കല്‍പറ്റ-പോലിസൂകാരി അടിവയറ്റില്‍ ചവിട്ടിയെന്നു മീനങ്ങാടി അത്തിക്കടവ് പണിയ കോളനിയിലെ ദീപു.
കാര്‍ മോഷണശ്രമക്കേസില്‍ ബത്തേരി പോലീസും മറ്റു രണ്ടു മോഷണക്കേസുകളില്‍ മീനങ്ങാടി പോലീസും രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ജാമ്യം ലഭിച്ച ദീപു മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കവെയാണ് പോലീസ് മര്‍ദനം വെളിപ്പെടുത്തിയത്. പോലീസ് കസ്റ്റഡിയില്‍ ക്രൂര മര്‍ദനത്തിനു ഇരയായതായി ദീപു പറഞ്ഞു. കാര്‍ മോഷ്ടിക്കാന്‍ ശ്രമിച്ചുവെന്ന കുറ്റം സമ്മതിപ്പിക്കുന്നതിനാണ് ബത്തേരി പോലീസ് വളഞ്ഞിട്ടു തല്ലിയത്. ബാത്ത്‌റൂമില്‍വെച്ചും മര്‍ദിച്ചു. നവംബര്‍ അഞ്ചിനു പകല്‍ ബത്തേരി ടൗണില്‍ നിര്‍ത്തിയിട്ട കാറില്‍ ചാരിനിന്നതിനു ഉടമയുമായി വാക്കുതര്‍ക്കം ഉണ്ടായി. താന്‍ കാര്‍ മോഷ്ടിക്കാന്‍ ശ്രമിച്ചുവെന്നു ഉടമ കള്ളപ്പരാതി നല്‍കിയതിനു പിന്നാലെയാണ് പോലീസ് എത്തി സ്‌റ്റേഷനിലേക്കു കൊണ്ടുപോയത്. മോഷണത്തിനു ശ്രമിച്ചിട്ടില്ലെന്നും മോട്ടോര്‍ വാഹനങ്ങള്‍ ഓടിക്കാന്‍ അറിയില്ലെന്നും ആവര്‍ത്തിച്ചുപറഞ്ഞിട്ടും പോലീസ് കേസെടുക്കുകയും മര്‍ദിക്കുകയുമായിരുന്നു. തനിക്കു മനസ്സറിവില്ലാത്ത സംഭവങ്ങളിലാണ് മീനങ്ങാടി പോലീസ് കേസെടുത്തതെന്നും 22കാരനായ ദീപു പറഞ്ഞു.
വാഹനം ഓടിക്കാന്‍ അറിയാത്ത ആദിവാസി യുവാവിനെ കാര്‍ മോഷണശ്രമത്തിനടക്കം കേസുകളില്‍ കുടുക്കുകയായിരുന്നു ആരോപിച്ചു ആദിവാസി-മനുഷ്യാവകാശ സംഘടനകള്‍ രംഗത്തു വന്നിരുന്നു. കഴിഞ്ഞ ദിവസം ബത്തേരി ജൂഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ദീപുവിനു ജാമ്യം അനുവദിച്ചത്.