയ രാജ്യങ്ങളുടെ പട്ടികയിലുണ്ട് ഇവിടങ്ങളില്‍ നിന്നും എത്തിയ നിരവധി യാത്രക്കാര്‍ കോവിഡ് പോസിറ്റീവ് ആണെന്നു കണ്ടെത്തി. പക്ഷേ, ആരിലും ഒമിക്രോണ്‍ വൈറസിന്റെ സാന്നിധ്യം ഇതുവരെ കണ്ടെത്തിയിട്ടില്ല. കോവിഡ് പ്രതിരോധ രംഗത്ത് പുതിയ വെല്ലുവിളികള്‍ ഉയര്‍ത്തുന്ന ഒമിക്രോണ്‍ വൈറസിന് 50ല്‍ അധികം വകഭേദങ്ങള്‍ ഉള്ളതായാണ് ലോകാരോഗ്യ സംഘടന നല്‍കുന്ന വിവരം. നിലവിലെ വാക്‌സിനുകള്‍ പുതിയ വകഭേദത്തിനെതിരെ എത്രത്തോളം ഫലപ്രദമാകുമെന്ന പഠനങ്ങള്‍ നടക്കുന്നതേയുള്ളൂ.






