Sorry, you need to enable JavaScript to visit this website.

റീന പി.ജിയുടെ കഥാലോകം

മനുഷ്യന്റെ അധികാരം, അധിനിവേശം, സർവാധിപത്യം, ക്രൂരത എന്നിവയെ 'പെരുച്ചാഴി'യുടെ ചോദ്യത്തിലൂടെ വായനക്കാരന് ഒളിച്ചു കടത്തിക്കൊടുക്കുന്നു എന്നതാണ്. പ്രത്യക്ഷ്യത്തിൽ അത് സരസമായ ഒരു വെറും സംഭാഷണമാണ്. എന്നാൽ ഇത് ഇരയും വേട്ടക്കാരനും തമ്മിലുള്ള ജീവൻമരണ പോരാട്ടമാണ്. കഥയിലെ യജമാനൻ അധികാരവും പൊരുച്ചാഴി ഇരയും കെണിക്കൂട് സ്വതന്ത്ര ഭൂമിയുമാണ്. 

 

മലയാള ചെറുകഥ നൂറ്റിമുപ്പതാം ജന്മവാർഷികത്തിലൂടെ കടന്നു പൊയ്‌ക്കൊണ്ടിരിക്കുമ്പോൾ പരമ്പരാഗത മാതൃകകളുടെ അച്ചുതണ്ടിൽ നിന്നും കുതറിത്തെറിച്ച്  ശൂന്യതയിൽ നിന്ന് വിഭൂതി കണ്ടെടുക്കുന്ന ഇന്ദ്രജാലക്കാരന്റെ കരവിരുതുകളോടെ വിസ്മയിപ്പിക്കുന്ന  ആവിഷ്‌കാരങ്ങൾ തേടുകയാണ്.
റീന പി.ജിയുടെ പെരുച്ചാഴി (ജനശക്തി 2021 നവംബർ) ഇത്തരത്തിൽ സ്ഥൂലവും സൂക്ഷ്മവുമായ കഥാഖ്യാനങ്ങളിൽ നിന്ന് ഐറണിയുടെയും സറ്റയറിന്റെയും നടവരമ്പിലൂടെ ഒരു മാജിക്കൽ റിയലിയസ്റ്റിക് കഥയിലേക്ക്  പരകായപ്രവേശം നടത്തുന്ന പുതുകഥയാണ്.
ആഖ്യാനങ്ങളുടെ കുപ്പായം മാറിയുടുത്തെത്തിയ പെരുച്ചാഴി എന്ന കഥ പെരുച്ചാഴിയുടെ തന്നെ കഥയാണ്. പെരുച്ചാഴിയുടെ ആത്മഗതങ്ങളാണ് കഥ.
കഥയിലുടനീളം പ്രതിധ്വനികളാണ്. ജീവനെന്നത് മനുഷ്യരുടേതായാലും ജീവികളുടേതായലും വിലപ്പെട്ടതാണ്. കെണിയിലകപ്പെട്ട ഒരു പെരുച്ചാഴി മണിക്കൂറുകൾ പോലും ബാക്കിയില്ലാത്ത തന്റെ ജീവൻ രക്ഷപ്പെടുത്താൻ കൂട്ടിൽ നിന്ന് രൂപപ്പെടുത്തിയെടുത്ത സൂത്രവിദ്യയിൽ നിന്ന് കെണിവെച്ച യജമാനനെത്തന്നെ സ്വയം കെണിയിൽ പെടുത്തി രക്ഷപ്പെടുന്ന ജാലവിദൃ റീനയുടെ കഥയെഴുത്തിന്റെ (പുതിയ) ആഖ്യാനത്തിന്റെ കൂടി ജാലവിദ്യയാണ്.

 

പെരുച്ചാഴി എന്ന കഥ അത്യന്തികമായി മുന്നോട്ട് വെക്കുന്ന ദർശനം മനുഷ്യൻ തനിക്കുണ്ടെന്ന് അഹങ്കരിച്ചിരുന്ന  മാനവികതയെയും  മനുഷ്യന് നഷ്ടപ്പെട്ട 'മനുഷ്യ' ബോധത്തെയും മൃഗങ്ങളുമായി തുലനം ചെയ്യുക എന്നുള്ളതാണ്.  മനുഷ്യന്റെ സ്വത്വ ബോധത്തെ ഉണർത്തുകയും അത് വഴി പരിണാമ സിദ്ധാന്തത്തിലേക്ക് മനുഷ്യന്റെ ഓർമയെ തിരിച്ചു കൊണ്ടുപോവുക എന്നതാണ്. കൂട്ടിലകപ്പെട്ട പെരുച്ചാഴി, തന്നെ കൊല്ലാൻ കൊണ്ടുപോകുന്ന യജമാനനോട് സൂത്രവിദ്യ ഉപയോഗിച്ച്, മനുഷ്യ വർഗത്തിന്റെ പരിണാമ കഥ പറയുകയും താനും മനുഷ്യനും ഒരേ താവഴിയിലുള്ള ജീനാണെന്നും യജമാനനെ ഒളികണ്ണാൽ പാർത്ത് തട്ടിവിടുകയും തുടർന്ന് പെരുച്ചാഴിയുടെ  വാഗ്‌ധോരണിയിൽ അന്ധാളിച്ച് യജമാനൻ വിഭ്രാന്തനാവുകയും ചെയ്യുന്നത് വരെ ഈ കഥ പിന്തുടർന്നത് മിത്തിന്റെ പാതയാണ്.
ബഷീർ വവ്വാലിനോട് ചോദിക്കുന്നത് പോലെ, റീനയുടെ കഥയിലെ 'പെരുച്ചാഴി'  നീ മനുഷ്യരെ ഉപദ്രവിക്കുകയും സാധനങ്ങൾ  നശിപ്പിക്കുകയും ചെയ്യുന്നു  എന്ന് പറയുന്ന യജമാനനോട് തിരിച്ചു ചോദിക്കുന്നുണ്ട്, ഞാൻ എന്റെ ഭക്ഷണത്തിനുള്ള വക തേടുന്നതല്ലേ..


ഇര തേടുന്നത് കുറ്റകരമാണോ..? എന്ന്.  പ്രത്യക്ഷത്തിൽ കൂട്ടിൽ നിന്ന് രക്ഷപ്പെടാനുള്ള പെരുച്ചാഴിയുടെ സൂത്രവിദ്യയാണെങ്കിലും  മനുഷ്യ വർഗത്തിന്റെ അധികാരത്തിന്റെയും അന്യരുടെ മേലുള്ള  കടന്നുകയറ്റത്തിന്റെയും  പ്രതിധ്വനിയായാണ് പ്രയോഗത്തിൽ കഥ രൂപാന്തരപ്പെട്ടത്.
ഈ ചോദ്യം യജമാനനപ്പുറം പ്രപഞ്ചത്തിലെ ജീവജാലങ്ങളുടെ സ്ഥായിയായ നിലനിൽപിന്റെ അടിസ്ഥാന തത്വത്തിലേക്ക് നീളുന്നു. ഇവിടെ നിന്ന് കഥ ബൗദ്ധികമായ ചിന്തകളിലേക്കും മനുഷ്യ വംശത്തിന്റെ ജൈവികമായ ചോദനകളിലേക്കും  സൈദ്ധാന്തികമായ ഒരു താരതമ്യ പഠനത്തിലേക്കും വായിക്കപ്പെടുന്നു.  


ഇവിടെ എടുത്തു പറയേണ്ട ഒരു വസ്തുത  മനുഷ്യന്റെ അധികാരം, അധിനിവേശം, സർവാധിപത്യം, ക്രൂരത എന്നിവയെ പെരുച്ചാഴിയുടെ ചോദ്യത്തിലൂടെ വായനക്കാരന് ഒളിച്ചു കടത്തിക്കൊടുക്കുന്നു എന്നതാണ്. പ്രത്യക്ഷത്തിൽ അത് സരസമായ ഒരു വെറും സംഭാഷണമാണ്. എന്നാൽ ഇത് ഇരയും വേട്ടക്കാരനും തമ്മിലുള്ള ജീവൻമരണ പോരാട്ടമാണ്. കഥയിലെ യജമാനൻ അധികാരവും പൊരുച്ചാഴി ഇരയും കെണിക്കൂട് സ്വതന്ത്ര ഭൂമിയുമാണ്. സ്വതന്ത്ര ഭൂമിയിൽ മനുഷ്യൻ തന്റെ അധികാരം സ്ഥാപിച്ച്  മേൽക്കോയ്മ പ്രഖ്യാപിക്കുകയാണ് പെരുച്ചാഴിയെ കെണിവെച്ച് വീഴ്ത്തുന്നതിലൂടെ യജമാനൻ  ചെയ്യുന്നത്. കഥയിലൊരിക്കലും യജമാനൻ എന്നല്ലാതെ വീട്ടുടമ എന്ന് പ്രയോഗിച്ചിട്ടില്ലെന്നത് കഥയുടെ സൂക്ഷ്മതയുടെ കരുത്താണ്. 
മനുഷ്യന്റെ ഉള്ളിലെ മൃഗത്തിന് ബോധമുണരുകയും കൈകാലുകൾ  രോമാവൃതമാവുകയും ചുണ്ടിലേക്ക് പല്ലുകൾ കുർത്ത് വരികയും ചെയ്യുന്നു. തന്റെ സ്വത്വത്തെ തിരിച്ചറിയുന്ന  യജമാനന്റെ ശരീരം നേർത്തു വരികയും  അയാൾ സ്വയം പരിണമിച്ച്  പെരുച്ചാഴിയായി മാറി തന്റെ സ്ഥായിയായ രാഷ്ട്രത്തിലേക്ക് - കൂടിലേക്ക് - നൂന്ന് പ്രവേശിക്കുമ്പോൾ പെരുച്ചാഴി പുറംലോകത്തേക്ക് കടന്ന് സ്വതന്ത്രനാവുകയും ചെയ്യുന്നതോടെ കഥ തീരുന്നു.
കഥ എന്ന രൂപകത്തിന്റെ വേഷപ്പകർച്ചയ്ക്കും ആഖ്യാനത്തിന്റെ നവീകരണത്തിനും സമകാലിക കഥകൾക്ക് മാതൃകയാണ് ഈ കഥ.

Latest News