മക്ക - സൗദി അറേബ്യയുടെ അംഗീകാരമുള്ള വാക്‌സിന്‍ ഡോസുകള്‍ പൂര്‍ണമായി സ്വീകരിച്ച് വിദേശങ്ങളില്‍ നിന്ന് ഉംറ വിസയില്‍ എത്തുന്ന തീര്‍ഥാടകര്‍ ക്വാറന്റൈന്‍ പാലിക്കേണ്ടതില്ലെന്ന് ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. ഇവര്‍ക്ക് മക്കയിലെത്തിയാലുടന്‍ നേരിട്ട് ഉംറ നിര്‍വഹിക്കാം.
സൗദി അറേബ്യ അംഗീകരിച്ചിട്ടില്ലാത്ത, ലോകാരോഗ്യ സംഘടനാ അംഗീകാരമുള്ള വാക്‌സിന്‍ ഡോസുകള്‍ സ്വീകരിച്ചവര്‍ക്ക് രാജ്യത്തെത്തിയ ശേഷം മൂന്നു ദിവസം ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈന്‍ ബാധകമാണ്. സൗദിയിലെത്തി 48 മണിക്കൂറിനു ശേഷം ഇവര്‍ പി.സി.ആര്‍ പരിശോധന നടത്തണം. നെഗറ്റീവ് പി.സി.ആര്‍ പരിശോധനാ ഫലം ലഭിക്കുന്നതോടെ ഇവര്‍ക്ക് നേരെ വിശുദ്ധ ഹറമിലെത്തി ഉംറ കര്‍മം നിര്‍വഹിക്കാവുന്നതാണെന്നും ഹജ്, ഉംറ മന്ത്രാലയം പറഞ്ഞു.
ഫൈസര്‍, അസ്ട്രാസെനിക്ക, മോഡേണ, ജോണ്‍സണ്‍ എന്നീ നാലു വാക്‌സിനുകള്‍ക്കാണ് സൗദി അറേബ്യയുടെ അംഗീകാരമുള്ളത്. തീര്‍ഥാടകരുടെ ആരോഗ്യ സുരക്ഷ കാത്തുസൂക്ഷിക്കല്‍ സൗദി അറേബ്യയുടെ അടിസ്ഥാന ലക്ഷ്യമാണെന്ന് ഹജ്, ഉംറ മന്ത്രാലയ വക്താവ് എന്‍ജിനീയര്‍ ഹിശാം സഈദ് പറഞ്ഞു.
ഏറ്റവും കൂടുതല്‍ ഉംറ തീര്‍ഥാടകര്‍ പ്രവഹിക്കുന്ന ഇന്തോനേഷ്യ, ഈജിപ്ത്, പാക്കിസ്ഥാന്‍, ഇന്ത്യ എന്നീ രാജ്യങ്ങളില്‍ നിന്ന് സൗദിയില്‍ നേരിട്ട് പ്രവേശിക്കാനുള്ള വിലക്ക് എടുത്തുകളയുകയും ഈ രാജ്യക്കാര്‍ക്ക് ബുധനാഴ്ച പുലര്‍ച്ചെ മുതല്‍ രാജ്യത്ത് നേരിട്ട് പ്രവേശിക്കാന്‍ അനുമതി നല്‍കുകയും ചെയ്ത പശ്ചാത്തലത്തിലാണ് വിദേശങ്ങളില്‍ നിന്ന് ഉംറ വിസകളില്‍ രാജ്യത്തെത്തുന്ന തീര്‍ഥാടകര്‍ക്ക് ബാധകമായ വ്യവസ്ഥകള്‍ ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കിയത്.
ഇന്ത്യ, ഇന്തോനേഷ്യ, പാക്കിസ്ഥാന്‍, ബ്രസീല്‍, വിയറ്റ്‌നാം, ഈജിപ്ത് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ബുധനാഴ്ച പുലര്‍ച്ചെ ഒരു മണി മുതല്‍ പഴയ പോലെ തങ്ങളുടെ രാജ്യങ്ങളില്‍ നിന്നുള്ള സര്‍വീസുകളില്‍ നേരിട്ട് സൗദിയില്‍ പ്രവേശിക്കാന്‍ സാധിക്കുക. ഇന്ത്യ അടക്കം ആറു രാജ്യങ്ങളില്‍ നിന്ന് നേരിട്ട് സൗദിയില്‍ പ്രവേശിക്കുന്നവര്‍ അഞ്ചു ദിവസം ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈന്‍ പാലിക്കല്‍ നിര്‍ബന്ധമാണെന്ന് ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
എന്നാല്‍ സൗദി അറേബ്യയുടെ അംഗീകാരമുള്ള വാക്‌സിന്‍ ഡോസുകള്‍ പൂര്‍ണമായി സ്വീകരിച്ച് വിദേശങ്ങളില്‍ നിന്ന് ഉംറ വിസയില്‍ രാജ്യത്തുന്ന തീര്‍ഥാടകര്‍ ക്വാറന്റൈന്‍ പാലിക്കേണ്ടതില്ലെന്നും അല്ലാത്തവര്‍ മൂന്നു ദിവസം ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈന്‍ പാലിക്കല്‍ നിര്‍ബന്ധമാണെന്നുമാണ് ഹജ്, ഉംറ മന്ത്രാലയം ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.
സൗദിയില്‍ നിന്ന് ഒരു ഡോസ് കൊറോണ വാക്‌സിന്‍ സ്വീകരിച്ച, മുഴുവന്‍ രാജ്യങ്ങളില്‍ നിന്നുമുള്ളവര്‍ക്ക് ഡിസംബര്‍ നാല് ശനിയാഴ്ച പുലര്‍ച്ചെ ഒരു മണി മുതല്‍ നേരിട്ട് പ്രവേശനാനുമതി നല്‍കുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇവര്‍ സൗദിയിലെത്തിയ ശേഷം മൂന്നു ദിവസം ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈന്‍ പാലിക്കല്‍ നിര്‍ബന്ധമാണെന്നും ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.






