Sorry, you need to enable JavaScript to visit this website.

വരകളുടെ ചാരുത

അഷ്റഫും ഭാര്യ ബുസൈനയും

ഖത്തറിലെ ഫ്‌ളോറൻസ് നഴ്‌സറിയിൽ ഡിസൈനറായി ജോലി ചെയ്യുന്ന അഷ്‌റഫ് കിഴക്കയിൽ വരകളിൽ വിസ്മയം തീർക്കുന്ന കലാകാരനാണ്. പെൻസിൽ ഡ്രോയിംഗിലും ജലച്ചായത്തിലും പുതിയ പരീക്ഷണങ്ങൾ നടത്തുന്ന ഈ ചെറുപ്പക്കാരൻ പ്രവാസ ജീവിതത്തിലെ വിരസ മുഹൂർത്തങ്ങളെ സാർഥകമാക്കുന്നത് കലാസപര്യയിലൂടെയാണ്. ബ്രഷും പെയിന്റുമെടുത്തിരുന്നാൽ പരിസരം പോലും മറന്ന് ഭാവനയുടെയും സൗന്ദര്യ സങ്കൽപങ്ങളുടെയും മേഖലകളിൽ എത്ര നേരം വേണമെങ്കിലും ചെലവഴിക്കുവാനാകുമെന്നതിനാൽ ജീവിതം എന്നും സക്രിയവും സന്തോഷകരവുമാക്കുന്നത് തന്റെ വരകളാണെന്നാണ് അഷ്‌റഫ് പറയുന്നത്.
തലശ്ശേരിക്കടുത്ത് പാനൂർ കൊളവല്ലൂരിൽ യൂസുഫ് - നഫീസ ദമ്പതികളുടെ രണ്ടാമത്തെ മകനായ അഷ്‌റഫ് സ്‌കൂൾ കാലം തൊട്ടേ വരകളോട് പ്രത്യേകം ആഭിമുഖ്യം കാണിച്ചിരുന്നു. ചുറ്റും കാണുന്ന കാഴ്ചകളും മനസ്സിനെ സ്വാധീനിക്കുന്ന ദൃശ്യങ്ങളുമൊക്കെ കടലാസുകളിൽ ആവിഷ്‌കരിച്ചായിരുന്നു കലാപ്രവർത്തനങ്ങളുടെ തുടക്കം. ഡിഗ്രി പഠനകാലത്ത് പരീക്ഷ എഴുതാൻ പോകുമ്പോൾ ബൈക്കിൽ യാത്ര ചെയ്ത സമയത്ത് മഴ കാരണം നാദാപുരത്തെ പ്രശസ്തമായ പള്ളിയോട് ചാരിനിൽക്കുമ്പോൾ മനസ്സിൽ തട്ടിയ ദൃശ്യം ഫോട്ടോ എടുക്കുകയും പിന്നീട് വരക്കുകയും ചെയ്ത് കലാരംഗത്തെ തന്റെ കഴിവ് തെളിയിച്ച അഷ്‌റഫ് കലയുടെ വിശാലമായ ലോകത്ത് തനിക്ക് പലതും ചെയ്യാനാകുമെന്ന് തിരിച്ചറിയുകയായിരുന്നു.


വരകളോടുള്ള അടങ്ങാത്ത ആവേശമാണ് തിരുവനന്തപുരം ഫൈൻ ആർട്‌സ് കോളേജിൽ ബി.എഫ്.എ കോഴ്‌സിൽ ചേരാൻ കാരണമായത്. തിരുവനന്തപുരം ഫൈനാർട്സ് കോളേജിന്റെ ഉൾവശത്തുള്ള ഭാഗം ഫൈനാർട്സിലെ പഠനകാലം ഓർമിച്ചുകൊണ്ട് ഓയിൽ പെയിന്റിംഗിൽ തീർത്തത് ഇന്നും അദ്ദേഹത്തിന്റെ മികച്ച സൃഷ്ടികളിലൊന്നാണ്. പ്രകൃതിയുടെ പ്രതിഭാസങ്ങളും ജീവിതാനുഭവങ്ങളും ജീവിതത്തിലെ അവിസ്മരണീയ മുഹൂർത്തങ്ങളുമൊക്കെ മികച്ച കലാസൃഷ്ടികൾക്ക് പരിസരമൊരുക്കുമെന്നാണ് അഷ്‌റഫ് കരുതുന്നത്. ഫൈൻ ആർട്‌സ് കോളേജിൽ നിന്നും ചിത്രകലയിൽ ബിരുദമെടുത്ത് കുറച്ച് കാലം എറണാകുളത്ത് ആർട്ടിസ്റ്റായി ജോലി ചെയ്ത ശേഷമാണ് അഷ്‌റഫ് ഖത്തറിലെത്തിയത്. ഖത്തറിലെ സജീവമായ കലാരംഗവുമായി നേരിട്ട് ബന്ധപ്പെടാനോ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടാനോ സമയം കണ്ടെത്താതെ തന്റെ ക്രിയാത്മ ലോകത്ത് വിരാചിക്കുവാനാണ് അഷ്‌റഫ് മുൻഗണന നൽകിയത്. ജോലി കഴിഞ്ഞ ശേഷം വരകളുടെ വിശാലമായ ലോകത്ത് യഥേഷ്ടം സഞ്ചരിച്ച് ആത്മസായൂജ്യമടഞ്ഞും കലാസപര്യകളെ സാർഥകമാക്കിയുമാണ് ഈ കലാകാരൻ വ്യത്യസ്തനാകുന്നത്.


പെൻസിൽ ഡ്രോയിംഗ്, ജലച്ചായം, ഓയിൽ, അക്രലിക് തുടങ്ങിയ എല്ലാ മാധ്യമങ്ങളും വഴങ്ങുന്ന അഷ്‌റഫ് ലാന്റ് സ്‌കേപിംഗ് തലത്തിലുള്ള വർക്കുകളിലാണ് കൂടുതലും ശ്രദ്ധിക്കുന്നത്. പ്രകൃതിയുടെ മനോഹാരിതയും പച്ചപ്പിന്റെ സൗന്ദര്യവും പൂക്കളുടെ സൗരഭ്യവുമൊക്കെ അനുഭവവേദ്യമാകുന്ന വരകളും പെയിന്റിംഗുകളും ഏവരെയും ആകർഷിക്കുന്നവയാണ്. പ്രകൃതിയുടെ താളലയങ്ങളും സന്തുലിതത്വവുമാണ് ഏറ്റവും മനോഹരമായ സൃഷ്ടികളുടെ പശ്ചാത്തലമൊരുക്കുന്നത്. ഗൾഫ് പശ്ചാത്തലത്തിൽ വരച്ച ചിത്രങ്ങളും പെയിന്റിംഗുകളും അഷ്‌റഫിന്റെ ശേഖരത്തിൽ കാണാം. ബോട്ടും തോണിയുമൊക്കെയുൾക്കൊള്ളുന്ന കടൽ സഞ്ചാരത്തിന്റെ വൈവിധ്യമാർന്ന ആവിഷ്‌കാരങ്ങൾ ഏറെ ഭാവതലങ്ങളുള്ളവയാണ്. ബുസൈനയാണ് ഭാര്യ. ആദം അഷ്റഫ് മകനാണ്.

Latest News