Sorry, you need to enable JavaScript to visit this website.

പ്രതിസന്ധിയിലായ സഹകരണം

കേരളത്തിലെ സാമ്പത്തിക മേഖലയിൽ നിർണായക പങ്കുവഹിക്കുന്ന സഹകരണ ബാങ്കുകൾ വലിയ പ്രതിസന്ധിയെയാണ് ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്നത്. സഹകരണ ബാങ്കുകളുടെ പ്രവർത്തനങ്ങൾക്കെതിരെ കർശന നിർദേശവുമായി റിസർവ് ബാങ്ക് രംഗത്തെത്തിയതോടെ  പ്രവർത്തന രീതിയാകെ മാറ്റേണ്ട അവസ്ഥ വന്നിരിക്കുന്നു.
കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങൾ കൈയടക്കി വെച്ചിരിക്കുന്ന രാഷ്ട്രീയ കക്ഷികൾക്കും വലിയ തിരിച്ചടിയാണ് റിസർവ് ബാങ്കിന്റെ തീരുമാനം സൃഷ്ടിക്കുന്നത്. കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങളിൽ 70 ശതമാനവും സി.പി.എമ്മിന്റെ നിയന്ത്രണത്തിലാണ്. അതുകൊണ്ട് തന്നെ റിസർവ് ബാങ്കിന്റെ നിയന്ത്രണങ്ങളെ മറികടക്കാൻ സുപ്രീം കോടതിയെ സമീപിക്കാനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം.
സഹകരണ സംഘങ്ങൾ യാതൊരു കാരണവശാലും ബാങ്ക്, ബാങ്കിംഗ്, ബാങ്കർ എന്നീ പദങ്ങൾ ഉപയോഗിക്കാൻ പാടില്ലെന്നും വോട്ടവകാശമുള്ള അംഗങ്ങളിൽ നിന്ന് മാത്രമേ നിക്ഷേപം സ്വീകരിക്കാൻ പാടുള്ളൂവെന്നും അംഗങ്ങൾക്കിടയിൽ മാത്രമേ വായ്പയടക്കമുള്ള പണമിടപാടുകൾ നടത്താൻ പാടുള്ളൂവെന്നുമാണ് റിസർവ് ബാങ്കിന്റെ തീരുമാനം. അല്ലാതെ പ്രവർത്തിക്കുന്ന സഹകരണ സംഘങ്ങൾക്കെതിരെ ബാങ്കിംഗ് നിയന്ത്രണ ആക്ട് പ്രകാരം നടപടികൾ സ്വീകരിക്കാൻ റിസർവ് ബാങ്കിന് അധികാരമുണ്ട്. 


കഴിഞ്ഞ വർഷം സെപ്റ്റംബറിൽ തന്നെ ഇത് സംബന്ധിച്ച് റിസർവ് ബാങ്ക് ഉത്തരവിറക്കിയിരുന്നു. എന്നാൽ കേരളത്തിലെ സഹകരണ ബാങ്കുകൾ ഈ ഉത്തരവിനെ പാടെ അവഗണിക്കുകയാണ് ചെയ്തത്. ഇതേത്തുടർന്ന് താക്കീതിന്റെ രൂപത്തിൽ റിസർവ് ബാങ്ക് വീണ്ടും ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസം ഉത്തരവ് പുറപ്പെടുവിച്ചിരിക്കുകയാണ്.
റിസർവ് ബാങ്കിന്റെ ഉത്തരവ് കേരളത്തിലെ സഹകരണ മേഖലയെ വളരെയധികം പ്രതികൂലമായി ബാധിക്കുമെന്ന കാര്യം ഉറപ്പാണ്.  ദേശസാൽക്കൃത ബാങ്കുകളോടും വൻകിട സ്വകാര്യ ബാങ്കുകളോടും കിടപിടിക്കുന്ന രീതിയിലാണ് കേരളത്തിൽ സഹകരണ ബാങ്കുകളുടെ പ്രവർത്തനം.
കേരളത്തിൽ 1625 സഹകരണ ബാങ്കുകളാണുള്ളത്. അതിൽ വലിയൊരു ശതമാനവും വലിയ തോതിലുള്ള നിക്ഷേപം അടിസ്ഥാനമാക്കി  ആധുനിക ബാങ്കിംഗ് രീതിയിലുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്നവയാണ്. ഇതിനു പുറമെ 15,000 ത്തിൽ അധികം വരുന്ന സഹകരണ സംഘങ്ങളിൽ ബാങ്കിംഗ് പ്രവർത്തനം നടത്തുന്ന നിരവധി സംഘങ്ങളുണ്ട്. ഇതിന്റെയെല്ലാം പ്രവർത്തനങ്ങളെ റിസർവ് ബാങ്കിന്റെ ഉത്തരവ് ബാധിക്കും.

കേരളത്തിലെ സഹകരണ നിയമം അനുസരിച്ച് മാത്രമാണ് സഹകരണ ബാങ്കുകൾ ഇവിടെ പ്രവർത്തിക്കുന്നത്. സഹകരണ നിയമം അനുസരിച്ച് സഹകരണ സംഘത്തിലെ അംഗങ്ങൾ തമ്മിൽ മാത്രമേ പണമിടപാടുകൾ പാടുള്ളൂ. എന്നാൽ ദേശസാൽക്കൃത ബാങ്കുകളുടേതിന് സമാനമായ പ്രവർത്തനങ്ങളാണ് സഹകരണ ബാങ്കുകൾ നടത്തുന്നത്. അതിന് റിസർവ് ബാങ്കിന്റെ അനുമതി വേണമെന്ന് നിയമത്തിൽ പറയുന്നുണ്ട്.
സഹകരണ ബാങ്കുകളിലും സഹകരണ സംഘങ്ങളിലും അമിതമായ രാഷ്ട്രീയ താൽപര്യം ഉടലെടുക്കുന്നതാണ് പലപ്പോഴും ബാങ്കിംഗ് നിയമം നോക്കുകുത്തിയാകുന്നതിന് കാരണം. രാഷ്ട്രീയമായ അധികാരം നഷ്ടപ്പെടാതിരിക്കുന്നതിനായി ഒരു വിഭാഗം അംഗങ്ങളെ മാത്രം വോട്ടവകാശമുള്ള അംഗങ്ങളാക്കി മാറ്റുകയും മറ്റുള്ളവരെയെല്ലാം വോട്ടവകാശമില്ലാത്ത അംഗങ്ങളാക്കി മാറ്റി പണമിടപാടുകൾ നടത്തുകയുമാണ് ചെയ്യുന്നത്. ഇതിലൂടെ ബാങ്ക് രൂപീകരിക്കാൻ നേതൃത്വം നൽകിയ രാഷ്ട്രീയ കക്ഷികൾക്ക് ആജീവനാന്തം അതിന്റെ ഭരണാധികരം കൈയാളാൻ സാധിക്കുന്ന സ്ഥിതിയുണ്ട്. ഇത് പറ്റില്ലെന്നാണ് റിസർവ് ബാങ്ക് ഇപ്പോൾ പറയുന്നത്. നിക്ഷേപം നടത്തുന്ന മുഴുവൻ അംഗങ്ങൾക്കും വോട്ടവകാശത്തോട് കൂടിയുള്ള അംഗത്വം നൽകണമെന്നാണ് റിസർവ് ബാങ്ക് വ്യവസ്ഥ ചെയ്യുന്നത്. അങ്ങനെ വന്നാൽ സ്ഥിരമായി ഭരണാധികാരം നിലനിർത്താൻ കഴിയാത്ത സ്ഥതി വരും. ഇതാണ് രാഷ്ടീയ കക്ഷികളെ വെട്ടിലാക്കുന്നത്.


സഹകരണ സംഘങ്ങളിലെ നോമിനൽ, അസോസിയേറ്റ് അംഗങ്ങളിൽനിന്ന് നിക്ഷേപം സ്വീകരിക്കരുതെന്നും വോട്ടവകാശമുള്ളവരെ മാത്രമേ അംഗങ്ങളായി കണക്കാക്കാനാകൂവെന്നുമാണ് റിസർവ് ബാങ്കിന്റെ വാദം.  സംസ്ഥാനത്തെ സഹകരണ ബാങ്കുകളിലും സംഘങ്ങളിലും ഭൂരിപക്ഷം അംഗങ്ങളും നോമിനൽ, അസോസിയേറ്റ് അംഗങ്ങളാണ്. വലിയ നിക്ഷേപമുള്ള പ്രാഥമിക സഹകരണ ബാങ്കുകളിലടക്കം ആയിരത്തിൽ താഴെ അംഗങ്ങൾക്കേ വോട്ടവകാശമുള്ളൂ. 
കേരളത്തിലെ സഹകരണ നിയമം അനുസരിച്ച് നോമിനൽ, അസോസിയേറ്റ് അംഗങ്ങളെയും സംഘത്തിലെ അംഗങ്ങളായി തന്നെയാണ് നിർവചിച്ചിട്ടുള്ളത്. ഇവർക്ക് വോട്ടവകാശം നൽകാത്തത് സഹകരണ സംഘങ്ങളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾ എളുപ്പമാക്കാനാണെന്നാണ് സർക്കാർ പറയുന്നത്.
ബാങ്കിംഗ്, ബാങ്കർ എന്നീ പദങ്ങൾ ഉപയോഗിക്കാൻ പാടില്ലെന്ന് വരുന്നതോടെ സഹകരണ ബാങ്കുകളുടെ സ്റ്റാറ്റസിന് ഇടിച്ചിൽ തട്ടുമെന്നതാണ് മറ്റൊരു പ്രശ്‌നം. ഗ്രാമീണ മേഖലകളിൽ വലിയ തോതിലുള്ള ബാങ്കിംഗ് പ്രവർത്തനങ്ങളാണ് സഹകരണ ബാങ്കുകൾ നടത്തിവരുന്നത്. ഗ്രാമീണ മേഖലയിൽ രാഷ്ട്രീയ വളർച്ചക്കുള്ള ആയുധമാക്കി സഹകരണ ബാങ്കുകളുടെ പ്രവർത്തനത്തെ രാഷ്ട്രീയ കക്ഷികൾ മാറ്റിയെടുക്കാറുണ്ട്. റിസർവ് ബാങ്കിന്റെ നിബന്ധനകൾ ഇതിന് തിരിച്ചടിയാകും.


സഹകരണ ബാങ്കുകളെ യാതൊരു നിയന്ത്രണവുമില്ലാതെ കയറൂരി വിടുന്നത് ബാങ്കിംഗ് മേഖലയ്ക്ക് കടുത്ത വെല്ലുവിളിയാകുമെന്നാണ് റിസർവ് ബാങ്കിന്റെ കണക്കുകൂട്ടൽ. അതിന്റെ ഭാഗമായാണ് കടുത്ത നിയന്ത്രണങ്ങൾ സഹകരണ മേഖലയിൽ കൊണ്ടുവരുന്നത്. 

സംസ്ഥാന സർക്കാരിനെ സംബന്ധിച്ചിടത്തോളം സഹകരണ ബാങ്കുകൾക്ക്  ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്ന പദവി നിലനിർത്തേണ്ടത് അത്യാവശ്യമാണ്. എന്നാൽ മാത്രമേ സഹകരണ മേഖലയിൽ ആധിപത്യം നിലനിർത്താനാകുകയുള്ളൂ. അതിന് വേണ്ടിയാണ് റിസർവ് ബാങ്കിന്റെ നടപടികൾക്കെതിരെ അടിയന്തരമായി സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുന്നത്. റിസർവ് ബാങ്കിന്റെ നടപടി കേരളത്തിലെ സഹകരണ മേഖലയെ ആകെ തകർക്കുന്നതാണെന്നാണ് സംസ്ഥാന സർക്കാരിന്റെ ആരോപണം.


ഓരോ സംസ്ഥാനത്തിനും സഹകരണ രംഗത്ത് സ്വന്തമായ നിയമങ്ങളും നിയന്ത്രണങ്ങളും കൊണ്ടുവരാൻ അവകാശമുണ്ടെന്നായിരിക്കും സർക്കാർ സുപ്രീം കോടതിയിൽ വാദിക്കുക. അംഗങ്ങൾ തമ്മിൽ പണമിടപാടുകൾ നടത്തുന്നതിനാൽ ബാങ്ക് എന്ന പദം ഉപയോഗിക്കുന്നതിൽ തെറ്റില്ലെന്ന വാദവും കേരളം കോടതിയിൽ ഉന്നയിക്കും. റിസർവ് ബാങ്കിന്റെ നിബന്ധനകൾക്കെതിരെ സുപ്രീം കോടതിയിൽ കേസ് നൽകുന്നതിനുള്ള നടപടിക്രമങ്ങൾ എത്രയും പെട്ടെന്ന് മുന്നോട്ട് കൊണ്ടുപോകുന്നതിനായി ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാലിനെയും സഹകരണ മന്ത്രി വി.എൻ. വാസവനെയും മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തിയിട്ടുണ്ട്. വളരെ ഗൗരവത്തോട് കൂടിയാണ് സർക്കാർ ഈ പ്രശ്‌നത്തെ അഭിമുഖീകരിക്കുന്നതെന്നതിന്റെ തെളിവാണിത്.


റിസർവ്  ബാങ്ക് എർപ്പെടുത്തിയ നിയന്ത്രണങ്ങൾ പ്രധാനമായും കേരളത്തെ മാത്രമാണ് ബാധിക്കുക. അതുകൊണ്ട് തന്നെ മറ്റു സംസ്ഥാനങ്ങൾ ഈ വിഷയത്തിൽ വലിയ തോതിലുള്ള ഇടപെടലുകൾ നടത്തില്ലെന്ന ബോധ്യം കേരളത്തിനുണ്ട്. കേരളത്തിലെ സഹകരണ മേഖലയിലെ പ്രവർത്തനങ്ങൾ റിസർവ് ബാങ്കിനെ ബോധ്യപ്പെടുത്താനുള്ള നടപടികളും സംസ്ഥാന സർക്കാർ കൈക്കൊള്ളുന്നുണ്ട്. മാത്രമല്ല, റിസർവ് ബാങ്ക് കൊണ്ടുവന്ന നിയന്ത്രണങ്ങൾ കേരളത്തിന്റെ സഹകരണ മേഖലയെ തകർക്കുമെന്നും അതിനാൽ ഇക്കാര്യത്തിൽ ഫലപ്രദമായ ഇടപെടൽ നടത്തണമെന്നും ആവശ്യപ്പെട്ട് കേന്ദ്രത്തിലേക്ക് പ്രതിനിധി സംഘത്തെ അയക്കാനും സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുണ്ട്. 
 എളുപ്പത്തിൽ പരിഹരിക്കാവുന്ന പ്രശ്‌നമല്ല റിസർവ് ബാങ്കിന്റെ നിയന്ത്രണങ്ങളിലൂടെ ഉണ്ടായിട്ടുള്ളത്. എന്നാലും വലിയ ആത്മവിശ്വാസമാണ് സംസ്ഥാന സർക്കാർ പുലർത്തുന്നത്.

Latest News