മഴവെള്ളം ചവിട്ടാന്‍ വിസമ്മതിച്ച് എം.പി, വിവാദമായി വീഡിയോ

ചെന്നൈ- മഴവെള്ളത്തില്‍ ചവിട്ടാതിരിക്കാന്‍ കസേരകള്‍ നിരത്തിയിട്ട് അതിനുമുകളില്‍ ചവിട്ടി നീങ്ങുന്ന പാര്‍ലമെന്റംഗത്തിന്റെ വീഡിയോ വൈറലായി. തമിഴ്‌നാട്ടില്‍നിന്നുള്ള എം.പി തോള്‍ തിരുമാവളവനാണ് സംസ്ഥാനത്ത് ചെന്നൈ നഗരത്തിലടക്കം ആളുകള്‍ മഴക്കെടുതി നേരിടുമ്പോള്‍ വിമര്‍ശനത്തിനിരയായത്.

കസേരകളില്‍ ചവിട്ടി നടക്കുന്ന എം.പിയെ പിന്നീട് അണികള്‍ വലിച്ചുകൊണ്ടുപോകുന്നതും ദൃശ്യങ്ങളില്‍ കാണാം. ജാതി സംഘടനയായ വിടുതലൈ ചിരുതൈകള്‍ കച്ചി (വിസികെ) യുടെ തലവനായ ഇദ്ദേഹം പിന്നീട് ആഡംബര എസ്.യു.വിയില്‍ കയറി എയര്‍പോര്‍ട്ടിലേക്ക് പോകുന്നു.  

തമിഴ്‌നാടിന്റെ പല ഭാഗങ്ങളിലും കഴിഞ്ഞ ദിവസങ്ങളില്‍ വെള്ളപ്പൊക്കം സാധാരണക്കാര്‍ക്ക് വലിയ ദുരിതമാണ് നല്‍കിയത്. അതേസമയം, ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധി കണങ്കാലോളം താഴ്ചയുള്ള മഴവെള്ളത്തില്‍ കാലുകുത്താനും തന്റെ ഷൂസും കാലുകളും വസ്ത്രങ്ങളും നനക്കാന്‍ പോലും വിസമ്മതിക്കുന്നുവെന്നാണ് വിമര്‍ശകര്‍ ആരോപിക്കുന്നത്.

ചെന്നൈയിലെ വേളാച്ചേരിയിലുള്ള എം.പിയുടെ വസതിയില്‍ നിന്നുള്ളതാണ് പ്രചിരിക്കുന്ന വീഡിയോ ക്ലിപ്പ്. മഴവെള്ളം നിറഞ്ഞതും വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശവുമാണിത്.

പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിനായി ദല്‍ഹിയിലെത്താനാണ് എം.പി വിമാനത്താവളത്തിലേക്ക് പോയത്. ആളുകള്‍ പ്രചരിപ്പിക്കുന്ന വീഡിയോയില്‍ എം.പിയുടെ പാര്‍ട്ടിയുടെ ഐ.ടി വിഭാഗത്തിന്റെ വാട്ടര്‍മാര്‍ക്കുമുണ്ടെന്നുള്ളതാണ് മറ്റൊരു തമാശ.

 

Latest News