ബംഗളൂരു- അച്ഛന് ശാസിച്ചതിന് പതിനാറുകാരന് തൂങ്ങിമരിച്ചു. മണിക്കൂറുകള്‍ക്കുള്ളില്‍ സഹോദരിയും ജീവനൊടുക്കി. കര്‍ണാടകയിലെ ഹാവേരിയിലെ ബേഡഗിയിലാണ് സംഭവം. ബേഡഗി സ്വദേശി ചന്ദ്രു ചാലവാഡിയുടെ മക്കളായ നാഗരാജ്(16) ഭാഗ്യലക്ഷ്മി(18) എന്നിവരാണ് മരിച്ചത്.
ക്ലാസില്‍ പോകാത്തതിനും പഠിക്കാത്തതിനും പത്താം ക്ലാസ് വിദ്യാര്‍ഥിയായ നാഗരാജിനെ കഴിഞ്ഞദിവസം അച്ഛന് ശാസിച്ചിരുന്നു. ഇതിന്റെ മനോവിഷമത്തിലാണ് നാഗരാജ് കിടപ്പുമുറിയിലെ സീലിങ് ഫാനില്‍ തൂങ്ങിമരിച്ചത്. സംഭവസമയത്ത് വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. വീട്ടുകാരെത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
സഹോദരന് മരിച്ചവിവരമറിഞ്ഞാണ് പ്രീ യൂണിവേഴ്സിറ്റി വിദ്യാര്‍ഥിനിയായ ഭാഗ്യലക്ഷ്മി താലൂക്ക് ആശുപത്രിയിലെത്തിയത്. സഹോദരന്റെ മൃതദേഹം കണ്ട് പൊട്ടിക്കരഞ്ഞ പെണ്‍കുട്ടി ഉടന്‍ വീട്ടിലേക്ക് മടങ്ങി. തുടര്‍ന്ന് നാഗരാജ് ജീവനൊടുക്കിയ അതേ സ്ഥലത്ത്, അതേ സാരി ഉപയോഗിച്ച് തൂങ്ങിമരിക്കുകയായിരുന്നു. സംഭവസമയം വീട്ടുകാരെല്ലാം ആശുപത്രിയിലായതിനാല്‍ ആരും വിവരമറിഞ്ഞില്ല. പിന്നീട് നാഗരാജിന്റെ മൃതദേഹവുമായി വീട്ടിലെത്തിയപ്പോഴാണ് ഭാഗ്യലക്ഷ്മിയെയും മരിച്ചനിലയില്‍ കണ്ടെത്തിയത്.






