വാഷിങ്ടണ്‍- അമേരിക്കന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുന്നതിന് മുമ്പ് ഡോണള്‍ഡ് ട്രംപുമായി കിടപ്പറ പങ്കിട്ടതായി വെളിപ്പെടുത്തിയ നീലച്ചിത്ര നടി സ്റ്റോമി ഡാനിയെല്‍സ് ട്രംപുമായുള്ള ബന്ധത്തിന്റെ വിശദാംശങ്ങള്‍ തുറന്നു പറയാന്‍ ഒരുങ്ങുന്നതായി അവരുടെ മാനേജര്‍ പറഞ്ഞു.
ഇക്കാര്യം വെളിപ്പെടുത്താതിരിക്കാന്‍ 1.30 ലക്ഷം ഡോളര്‍ നടിക്ക് നല്‍കിയിരുന്നതായി ട്രംപിന്റെ ദീര്‍ഘകാല അഭിഭാഷകന് സമ്മതിച്ച പശ്ചാത്തലത്തിലാണിത്. രഹസ്യം വെളിപ്പെടുത്താതിരിക്കാനുള്ള കരാര്‍ ലംഘിച്ചതിനാല്‍ ഇനി എല്ലാം തുറന്നു പറയാനാണ് നടി ആഗ്രഹിക്കുന്നതെന്ന് മാനേജര്‍ ഗിന റോഡ്രഗസ് മാധ്യമങ്ങളോട് പറഞ്ഞു.
നടിക്ക് ഇത്രയും വലിയ തുക നല്‍കിയത് എന്തിനാണെന്ന് പറയാന്‍ ട്രംപിന്റെ സഹായിയും പ്രത്യേക അഭിഭാഷകനുമായ മിക്കായില്‍ കോഹന് വിസമ്മതിച്ചിരുന്നു. ട്രംപും ഇതു സംബന്ധിച്ച് പ്രതികരിച്ചിട്ടില്ല. വൈറ്റ് ഹൗസും പ്രതികരിക്കാതെ പിന്മാറി. തെരഞ്ഞെടുപ്പു പ്രചാരണ കാലത്ത് തീര്‍പ്പാക്കിയ വിഷയങ്ങളാണിതെന്നായിരുന്നു വൈറ്റ് ഹൗസിന്റെ പ്രതികരണം. പ്രസിഡന്റിനെതിരെ ഏറ്റവും ഒടുവില്‍ വന്ന അടിസ്ഥാന രഹിതമായ ആരോപണം മാത്രമാണിതെന്നാണ് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് പറഞ്ഞത്.
ട്രംപുമായുള്ള കിടപ്പറ അനുഭവങ്ങള്‍ വിവരിക്കുന്ന നടി സ്റ്റോമി ഡാനിയേല്‍ എന്ന സ്റ്റെഫാനി ക്ലിഫോഡിന്റെ 2011-ലെ അഭിമുഖം പ്രമുഖ യു.എസ് സെലിബ്രിറ്റി മാസികയായ ഇന്‍ ടച്ച് കഴിഞ്ഞ മാസം പുനപ്രസിദ്ധീകരിച്ചിരുന്നു.