Sorry, you need to enable JavaScript to visit this website.

ഞെട്ടലായി ഒമിക്രോൺ 

കരുതലും ജാഗ്രതയും വാക്‌സിനേഷനുമൊക്കെ കൊണ്ട് നൂറ്റാണ്ടിലെ മഹാമാരിയെ പ്രതിരോധിച്ചു കഴിഞ്ഞുവെന്ന് കരുതിയ ലോകം പുതിയ വൈറസ് വകഭേദ ഭീഷണിയിൽ വീണ്ടും മഹാ ആശങ്കയുടെ മുൾമുനയിലായിരിക്കുന്നു.


എല്ലാം ശരിയായി, അല്ലെങ്കിൽ ശരിയായി വരുന്നു എന്ന ആശ്വാസത്തിലായിരുന്നു തൊട്ടു മുമ്പുള്ള മണിക്കൂറിൽ വരെ ലോകം. കരുതലും ജാഗ്രതയും വാക്‌സിനേഷനുമൊക്കെ കൊണ്ട് നൂറ്റാണ്ടിലെ മഹാമാരിയെ പ്രതിരോധിച്ചു കഴിഞ്ഞുവെന്ന് കരുതിയ ലോകം പുതിയ വൈറസ് വകഭേദ ഭീഷണിയിൽ വീണ്ടും മഹാ ആശങ്കയുടെ മുൾമുനയിലായിരിക്കുന്നു. കൊറോണയെ കുറിച്ച് ലോക ജനത ആശങ്കയിലായത് 20 മാസങ്ങൾക്ക് മുമ്പാണ്. സമാനമായതിനപ്പുറമാണ് ഇന്ന് നടുക്കം. കൊറോണ വൈറസിന്റെ ഒമിക്രോൺ എന്ന വകഭേദം നോക്കി, നോക്കി ഇരിക്കെയാണ് രാജ്യാതിർത്തികൾ കടക്കുന്നത്. ചൈനയിലെ വുഹാൻ പ്രവിശ്യയിൽ നിന്ന് തുടങ്ങിയ കൊറോണ വൈറസിന്റെ വ്യാപനത്തിന്റെ ആദ്യഘട്ടത്തിൽതന്നെ അത് കേരളത്തിലെത്തിയിരുന്നു. ലോകവും കേരളവും തമ്മിലുള്ള ദൂരം അത്രകണ്ട് കുറഞ്ഞു കുറഞ്ഞു വരുന്ന കാലമാണെന്നതിന്റെ മറ്റൊരു ഓർമപ്പെടുത്തൽ. തൃശൂരിലെ ആ മെഡിക്കൽ വിദ്യാർഥിനിയെക്കുറിച്ചുള്ള വാർത്ത ഓർക്കാത്തവരുണ്ടാകില്ല. നിയമസഭ സമ്മേളനം നടക്കുന്ന കാലമായതിനാൽ അന്നത്തെ ആരോഗ്യ മന്ത്രി കെ.കെ ശൈലജ ടീച്ചറുമായി നിയമ സഭയിൽ നടന്ന വാക്‌പോരൊക്കെ ഹോ, കോവിഡോ അതൊക്കെ എത്ര കണ്ടതാണ് എന്ന മട്ടിലായിരുന്നു. ഒടുവിൽ കോവിഡ് എന്ന മഹാമാരി കേരളത്തെയും പിടിച്ചുലച്ചു. ഇതിനോടകം 39,697 പേർ കോവിഡ് പിടിപെട്ട് കേരളത്തിൽ മരിച്ചുവെന്നാണ് ശനിയാഴ്ചയിലെ കണക്ക്. നമ്മിൽ പലരുമായും അടുത്തിടപഴകിയ എത്രയെത്ര പേരെയാണ് മഹാമാരി തിരിച്ചു വിളിച്ചതെന്ന കണക്കെടുപ്പുകൾ ഓരോ മനുഷ്യരുടെയും തീരാവേദനയാണിന്ന്. ദക്ഷിണാഫ്രിക്കയിൽ നൂറോളം പേർക്കാണ് വകഭേദം വന്ന വൈറസ് ബാധിച്ചത്. ഈ വൈറസ് ബോട്സ്വാനയും, ബെൽജിയവും, ഹോങ്കോങ്ങും , ജർമനിയുമെല്ലാം കടന്ന് എത്തിപ്പെട്ട രാജ്യത്തിന്റെ പേര് മനുഷ്യർ എന്ന നിലക്ക് എല്ലാവരുടെയും നിസ്സഹായാവസ്ഥ ഒരുപോലെയാണെന്ന് പ്രഖ്യാപിക്കുന്നതാണ്. കോവിഡെന്നല്ല എല്ലാതരം രോഗങ്ങൾക്കും പ്രതിരോധത്തിന്റെ ഇരുമ്പ് മറതീർക്കുന്ന ഇസ്രായിലിലും മഹാമാരിയുടെ പുതിയ വൈറസ് എത്തിയിരിക്കുന്നു. അവിടെ കടുത്ത നിയന്ത്രണം വന്നു കഴിഞ്ഞു. 

ലോകത്തെ 26 കോടി മനുഷ്യരെയാണ് കൊറോണ വൈറസ് ബാധിച്ചത്. 52 ലക്ഷം മനുഷ്യർ മഹാരോഗത്തിന് കീഴടങ്ങി മരിച്ചു പിരിഞ്ഞു. ഡെൽറ്റ വകഭേദത്തിൽ പോലും പകച്ചുപോയ രാജ്യമാണ് ഇന്ത്യ. അതിനെയെല്ലാം കടത്തിവെട്ടുന്നതാണ് പുതിയ വൈറസിന്റെ വ്യാപന ശക്തി യെന്നാണ് വൈദ്യ ലോകം പറയുന്നത്. വിമാനത്താവളങ്ങളിലെ അതിജാഗ്രത തുടങ്ങി കഴിഞ്ഞു. ഡിസംബർ 15 നായിരുന്നു കോവിഡ് പൂർവ്വ കാലത്തേക്ക് അന്താരാഷ്ട്ര വിമാനസർവീസ് എത്തിച്ചേരുമെന്ന് മനുഷ്യരാകെ ആഹ്ലാദത്തോടെ , പ്രതീക്ഷയോടെ കാത്തിരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോഡി ശനിയാഴ്ച (നവംബർ 27) വിളിച്ചുചേർത്ത അടിയന്തര ഉന്നത തല യോഗം അന്താരാഷ്ട്ര സർവീസ് പുനരാരംഭിക്കാനുള്ള തീരുമാനം പുനഃ പരിശോധിക്കാൻ തീരുമാനമെടുത്തുകഴിഞ്ഞു. ഒമിക്രോൺ ബാധയുണ്ടായിട്ടുള്ളവരിൽ അധികപേരും വാക്‌സിനെടുത്തവരാണ് എന്നത് മറ്റൊരു വെല്ലുവിളി. കോവിഡ് വന്ന് പോയവരെയും ഒമിക്രോൺ പിടികൂടാമെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. ഇതൊന്നും വാക്‌സിനെടുക്കാതിരിക്കാനുള്ള ന്യായമല്ല. മഹാമാരിക്കാലത്ത് വാക്‌സിനെടുത്തവരും എടുക്കാത്തവരും വേറിട്ടുതന്നെ നിൽക്കുന്നു. വാക്‌സിനെടുത്തവരിൽ കോവിഡ് വ്യാപനം മാത്രമല്ല രോഗതീവ്രതയും മരണനിരക്കും കുറവായിരുന്നുവെന്ന് തെളിഞ്ഞിട്ടുണ്ട്. കേരളത്തിൽ 18-വയസിന് മേൽ പ്രായ മുള്ളവരിൽ ഇനി 10 ശതമാനം പേർ മാത്രമാണ് ഒന്നാം ഡോസ് വാക്‌സിനെടുക്കാൻ ബാക്കിയുള്ളത്. ഒന്നാം ഡോസ് പൂർത്തീകരിച്ച ശേഷം രണ്ടാം ഡോസ് കൂടി നൽകുക എന്നത് അടിയന്തര ശ്രദ്ധ പതിയേണ്ട വെല്ലുവിളിയായി കേരളത്തിന് മുന്നിൽ നിൽക്കുന്നു. കോവിഡ് നേരിടാനായി പ്രത്യേകമായി നിയമിക്കപ്പെട്ട ആരോഗ്യ പ്രവർത്തകരെ പിരിച്ചുവിട്ടു കഴിഞ്ഞു. നാടും നഗരവുമെല്ലാം ഇന്ന് സാധാരണ പോലെ ജീവിത തിരക്കുകളിലാണ്. അവിടെ നിന്നൊരു തിരിച്ചുപോക്ക് ഇനി സാധ്യമാകുമെന്ന് തോന്നുന്നില്ല. സാധ്യമാക്കണമെന്ന് ആരും പറയുമെന്നും തോന്നുന്നില്ല. ഇനി ഒരൊറ്റ വഴി മാത്രമെയുള്ളു -കോവിഡ് പെരുമാറ്റച്ചട്ടം പാലിക്കുന്നതിലെ അശ്രദ്ധയും ഹോ, എന്ത് കോവിഡ് ഏത് കോവിഡ് എന്ന അഹങ്കാരവും കൈവെടിയുക. ഒമിക്രോൺ കേരളത്തെ ഓർമിപ്പിക്കുന്നത് ഈ ജാഗ്രതയാണ്. ശ്രദ്ധാപൂർവ്വമായ മാസ്‌ക് ധരിക്കലും സാമൂഹ്യ അകലവുമാണ് പ്രതിരോധത്തിന്റെ പ്രധാന വഴിയെന്ന് ആരോഗ്യ വിദഗ്ധർ ആവർത്തിച്ചു പറയുന്നു.


ആരോഗ്യവിദഗ്ധനായ ഡോ.ബി. ഇക്ബാലിന്റെ ഏറ്റവും പുതിയ വരികൾ ഇങ്ങനെയാണ് ''ലോകാരോഗ്യ സംഘടനയുടെ സാങ്കേതിക ഉപദേശകസമിതി എത്തിയിട്ടുള്ള നിഗമനം ഇതിനു മുമ്പുള്ള വകഭേദങ്ങളെക്കാൾ ഒമിക്രോൺ വകഭേദത്തിന് രോഗവ്യാപന നിരക്ക് കൂടുതലാണെന്നാണ്. ഒമിക്രോൺ വകഭേദത്തിന് ഇപ്പോൾ നൽകിവരുന്ന വാക്‌സിനുകളെ അതിജീവിക്കാനുള്ള കഴിവുണ്ടോ എന്ന കാര്യത്തിൽ ഇതുവരെ നിഗമനത്തിലെത്താൻ കഴിഞ്ഞിട്ടില്ല. - ഒമിക്രോൺ വകഭേദത്തിന്റെ സ്വഭാവങ്ങൾ ലോകാരോഗ്യ സംഘടന നിരന്തരം നിരീക്ഷിച്ച് വരികയാണ്. പുതിയ വിവരങ്ങൾ ലഭിക്കുന്നതനുസരിച്ച് ഉചിതമായ തീരുമാനമെടുക്കാം. അതുവരെ അമിതഭയം ഒഴിവാക്കി കരുതൽ നടപടികൾ ശക്തിപ്പെടുത്തുകയാണ് വേണ്ടത്. ഒന്നും രണ്ടും ഡോസ് കോവിഡ് വാക്‌സിൻ സ്വീകരിക്കുന്നത് ത്വരിതഗതിയിൽ പൂർത്തിയാക്കണം. കോവിഡ് പ്രോട്ടോകോളുകൾ (മാസ്‌ക് ധാരണം, ചെറുതും വലുതുമായ ആൾക്കൂട്ടം ഒഴിവാക്കൽ, ശരീരദൂരം പാലിക്കൽ, ആവർത്തിച്ച് കൈകകഴുകൽ) കർശനമായി പാലിക്കാൻ ശ്രദ്ധിക്കയും വേണം. വിദേശത്ത് നിന്ന് വരുന്നവർ പോസിറ്റീവ് ആണെങ്കിൽ പുതിയ വകഭേദം മൂലമാണോ രോഗം എന്നറിയാൻ വൈറസി ജീനോം സ്വീക്വൻസിംഗ് നിർബന്ധമായും നടത്തേണ്ടതാണ്, എന്തായാലും പരിഭ്രാന്തി വേണ്ട....'' 

ഒമിക്രോൺ ബാധ കണ്ടെത്തിയതോടെ അതിർത്തി നിയന്ത്രണം അടക്കമുള്ള നടപടികളിലേക്ക് എടുത്തുചാടുന്നത് കൂടുതൽ പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. യോജിച്ച പ്രവർത്തനത്തിലൂടെ രോഗവ്യാപനത്തെ പ്രതിരോധിക്കുകയാണാവശ്യം. ആദ്യഘട്ടത്തിലേതുപോലുള്ള അടച്ചിടൽ ഇനി അപ്രായോഗികമാണ്. വിമാനത്താവളങ്ങളിലെ പരിശോധന കർശനവും സൂക്ഷ്മവുമാക്കി പുതിയ വൈറസ് പ്രവേശനം തടയാനുള്ള നടപടിയാണ് എല്ലാവരും അടിയന്തരമായി സ്വീകരിക്കാൻ പോകുന്നത്. അടുത്ത നിമിഷം എന്തൊക്കെ മാറ്റങ്ങളായിരിക്കും ഒമിക്രോൺ ലോകത്ത് കൊണ്ടു വരുന്നതെന്ന് കാത്തിരുന്ന് കാണുകയല്ലാതെ മറ്റ് വഴിയൊന്നുമില്ല. 

Latest News