മാണിക്യമലരായ പൂവി ഗാനത്തിനെതിരെ മഹാരാഷ്ട്രയിലും കേസ്

മുംബൈ- സമൂഹമാധ്യമങ്ങളില്‍ തരംഗമായ മാണിക്യമലരായ പൂവി എന്ന ഗാനത്തിനെതിരെ മഹാരാഷ്ട്രയിലും കേസ്. ഒരു അഡാറ് ലവ് എന്ന സിനിമയിലെ ഈ ഗാനം മതവികാരം വ്രണപ്പെടുത്തി എന്നാരോപിച്ചു ജന്‍ജാഗരണ്‍ സമിതി എന്ന സംഘടനയാണു മഹാരാഷ്ട്രയിലെ ജിന്‍സി പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. ഗാനരംഗത്തില്‍ അഭിനയിച്ച പ്രിയ പ്രകാശ് വാരിയര്‍, സംവിധായകന്‍ ഒമര്‍ ലുലു എന്നിവര്‍ക്കെതിരെ കേസെടുക്കണം എന്നാണാവശ്യം.
ഗാനരംഗം മതവികാരം വ്രണപ്പെടുത്തുന്നുവെന്ന പരാതിയില്‍  കഴിഞ്ഞദിവസം ഹൈദരാബാദിലെ ഫലക്‌നുമ പോലീസ് സംവിധായകനെതിരെ കേസെടുത്തിരുന്നു. പാട്ടിലെ ചില പരാമര്‍ശങ്ങള്‍ പ്രവാചകനേയും ഇസ്‌ലാമിനേയും അവഹേളിക്കുന്നതാണെന്ന് ജന്‍ജാഗരണ്‍ സമിതി പ്രസിഡന്റ് മുഹ്‌സിന്‍ അഹമ്മദ് കുറ്റപ്പെടുത്തി.
യൂട്യൂബില്‍ ഇന്നലെ വൈകിട്ട് വരെ 2.6 കോടി പേരാണ് ഈ പാട്ടിന്റെ വിഡിയോ കണ്ടത്.

 

Latest News