ആക്രമണമാണ് മികച്ച പ്രതിരോധം. കളിക്കാരിയായിരുന്നപ്പോഴും പരിശീലക വേഷമണിഞ്ഞപ്പോഴും പി.വി. പ്രിയ എന്ന കണ്ണൂരുകാരിയുടെ മനസ്സിൽ ആക്രമിക്കലും ഗോളടിക്കലുമായിരുന്നു ലക്ഷ്യം. ഈ വിജയമന്ത്രമാണ് ഗോകുലം വനിതാ ടീമിനെ പോയ വർഷത്തെ കിരീടധാരികളാക്കിയത്.
ലക്ഷ്യപ്രാപ്തിക്കു നേരെ വരുന്ന ഏത് ആക്രമണത്തെയും ചെറുത്തു തോൽപിച്ചാണ് അവർ വിജയത്തിന്റെ പടികളോരോന്നും ചവിട്ടിക്കയറിയത്. ഇന്ത്യൻ ടീമിന്റെ സഹപരിശീലക സ്ഥാനത്തെത്തിയത്. സ്ഥിരോത്സാഹവും ആത്മാർപ്പണവും കൈമുതലാക്കിയ ഈ ഉത്തര മലബാറുകാരി ജോർദാനിൽ നടന്ന ഏഷ്യൻ ക്ലബ്ബ് ചാമ്പ്യൻഷിപ്പ് കഴിഞ്ഞ് ദിവസങ്ങൾക്കു മുൻപാണ് തിരിച്ചെത്തിയത്. ഗോകുലം ടീമിന്റെ സാരഥിയായി മൂന്നു സീസൺ പിന്നിട്ടിരിക്കുകയാണ് കളിക്കളത്തിലെ ഈ കരുത്ത്. ആദ്യമായാണ് ഒരു ഇന്ത്യൻ വനിതാ ക്ലബ് ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ മാറ്റുരയ്ക്കുന്നത്.
കണ്ണൂർ ജില്ലയിലെ വെങ്ങര എന്ന തനി നാട്ടിൻപുറത്തുകാരി കുട്ടിക്കാലം തൊട്ടേ കാൽപന്തു കളിയെ താലോലിച്ചിരുന്നു. കളിക്കാനുള്ള യാതൊരു സാഹചര്യവുമുണ്ടായിരുന്നില്ല. എങ്കിലും ലോകകപ്പിന്റെ ആരവങ്ങൾക്ക് കാതോർത്ത് രാവിനെ പകലാക്കി കളികളെല്ലാം കണ്ടുനടന്ന കുട്ടിക്കാലം. അന്നേ ബ്രസീലിന്റെ ആരാധികയായിരുന്നു. വളർന്നപ്പോൾ അച്ഛനോടു ചോദിച്ചു, ഇതെന്താ ഫുട്‌ബോൾ ആണുങ്ങളുടെ മാത്രം കളിയാണോ?
പന്തിന് ആണെന്നോ പെണ്ണെന്നോ എന്ന വേർതിരിവില്ല. കളിക്കാൻ താൽപര്യമുണ്ടെങ്കിൽ നീയും കളിച്ചോ എന്നായിരുന്നു ഫുട്‌ബോൾ പ്രേമിയായ അച്ഛന്റെ മറുപടി. പിതാവ് അവളെ പെൺകുട്ടികൾക്കായുള്ള സമ്മർ ക്യാമ്പിൽ എത്തിച്ചു. കണ്ണൂർ ജവാഹർ സ്‌റ്റേഡിയത്തിലെ മൈതാനത്ത് ആ പ്രീഡിഗ്രിക്കാരി പന്തു തട്ടിക്കളിച്ചു. പിന്നീട് നിരവധി മൈതാനങ്ങളിൽ പന്തുമായെത്തി. ആരവങ്ങൾക്കിടയിൽ വിജയശ്രീലാൡതയായി. രാജ്യാന്തര തലങ്ങളിൽ നിരവധി വിജയങ്ങൾ നേടി. സുവർണ നേട്ടങ്ങൾ പലതും അവളെ തേടിയെത്തി. ഗോകുലം എഫ്.സി വനിതാ ടീമിന്റെ മുഖ്യ പരിശീലകയായും ഇന്ത്യൻ വനിതാ ഫുട്‌ബോൾ ടീമിന്റെ സഹപരിശീലകയായും ഏഷ്യൻ ഫുട്‌ബോൾ കോൺഫെഡറേഷന്റെ എ ലൈസൻസ് നേടിയ ആദ്യ മലയാളി പരിശീലകയായും കേരള വനിതാ ടീം ക്യാപ്റ്റനായുമെല്ലാം നേട്ടങ്ങളുടെ ഒരു നിര തന്നെ പ്രിയയ്ക്ക് കൂട്ടായുണ്ട്.
മാടായി കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം ബിരുദ പഠനത്തിനായി കണ്ണൂർ കൃഷ്ണമേനോൻ വനിതാ കോളേജിലെത്തിയത് പരിശീലന സൗകര്യം കൂടി കണക്കിലെടുത്തായിരുന്നു. അതിനു ഫലമുണ്ടായി. ഒരു വർഷം പൂർത്തിയാവുന്നതിനു മുൻപു തന്നെ സംസ്ഥാന ടീമിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഒരു വ്യാഴവട്ടക്കാലം കേരളത്തിന്റെ ജഴ്‌സിയണിഞ്ഞു. സെന്റർ ബാക്കിലും വിങ് ബാക്കിലുമെല്ലാം നിറഞ്ഞുനിന്നു.
ഉന്നത പഠനത്തിനായി ബ്രണ്ണൻ കോളേജിലെത്തിയെങ്കിലും അത് പൂർത്തിയാക്കാതെ കാലിക്കറ്റ് യൂനിവേഴ്‌സിറ്റി കാമ്പസിൽ മാസ്റ്റർ ഓഫ് ഫിസിക്കൽ എഡ്യുക്കേഷന് ചേർന്നു. പാട്യാലയിലെ നാഷണൽ സ്‌കൂൾ ഓഫ് സ്‌പോർട്‌സിൽ ചേർന്ന് ഫുട്‌ബോൾ കോച്ചിംഗിൽ ഡിപ്‌ളോമ സമ്പാദിച്ചു. അടുത്ത വർഷം എ.എഫ്.സിയുടെ സി ലൈസൻസും സ്വന്തമാക്കി. കണ്ണൂർ സർവകലാശാലയിൽനിന്നും എം.ഫില്ലും കരസ്ഥമാക്കിയാണ് പരിശീലകയായി കലിക്കറ്റ് യൂനിവേഴ്‌സിറ്റിയിലെത്തിയത്. ആറു വർഷത്തോളം ഫുട്‌ബോൾ കോച്ചും അധ്യാപികയുമായി കലിക്കറ്റ് സർവകലാശാലയിൽ ജോലി നോക്കി. ഇതിനിടയിൽ കേരള ടീമിൽ കളിക്കുകയും ചെയ്തിരുന്നു.
സർവകലാശാലയിൽ ആൺകുട്ടികളെയും പെൺകുട്ടികളെയും പരിശീലിപ്പിക്കാൻ അവസരം ലഭിച്ചു. ബി സോൺ കിരീടം നേടിയതും ഇക്കാലത്താണ്. ഒഡീഷയിലെ സാംബൽപൂർ അക്കാദമിയിൽ എ.എഫ്.സിയുടെ ഒരു മാസം നീണ്ട ബി ലൈസൻസ് പഠനകാലത്ത് പഠിതാക്കളായും അധ്യാപകരായും പുരുഷന്മാർ മാത്രം. ധൈര്യം പകർന്ന് എല്ലാവരും കൂടെ നിന്നു. മുൻ ഇന്ത്യൻ അസിസ്റ്റന്റ് കോച്ച് ഗബ്രിയേൽ ജോസഫ് സാറായിരുന്നു താമസിക്കാനുള്ള സൗകര്യമെല്ലാം ഒരുക്കിയത്.
2010 ൽ ഇന്ത്യൻ സബ് ജൂനിയർ വനിതാ ടീമിന്റെ സഹപരിശീലകയായി നിയമനം. രണ്ടു വർഷത്തിനു ശേഷം മുഖ്യ പരിശീലകയായി. 2012 ലും 2013 ലും ടീം ഏഷ്യൻ ചാമ്പ്യന്മാരായി. തൊട്ടടുത്ത രണ്ടു വർഷം റണ്ണറപ്പുമായി. പിന്നീട് ജൂനിയർ വനിതാ ടീമിന്റെ അസിസ്റ്റന്റ് കോച്ചും ചീഫ് കോച്ചുമായി. ആറു വർഷത്തോളം ഇവരോടൊപ്പം പ്രവർത്തിച്ചു.
കണ്ണൂർ സ്‌പോർട്‌സ് ഡിവിഷൻ സ്‌കൂളിൽ അധ്യാപികയായി സ്ഥിരനിയമനം ലഭിച്ചതാണ് പ്രിയയുടെ ജീവിതത്തിൽ വഴിത്തിരിവായത്. ജോലിക്കു ചേർന്നെങ്കിലും ഇന്ത്യൻ ടീമിനോടൊപ്പം മൂന്നു വർഷത്തോളം തുടർന്നു. അത്‌ലറ്റിക്‌സിലും ബാസ്‌കറ്റ് ബോളിലും വോളിബോളിലുമെല്ലാം മികവു തെളിയിച്ചിരുന്ന സ്‌പോർട്‌സ് ഡിവിഷൻ ഫുട്‌ബോളിൽ നല്ലൊരു ടീമിനെ കെട്ടിപ്പടുക്കാനാണ് തന്നെ നിയമിച്ചതെന്നു ബോധ്യമായി. കാൽപന്തു കളി എന്തെന്നു പോലും അറിയാത്ത ഏഴു കുട്ടികളെയാണ് ലഭിച്ചത്. മറ്റു കളികളിൽനിന്നും പരിക്കു പറ്റിയവരായിരുന്നു അവരിലേറെയും. കണ്ണൂർ സ്‌റ്റേഡിയത്തിൽ ഇവരെയും കൂട്ടി പരിശീലനത്തിനെത്തിയപ്പോൾ കണ്ടുനിന്നവർ പോലും കളിയാക്കിത്തുടങ്ങി. ഒടുവിൽ പരിശീലനം മറ്റൊരു മൈതാനത്തിലേയ്ക്കു മാറ്റുകയായിരുന്നു.
വ്യായാമവും ഷൂട്ടിംഗ് പരിശീലനവും നൽകി നിരന്തര പ്രയത്‌നത്തിലൂടെ അവരെ നല്ല കൡക്കാരാക്കി മാറ്റി. കൂടുതൽ കുട്ടികൾ ടീമിലെത്തി. ഒടുവിൽ ദക്ഷിണേന്ത്യയിലെ മികച്ച സ്‌കൂൾ വനിതാ ടീമായി. സ്‌കൂൾ കായിക മേളയിലും ഖോലെ ഇന്ത്യയിലുമെല്ലാം മികച്ച നേട്ടങ്ങളുണ്ടാക്കി. ഇപ്പോൾ 54 കുട്ടികൾ അവിടെ പരിശീലനം നേടുന്നുണ്ട്.
കേരളത്തിൽ ആദ്യമായി വനിതാ ക്ലബ് വയനാട്ടിൽ രൂപീകരിച്ചപ്പോൾ അവരുടെയും പരിശീലകയായത് പ്രിയയായിരുന്നു. കോഴിക്കോട്ടെ ക്വാർട്‌സ് കഌബ്ബിനെയും പരിശീലിപ്പിച്ചു. തുടർന്നായിരുന്നു ഗോകുലം കോച്ചായത്. ഗോകുലത്തിന്റെ വളർച്ച അതിവേഗമായിരുന്നു. മൂന്നാമത്തെ സീസണെത്തിയപ്പോൾ കപ്പും നേടി. അതോടെ ഇന്ത്യൻ സീനിയർ ടീമിന്റെ സഹപരിശീലക സ്ഥാനത്തേയ്ക്ക് ക്ഷണമെത്തി.
പ്രിയപ്പെട്ട ടീം ബ്രസീലാണെങ്കിലും ജർമനിയുടെ കളി രീതിയോടാണ് പ്രിയക്കിഷ്ടം. അവരുടെ കോച്ചായിരുന്ന ജോഹാക്വിം ലോയ്‌വിനെയാണ് ഏറെയിഷ്ടം. യുവതാരങ്ങളെ കണ്ടെത്താനും അവരെ ഉൾപ്പെടുത്തി മികച്ചൊരു ടീം രൂപപ്പെടുത്താനും അദ്ദേഹത്തിനുള്ള കഴിവ് ഒന്നു വേറെ. ജർമനിയെപ്പോലെ കൗണ്ടർ അറ്റാക്കിംഗ് രീതിയാണ് തനിക്കിഷ്ടമെന്നും പ്രിയ കൂട്ടിച്ചേർക്കുന്നു.
ഇന്ന് കളിക്കാനുള്ള സാഹചര്യങ്ങൾ ഏറെയുണ്ട്. കായിക മേഖലയോട് കേരള ഗവൺമെന്റ് നല്ല സമീപനമാണ് കൈകൊള്ളുന്നത്. വർഷങ്ങൾക്കു ശേഷം ദേശീയ വനിതാ ടൂർണമെന്റ് കേരളത്തിലെത്തുകയാണ്. 26 മുതൽ കണ്ണൂരിലും കോഴിക്കോട്ടും മലപ്പുറത്തുമായാണ് ടൂർണമെന്റ്. കണ്ണൂർ, കൊച്ചി സ്‌പോർട്്‌സ് ഡിവിഷനുകൾക്കു കീഴിൽ വുമൺ ഫുട്‌ബോൾ അക്കാദമികൾക്കു വേണ്ടി മുൻകൈയെടുത്തതും ഈ ഗവൺമെന്റാണ്.
എങ്കിലും ഇന്നും പെൺകുട്ടികൾക്ക് താമസിച്ചു പഠിക്കാനുള്ള അവസരങ്ങൾ കേരളത്തിൽ കുറവാണ്. രണ്ടു ഹോസ്റ്റലുകൾ മാത്രമാണ് ഇവിടെയുള്ളത്. ഇരിങ്ങാലക്കുടയിലും തിരുവല്ലയിലും. കഴിവുള്ള ഒട്ടേറെ കുട്ടികൾ വയനാട് ജില്ലയിലുണ്ട്. അവരെ കണ്ടെത്തി പരിശീലിപ്പിക്കാനുള്ള സംവിധാനമുണ്ടാകണം. ആൺകുട്ടികൾ നാലു കാറ്റഗറിയിൽ മത്സരിക്കുമ്പോൾ പെൺകുട്ടികൾക്ക് ഒറ്റ കാറ്റഗറിയാണുള്ളത്. എട്ടാം കഌസുകാരിയും പന്ത്രണ്ടാം കഌസുകാരിയും ഒന്നിച്ച് കളിക്കുമ്പോൾ അപകട സാധ്യത കൂടുതലാണ്.
ഏഷ്യൻ കപ്പിന്റെ ക്യാമ്പായ ജാംഷഡ്പൂരിലാണ് ഇപ്പോൾ പ്രിയ ഉള്ളത്. ക്യാമ്പിലെ ഒരേയൊരു മലയാളി. ഗോകുലം ക്ലബ് ഒട്ടേറെ പ്രതിസന്ധികളെ അതിജീവിച്ചാണ് നിലനിന്നുപോകുന്നത്. ഈ ക്ലബിനൊപ്പം പ്രവർത്തിക്കാൻ കഴിയുന്നതിൽ ഏറെ സന്തോഷമുണ്ട് -പ്രിയ പറഞ്ഞുനിർത്തി.