യു.എ.ഇയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നിയമ പരിഷ്‌കാരം

അബുദാബി - യു.എ.ഇയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നിയമ നിർമാണ പരിഷ്‌കാരങ്ങൾക്ക് പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽനഹ്‌യാൻ അംഗീകാരം നൽകി. സാമ്പത്തിക, നിക്ഷേപ, വാണിജ്യ അവസരങ്ങൾ ശക്തിപ്പെടുത്താനും സാമൂഹിക സ്ഥിരതയും സുരക്ഷയും മെച്ചപ്പെടുത്താനും വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും അവകാശങ്ങൾ ഉറപ്പാക്കാനും പരിഷ്‌കരണങ്ങളിലൂടെ ലക്ഷ്യമിടുന്നു. യു.എ.ഇയുടെ വികസന നേട്ടങ്ങളുമായി മുന്നോട്ടുപോകാനും രാജ്യത്തിന്റെ ഭാവി അഭിലാഷങ്ങളെ പ്രതിഫലിപ്പിക്കാനും ഉദ്ദേശിച്ചിട്ടുള്ളതാണ് പുതിയ നിയമ ഭേദഗതികൾ. 40 ലധികം നിയമങ്ങളാണ് ഭേദഗതി ചെയ്തിരിക്കുന്നത്. യു.എ.ഇയുടെ അമ്പതു വർഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ നിയമ പരിഷ്‌കാരങ്ങളാണിത്. 
നിക്ഷേപം, വ്യാപാരം, വ്യവസായം, വാണിജ്യ കമ്പനി, വ്യാവസായിക സ്വത്തുക്കളുടെ നിയന്ത്രണം, സംരക്ഷണം, പകർപ്പവകാശം, ട്രേഡ്മാർക്കുകൾ, കൊമേഴ്‌സ്യൽ രജിസ്റ്റർ, ഇലക്‌ട്രോണിക് ഇടപാടുകൾ, ട്രസ്റ്റ് സേവനങ്ങൾ, റെസിഡൻസി, ഫാക്ടറിംഗ് എന്നിവയുൾപ്പെടെ വിവിധ മേഖലകളിൽ നിയമ നിർമാണ ഘടന വികസിപ്പിക്കാനാണ് ഭേദഗതികളിലൂടെ ലക്ഷ്യമിടുന്നത്. ക്രൈം ആന്റ് പണിഷ്‌മെന്റ് നിയമം, ഓൺലൈൻ സുരക്ഷാ നിയമം, മയക്കുമരുന്നുകളുടെയും സൈക്കോട്രോപിക് വസ്തുക്കളുടെയും ഉൽപാദനം, വിൽപന, ഉപയോഗം എന്നിവ നിയന്ത്രിക്കുന്ന നിയമങ്ങൾ ഉൾപ്പെടെ സമൂഹവുമായും വ്യക്തിഗത സുരക്ഷയുമായും ബന്ധപ്പെട്ട നിയമങ്ങളും പരിഷ്‌കരിച്ചിട്ടുണ്ട്. 
പ്രാദേശിക, ഫെഡറൽ തലങ്ങളിലെ ശക്തമായ ഏകോപനത്തിലൂടെയാണ് നിയമ നിർമാണ പരിഷ്‌കരണങ്ങൾ അംഗീകരിച്ചത്. പുതിയ നിയമ വ്യവസ്ഥകളിൽ ഏറ്റവും മികച്ച ആഗോള സമ്പ്രദായങ്ങൾ പ്രതിഫലിക്കുന്നതിന് 50 ഫെഡറൽ, ലോക്കൽ അതോറിറ്റികളിൽ നിന്നുള്ള 540 സ്‌പെഷ്യലിസ്റ്റുകളും വിദഗ്ധരും അടങ്ങുന്ന ടീമുകൾ കഴിഞ്ഞ അഞ്ചു മാസമായി 100 ലധികം സ്വകാര്യ മേഖലാ സംഘടനകളുമായി കൂടിയാലോചനകൾ നടത്തിയിട്ടുണ്ട്.
 

Latest News