Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഫിഫ സുപ്രീം കമ്മറ്റിയുടെ ഫാൻ ലീഡർ പ്രോഗ്രാമിൽ ശ്രദ്ധേയ സാന്നിധ്യമായി മലപ്പുറത്തു നിന്നൊരു യുവാവ്

ദോഹ- കായിക ലോകം കാത്തിരിക്കുന്ന ഫിഫ 2022 ഖത്തർ ലോകകപ്പ് സംഘാടകരായ സുപ്രീം കമ്മറ്റി ഫോർ ഡെലിവറി ആന്റ് ലെഗസി സംഘടിപ്പിക്കുന്ന ഫാൻ ലീഡർ പ്രോഗ്രാമിൽ ശ്രദ്ധേയ സാന്നിധ്യമായി മലപ്പുറത്തു നിന്നൊരു യുവാവ്. മലപ്പുറം ആനക്കയം സ്വദേശി ജാമിർ വലിയ മണ്ണിലാണ് ഫിഫ 2022 ന്റെ തയ്യാറെടുപ്പ് വിശേഷങ്ങൾ ലോകത്തെമ്പാടുമുള്ള കളിയാരാധകരിലേക്കെത്തിക്കുന്നതിനായി സുപ്രീം കമ്മറ്റി ഫോർ ഡെലിവറി ആന്റ് ലെഗസി ഖത്തറിലെത്തിച്ച 40 അംഗ സംഘത്തിലെ ഏക മലയാളി. കാൽപന്തുകളിയുടെ നാട്ടിൽ നിന്നും ലോകകപ്പിന്റെ വികാരങ്ങളും ആവേശവും പ്രചരിപ്പിക്കാൻ ലഭിച്ച അവസരം മഹാഭാഗ്യമായാണ് കാണുന്നതെന്നും കാൽപന്തുകളിയാരാധകർക്ക് സവിശേഷമായ അനുഭവമാണ് ഖത്തർ സമ്മാനിക്കുകയെന്നും ജാമിർ അഭിപ്രായപ്പെട്ടു.

മലപ്പുറത്തുനിന്നുളള ഏതൊരു ചെറുപ്പക്കാരനേയും പോലെ കളിയാവേശം ജാമിറിന്റെ രക്തത്തിൽ അലിഞ്ഞ് ചേർന്നതാണ്.സെവൻസായാലും ലെവൻസായാലും ഗാലറിയെ ഇളക്കി മറിക്കുന്ന കളിയാവേശം എന്നും കൂടെയുണ്ടായിരുന്നു. കഴിഞ്ഞ രണ്ട് വർഷത്തിലേറെയായി അന്താരാഷ്ട്ര ഫുട്ബോൾ വേദികളിൽ ആരാധകരുടെയിടയിൽ സജീവമായി പ്രവർത്തിക്കുകയാണ് ഈ ചെറുപ്പക്കാരൻ. കഴിഞ്ഞ ദിവസം ദോഹയിലെത്തിയ 30 രാജ്യങ്ങളിൽ നിന്നുളള്ള 40 അംഗങ്ങളിലെ ഏക മലയാളിയാണ് ജാമിർ. ഇന്ത്യക്കാരായി മുമ്പൈയിൽ നിന്ന് രണ്ട് യുവാക്കളും സംഘത്തിലുണ്ട്.

2019 ൽ യു. എ. ഇ. യിൽ നടന്ന ഏഷ്യൻ കപ്പിന്റെ പ്രമോഷന്റെ ഭാഗമായി പ്ളേ മേക്കേർസിൽ ചേർന്നാണ് അന്താരാഷ്ട്ര ഫുട്ബോൾ ഫാൻ കാമ്പയിനിൽ ഭാഗമായത്. അറുനൂറിലധികം പ്ലേ മേക്കേർസാണ് അന്നുണ്ടായിരുന്നത്. പ്ലേ മേക്കേർസിൽ നടന്ന മൽസരത്തിൽ രണ്ടാം സ്ഥാനം നേടിയതോടെ രംഗത്ത് കൂടുതൽ സജീവമായി. ആ വർഷം തന്നെ ഫിഫ ഫാൻ മൂവ്മെന്റിൽ സെലക് ഷൻ ലഭിച്ചു. സോഷ്യൽ മീഡിയയിലൂടെ ഫാൻസ് വീഡിയോയും മറ്റും ആരാധകരിലേക്കെത്തിക്കുകയും കളിയുടെ വികാരം മാധ്യമങ്ങളിൽ സജീവമായി നിലനിർത്തുകയുമാണ് ഫാൻ മൂവ്മെന്റിന്റെ പ്രധാന ജോലി. ഫിഫയുടെ വിവിധ പ്ളാറ്റ് ഫോമുകൾ സൂക്ഷ്മമായി നിരീക്ഷിക്കുകയും ഏതാണ് കൂടുതൽ കാര്യക്ഷമമെന്ന് കണ്ടെത്തുകയും ചെയ്താണ് ഫാൻ മൂവ്മെന്റ് പ്രവർത്തിക്കുന്നത്.

യു. എ. ഇ. പ്രോ ലീഗ്, 2019 ലെ ഫിഫ ക്ളബ്ബ് കപ്പ്, ഫിഫ ദ ബെസ്റ്റ് അവാർഡ് തുടങ്ങിയ വിവിധ പരിപാടികളിൽ പങ്കെടുത്ത ജാമിർ പല ഫുട്ബോൾ ഇതിഹാസങ്ങളേയും നേരിൽ കാണാൻ ഭാഗ്യം ലഭിച്ച വ്യക്തിയാണ്.

ഫിഫ 2022 ഖത്തർ ലോക കപ്പിന്റെ ഒരുക്കങ്ങളും സംവിധാനങ്ങളും നേരിൽ കണ്ട് ലോകത്തെമ്പാടുമുള്ള കളിയാരാധകരിലേക്കെത്തിക്കുന്നതിനാണ് സുപ്രീം കമ്മറ്റി ഫോർ ഡെലിവറി ആന്റ് ലെഗസി ഫാൻ ലീഡർ പ്രോഗ്രാമൊരുക്കിയത്. ലോക കപ്പിന്റെ മുന്നോടിയായി ഇന്ന് ഖത്തറിൽ നടക്കുന്ന പ്രഥമ ഫിഫ അറബ് കപ്പിന്റെ കിക്കോഫിനും സാക്ഷ്യം വഹിക്കാൻ കഴിയുന്നതിൽ സന്തോഷമുണ്ടെന്ന് ജാമിർ പറഞ്ഞു.  കഴിഞ്ഞ 7 വർഷമായി യു. എ. ഇ.യിൽ എക്കൗണ്ടന്റായി ജോലി ചെയ്യുകയാണ് ജാമിർ. നിംശയാണ് ഭാര്യ.

Latest News