Sorry, you need to enable JavaScript to visit this website.

സൗദിയില്‍ വനിതകളടക്കം വിദേശികള്‍ക്ക് മര്‍ദനം; അധികൃതര്‍ ഇടപെട്ടു

റിയാദ് - ഹഫര്‍ അല്‍ബാത്തിനില്‍ റിക്രൂട്ട്‌മെന്റ് ഓഫീസില്‍ വെച്ച് വനിതകള്‍ അടക്കമുള്ള ഒരു കൂട്ടം വിദേശ തൊഴിലാളികളെ ആക്രമിച്ച സൗദി പൗരനെയും വിദേശിയെയും അറസ്റ്റ് ചെയ്യാന്‍ പബ്ലിക് പ്രോസിക്യൂഷന്‍ ഉത്തരവിട്ടു. വിദേശികളെ രണ്ടു പേര്‍ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇത് ശ്രദ്ധയില്‍ പെട്ടാണ് പ്രതികളെ എത്രയും വേഗം തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യാന്‍ പബ്ലിക് പ്രോസിക്യൂഷന്‍ ഉത്തരവിട്ടത്. ഇരുവര്‍ക്കും നിയമം അനുശാസിക്കുന്ന ഏറ്റവും കടുത്ത ശിക്ഷകള്‍ വിധിക്കാന്‍ കോടതിയില്‍ സമര്‍പ്പിക്കുന്ന കുറ്റപത്രത്തില്‍ ആവശ്യപ്പെടുമെന്നും പബ്ലിക് പ്രോസിക്യൂഷന്‍ വൃത്തങ്ങള്‍ പറഞ്ഞു.


സ്വന്തം സ്‌പോണ്‍സര്‍ഷിപ്പില്‍  തൊഴിലാളികളെ റിക്രൂട്ട് ചെയ്തുകൊണ്ടുവന്ന് താല്‍ക്കാലിക കരാര്‍ അടിസ്ഥാനത്തില്‍ മറ്റുള്ളവര്‍ക്ക് കൈമാറുന്ന (മാന്‍പവര്‍ സപ്ലൈ) മേഖലയില്‍ പ്രവര്‍ത്തിക്കുന്ന റിക്രൂട്ട്‌മെന്റ് ഓഫീസ് ഉടമയും സ്ഥാപനത്തിലെ ജീവനക്കാരനും ചേര്‍ന്നാണ് വിയോജിപ്പുകളുടെ പേരില്‍ വേലക്കാരികള്‍ അടക്കമുള്ള തൊഴിലാളികളെ ആക്രമിച്ചതെന്നാണ് വിവരം.

സംഭവത്തില്‍ ഹഫര്‍ അല്‍ബാത്തിനിലെ റിക്രൂട്ട്‌മെന്റ് ഓഫീസിന്റെ ലൈസന്‍സ് പിന്‍വലിച്ചതായി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.
തൊഴില്‍ നിയമവും നിയമാവലിയും ലംഘിച്ചതിനാണ് സ്ഥാപനത്തിന്റെ ലൈസന്‍സ് പിന്‍വലിച്ചത്. മറ്റു നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് സ്ഥാപനത്തിനെതിരായ കേസ് സുരക്ഷാ വകുപ്പുകള്‍ക്ക് കൈമാറിയിട്ടുണ്ട്.

 

 

Latest News