Sorry, you need to enable JavaScript to visit this website.

അഹ്മദ് അൽറൈസി ഇന്റർപോൾ പ്രസിഡന്റ്; ഈ പദവിയിലെത്തുന്ന ആദ്യ അറബ് വംശജൻ 

മേജർ ജനറൽ അഹ്മദ് അൽറൈസി

അബുദാബി- ഇന്റർപോൾ പ്രസിഡന്റ് സ്ഥാനത്തേക്ക് യു.എ.ഇ പോലീസ് ഉന്നത ഉദ്യോഗസ്ഥൻ മേജർ ജനറൽ അഹ്മദ് നാസർ അൽറൈസിയെ തെരഞ്ഞെടുത്തു. ഈ പദവിയിൽ എത്തുന്ന പ്രഥമ അറബ് വംശജനാണ് അൽറൈസി. നാല് വർഷക്കാലമാണ് അൽറൈസി ഫ്രാൻസിലെ ലിയോണിൽ ഇന്റർപോൾ ആസ്ഥാനത്ത് ഈ തസ്തികയിൽ സേവനമനുഷ്ഠിക്കുക.
യു.എ.ഇ ആഭ്യന്തര മന്ത്രാലയം ഇൻസ്‌പെക്ടർ ജനറലായാണ് ഇദ്ദേഹം നിലവിൽ പ്രവർത്തിച്ചുവരുന്നത്. ഇന്നലെ തുർക്കിയിൽ നടന്ന യോഗത്തിൽ ചെക്ക് പോലീസ് കേണൽ സാർക്ക ഹവ്രങ്കോവയേക്കാൾ കൂടുതൽ വോട്ടുകൾ നേടിയാണ് അൽറൈസി തെരഞ്ഞെടുക്കപ്പെട്ടത്. 188 അംഗരാജ്യങ്ങളിൽ 140 രാജ്യങ്ങളും അൽറൈസിയെ പിന്തുണച്ചു.1920 കളിൽ ഇന്റർപോൾ സ്ഥാപിതമായതിന് ശേഷം മിഡിൽ ഈസ്റ്റിൽനിന്ന് ഈ സ്ഥാനം ഏറ്റെടുക്കുന്ന പ്രഥമ വ്യക്തി കൂടിയാണ് മേജർ ജനറൽ അൽറൈസി.
ലോകം ആദരിക്കുന്ന പുതിയ പദവി മികച്ച ബഹുമതിയായി കാണുന്നുവെന്ന് അൽറൈസി പറഞ്ഞു. 'സുരക്ഷിതമായ ഒരു ലോകം കെട്ടിപ്പടുക്കുകയാണ് ഇന്റർപോളിന്റെ ലക്ഷ്യം. അംഗരാജ്യങ്ങളുടെ സഹകരണം ലക്ഷ്യം നേടാനുള്ള വലിയ ഘടകമാണ്. അതിനു വേണ്ടിയുള്ള ശ്രമങ്ങൾ തുടരും' -അദ്ദേഹം പറഞ്ഞു. ഇന്റർപോൾ സെക്രട്ടറി ജനാർ ജർഗൻ സ്റ്റോക്ക്, യു.എ.ഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അൻവർ ഗർഗാഷ് തുടങ്ങിയവർ അൽറൈസിന്റെ സ്ഥാനലബ്ധിയെ അഭിനന്ദിച്ചു. നിയമപാലന രംഗത്ത് യു.എ.ഇ കൈവരിച്ച നേട്ടങ്ങൾക്കും കാര്യക്ഷമതക്കും കൂടിയുള്ള അംഗീകാരമാണ് അൽറൈസിന്റെ നിയമനമെന്ന് ഗർഗാഷ് പറഞ്ഞു. 
ഇന്റർപോളിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ ഇതിനകം സേവനമനുഷ്ഠിച്ച അൽറൈസിക്ക് ഈ മേഖലയിൽ വലിയ അനുഭവ ജ്ഞാനമാണുള്ളത്. ഓരോ വർഷവും നടക്കുന്ന ജനറൽ അസംബ്ലിയിലും മൂന്ന് എക്‌സിക്യൂട്ടീവ് യോഗങ്ങളിലും അധ്യക്ഷത വഹിക്കുക പ്രസിഡന്റിന്റെ ചുമതലയാണ്. ഏകദേശം 150 മില്യൺ ഡോളറാണ് ഇന്റർപോളിന്റെ വാർഷിക ബജറ്റ്. 

Tags

Latest News