വാഷിങ്ടണ്‍- സ്‌കൂളില്‍ തോക്ക് കൊണ്ടുവന്ന് അധ്യാപകരെയും വിദ്യാര്‍ഥികളെയും വെടിവച്ചു കൊല്ലുമെന്ന് ഭീഷണിക്കത്തെഴുതിയ ആറാം ക്ലാസ് വിദ്യാര്‍ഥിനി അമേരിക്കയില്‍ അറസ്റ്റില്‍. ഫ്‌ളോറിഡയിലെ ഡേവിയിലാണ് സംഭവം. നോവ മിഡില്‍ സ്‌കൂളിലെ 11 വയസ്സായ വിദ്യാര്‍ഥിനിയാണ് അറസ്റ്റിലായത്.
കൈകൊണ്ട് എഴുതിയ കത്താണ് കണ്ടെടുത്തത്. അസിസ്റ്റന്റ് പ്രിന്‍സിപ്പലിന്റെ മുറിയുടെ വാതിലിന് അടിയില്‍ വിദ്യാര്‍ഥിനി കത്ത് കൊണ്ടു പോയി വെക്കുകയായിരുന്നെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
വിദ്യാര്‍ഥിനി വാതിലിനടിയില്‍ കത്ത് കൊണ്ടുവെക്കുന്നതിന്റെ ദൃശ്യങ്ങള്‍ നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞതായും അധികൃതര്‍ പറഞ്ഞു. താന്‍ സ്‌കൂളില്‍ ഒരു തോക്ക് കൊണ്ടുവരുമെന്നും അധ്യാപകരെയും വിദ്യാര്‍ഥികളെയും കൊലപ്പെടുത്തുമെന്നുമാണ് കത്തിലുളളത്. ഫെബ്രുവരി 16, 18 തിയതികളില്‍ തോക്ക് കൊണ്ടുവരുമെന്നാണ് എഴുതിയിരിക്കുന്നത്. തയ്യാറായി ഇരുന്നോളൂ എന്നും വിദ്യാര്‍ഥിനി കത്തില്‍ ചേര്‍ത്തിട്ടുണ്ട്.
അധ്യാപകരെയും വിദ്യാര്‍ഥികളെയും അസഭ്യവാക്കുകള്‍ ഉപയോഗിച്ചാണ് കത്തില്‍ അഭിസംബോധന ചെയ്തിരിക്കുന്നത്. പിടിക്കപ്പെട്ടതോടെ തെറ്റ് സമ്മതിക്കുന്ന കത്ത് വിദ്യാര്‍ഥിനി എഴുതി നല്‍കിയതായി പോലീസ് പറഞ്ഞു.
കത്ത് അസി. പ്രിന്‍സിപ്പലിന്റെ മുറിയുടെ വാതിലിന് അടിയില്‍ വെക്കാന്‍ നിര്‍ദേശിച്ചത് മറ്റൊരു വിദ്യാര്‍ഥിനിയാണ്. കത്ത് വെച്ചില്ലെങ്കില്‍ തന്റെ സുഹൃത്തിനെ കൊണ്ട് തല്ലിക്കുമെന്ന് അവള്‍ പറഞ്ഞിരുന്നതായും കുറ്റം സമ്മതിച്ചു കൊണ്ട് വിദ്യാര്‍ഥിനി എഴുതിയ കത്തില്‍ പറയുന്നു. അറസ്റ്റിലായ പെണ്‍കുട്ടിയെ ബ്രോവാര്‍ഡ് അസസ്‌മെന്റ് സെന്ററിലേക്ക് മാറ്റി.






