Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഖത്തറിൽ യെമൻ അംബാസഡറെ നിയമിച്ചു

റിയാദ് - നാലു വർഷം മുമ്പ് ഗൾഫ് പ്രതിസന്ധി പൊട്ടിപ്പുറപ്പെട്ട ശേഷം ആദ്യമായി ഖത്തറിൽ യെമൻ അംബാസഡറെ നിയമിച്ചു. 2017 ൽ ഗൾഫ് പ്രതിസന്ധി പൊട്ടിപ്പുറപ്പെട്ടതോടെ ഖത്തറുമായുള്ള നയതന്ത്രബന്ധം യെമൻ വിച്ഛേദിക്കുകയും ദോഹയിൽ നിന്ന് തങ്ങളുടെ അംബാസഡറെ തിരിച്ചുവിളിക്കുകയുമായിരുന്നു. ഇതിനു ശേഷം ഖത്തറിൽ യെമൻ അംബാസഡറെ നിയമിച്ചിരുന്നില്ല. റാജിഹ് ഹുസൈൻ ഫർഹാൻ ബാദി ആണ് ഖത്തറിലെ പുതിയ യെമൻ അംബാസഡർ. 2014 ൽ യെമൻ യുദ്ധം പൊട്ടിപ്പുറപ്പെടുന്നതിനു മുമ്പ് റാജിഹ് ഹുസൈൻ ഫർഹാൻ ബാദി യെമൻ ഗവൺമെന്റ് വക്താവായി സേവനമനുഷ്ഠിച്ചിരുന്നു. 
അതേസമയം, സമീപ കാലത്ത് ഏദനിലുണ്ടായ സ്‌ഫോടനങ്ങളിൽ ഇറാൻ പിന്തുണയുള്ള ഹൂത്തി മിലീഷ്യകൾക്ക് പങ്കുള്ളതായി യെമൻ പ്രധാനമന്ത്രി മുഈൻ അബ്ദുൽമലിക് പറഞ്ഞു. യെമൻ കൃഷി മന്ത്രി സാലിം അൽസുഖത്രിക്കും ഏദൻ ഗവർണർ അഹ്‌മദ് ലംലസിനും നേരെ ഒക്‌ടോബറിലുണ്ടായ വധശ്രമങ്ങൾ, ഏദൻ എയർപോർട്ടിനു നേരെ കഴിഞ്ഞ മാസാവസാനമുണ്ടായ ആക്രമണം എന്നിവ അടക്കമുള്ള ആക്രമണങ്ങളിലും സ്‌ഫോടനങ്ങളിലും ഹൂത്തികൾക്ക് പങ്കുണ്ടെന്ന് അന്വേഷണങ്ങളിൽ വ്യക്തമായതായി പ്രധാനമന്ത്രി പറഞ്ഞു. താൽക്കാലിക തലസ്ഥാനമായ ഏദനിലെ സുരക്ഷാ സ്ഥിതിഗതികൾ, സമീപ കാലത്ത് ഏദനിലുണ്ടായ ആക്രമണങ്ങളുമായും സ്‌ഫോടനങ്ങളുമായും ബന്ധപ്പെട്ട അന്വേഷണ ഫലങ്ങൾ എന്നിവ കഴിഞ്ഞ ദിവസം യെമൻ മന്ത്രിസഭ വിശകലനം ചെയ്തു. 
ഈ സംഭവങ്ങളിൽ പങ്കുള്ള ഹൂത്തി സംഘങ്ങളെ അറസ്റ്റ് ചെയ്തതായും ഏതാനും ഭീകരാക്രമണങ്ങളുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങൾ ലഭിച്ചതായും പോലീസ് മേധാവി മുതഹർ അൽശുഅയ്ബിയും ഏദൻ ഗവർണർ അഹ്‌മദ് ലംലസും മന്ത്രിസഭക്ക് സമർപ്പിച്ച റിപ്പോർട്ടിൽ പറഞ്ഞു. ആക്രമണങ്ങളിലും സ്‌ഫോടനങ്ങളിലും അന്വേഷണം പൂർത്തിയായ ശേഷം അറസ്റ്റിലായ കുറ്റവാളികളുടെയും സുരക്ഷാ വകുപ്പുകൾക്ക് പിടികിട്ടേണ്ട പ്രതികളുടെയും പേരുവിവരങ്ങൾ പത്രസമ്മേളനത്തിൽ പരസ്യപ്പെടുത്തുമെന്ന് ഏദൻ ഗവർണറും പോലീസ് മേധാവിയും പറഞ്ഞു. ദിവസങ്ങൾക്കുള്ളിൽ വിളിച്ചുചേർക്കുന്ന പത്രസമ്മേളനത്തിൽ അന്വേഷണ വിവരങ്ങൾ പുറത്തവിടുമെന്നും മന്ത്രിസഭക്ക് സമർപ്പിച്ച റിപ്പോർട്ടിൽ ഇരുവരും പറഞ്ഞു.
 

Latest News