Sorry, you need to enable JavaScript to visit this website.

യുഎഇയില്‍ 18 വയസ്സിനു മുകളിലുള്ളവര്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കണമെന്ന് നിര്‍ദേശം

അബുദബി- കോവിഡ് വാക്‌സീന്‍ ബൂസ്റ്റര്‍ ഡോസ് കുത്തിവെപ്പ് എടുക്കണമെന്ന് യുഎഇ സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. ഫൈസര്‍-ബയോന്‍ടെക്ക്, സ്പുട്‌നിക് V വാക്‌സിനുകള്‍ രണ്ടാം ഡോസ് ആറു മാസം മുമ്പ് സ്വീകരിച്ച 18 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാന്‍ ആരോഗ്യ മന്ത്രാലയം നിര്‍ദേശിക്കുന്നതായി വക്താവ് ഡോ. ഫരിദ അല്‍ ഹൊസ്‌നി അറിയിച്ചു. ഇതുവരെ 50 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്കും മറ്റു ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്കും സിനോഫാം വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കും മാത്രമാണ് ബൂസ്റ്റര്‍ ഡോസ് നല്‍കി വന്നിരുന്നത്. ഓക്‌സ്‌ഫൊഡ്-ആസ്ട്രസെനക വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ബൂസ്റ്റര്‍ ഡോസിനു യോഗ്യതയുണ്ടോ എന്ന് വ്യക്തമല്ല.

കൃത്യസമയത്ത് ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചിട്ടുണ്ടെന്ന് എല്ലാവരും ഉറപ്പാക്കണമെന്നും മാറ്റിവെക്കരുതെന്നും ഡോ. ഫരീദ് പറഞ്ഞു. ലോകത്തൊട്ടാകെ ആശങ്കപരത്തി കോവിഡിന്റെ പുതിയ വകഭേദം ഒമിക്രോണ്‍ പലയിടത്തും റിപോര്‍ട്ട് ചെയ്തതിനു പിന്നാലെയാണ് യുഎഇ ബൂസ്റ്റര്‍ ഡോസുകള്‍ എല്ലാവര്‍ക്കുമായി നല്‍കുന്നത്. 

യുഎഇയില്‍ നൂറു ശതമാനം പേരും ഒന്നാം ഡോസും 90.3 ശതമാനം പേര്‍ രണ്ടാം ഡോസും സ്വീകരിച്ചതായി കഴിഞ്ഞയാഴ്ച സര്‍ക്കാര്‍ അറിയിച്ചിരുന്നു.
 

Latest News