Sorry, you need to enable JavaScript to visit this website.

നഞ്ചൻഗോഡ്-നിലമ്പൂർ റെയിൽ അട്ടിമറി: ഹെലിപ്പാഡിൽ പ്രതിഷേധം

ജനകീയ സമിതിയുടെ നേതൃത്വത്തിൽ ബത്തേരി ഹെലിപാഡിൽ നടന്ന പ്രതിഷേധം.

ബത്തേരി- നഞ്ചൻഗോഡ്-നിലമ്പൂർ റെയിൽ പദ്ധതി അട്ടിമറിക്കുന്നതിലും തലശേരി-മൈസൂരു റെയിൽ പദ്ധതിയുടെ പേരിൽ ഹെലിബോൺ സർവേ നടത്തി ധനം ദുർവിനിയോഗം ചെയ്യുന്നതിലും ബത്തേരി ഹെലിപ്പാഡിൽ പ്രതിഷേധവുമായി ജനകീയ സമിതി. ബത്തേരി മർച്ചന്റ്‌സ് അസോസിയേഷൻ, നീലഗിരി, വയനാട് എൻ.എച്ച്.ആൻഡ് റെയിൽവേ ആക്ഷൻ കമ്മിറ്റിഎന്നിവയുടെ നേതൃത്വത്തിൽ രൂപീകരിച്ച ജനകീയ സമിതിയാണ് സെന്റ് മേരീസ് കോളേജ് ഗ്രൗണ്ടിലെ ഹെലിപ്പാഡിൽ പ്രതിഷേധിച്ചത്. തലശേരി-മൈസൂരു റെയിൽ പദ്ധതിയുടെ ഹെലിബോൺ സർവേ കഴിഞ്ഞ ദിവസം ആരംഭിച്ച പശ്ചാത്തലത്തിലായിരുന്നു പരിപാടി. ഡോ.പി.ലക്ഷ്മണൻ ഉദ്ഘാടനം ചെയ്തു. പി.വൈ.മത്തായി, പി.സംഷാദ്, അഡ്വ.ടി.എം.റഷീദ്, വിനയകുമാർ അഴിപ്പുറത്ത്, പി.പി.അയ്യൂബ്,  മോഹൻ നവരംഗ്, അഡ്വ.സതീഷ് പൂതിക്കാട്, അഡ്വ. ജോസ് തണ്ണിക്കോട്, ജേക്കബ് ബത്തേരി,  ഉമ്മർ മാടവന, നിസി അഹമ്മദ്, അബ്ദുൽ മനാഫ്, ബില്ലി ഗ്രഹാം, പ്രഭാകരൻ നായർ, റഫീഖ്, വിഷ്ണു വേണുഗോപാൽ തുടങ്ങിയവർ നേതൃത്വം നൽകി.
നഞ്ചൻഗോഡ്-നിലമ്പൂർ റെയിൽ പദ്ധതി അട്ടിമറിക്കാൻ ആസൂത്രിത നീക്കമാണ് നടക്കുന്നതെന്നു നീലഗിരി, വയനാട് എൻ.എച്ച്.ആൻഡ് റെയിൽവേ ആക്ഷൻ കമ്മിറ്റികൺവീനർ അഡ്വ.ടി.എം.റഷീദ് പറഞ്ഞു. കേന്ദ്ര അനുമതി ലഭിച്ച നഞ്ചൻഗോഡ്-നിലമ്പൂർ റെയിൽ പദ്ധതിയുടെ ഡി.പി.ആർ തയാറാക്കാൻകഴിഞ്ഞ യു.ഡി.എഫ് സർക്കാർ ഡി.എം.ആർ.സിയെ ചുമതലപ്പെടുത്തിയിരുന്നു. ഇതിനായി എട്ടു കോടി രൂപയും അനുവദിച്ചു. എന്നാൽ പിന്നീടു വന്ന എൽ.ഡി.എഫ് സർക്കാർ കർണാടക ഭാഗത്തു സർവേ അനുമതിയില്ലെന്ന കാരണം പറഞ്ഞ് ഡി.എം.ആർ.സിക്കു ഫണ്ട് ലഭ്യമാക്കിയില്ല. ഇതോടെ ഡി.പി.ആർ തയാറാക്കുന്നതിൽനിന്നു ഡി.എം.ആർ.സി പിൻവാങ്ങി. നിലവിൽ സംസ്ഥാന സർക്കാർ പ്രാമുഖ്യം നൽകുന്ന 
തലശേരി-മൈസൂരു റെയിൽ പദ്ധതിക്കു കേന്ദ്രാനുമതി ലഭ്യമായിട്ടില്ല. സർവേ നടത്താൻ കർണാടക അനുവാദം നൽകിയിട്ടില്ല. എന്നിട്ടും 18 കോടി രൂപ മുടക്കി കേരളത്തിൽ മാത്രം  തിരക്കിട്ട് സർവേ നടത്തുന്നത് പൊതു പണത്തിന്റെ ദുർവിനിയോഗമാണ്. 
വനത്തിൽ പാത ടണലുകൾ വഴിയെങ്കിൽ നിലമ്പൂർ-നഞ്ചൻഗോഡ് റെയിൽ പദ്ധതി സർവേക്കു ബന്ധപ്പെട്ട ഏജൻസി വഴി അപേക്ഷിച്ചാൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി കേന്ദ്രത്തിന് റിപ്പോർട്ട് നൽകണമെന്നു കർണാടക സർക്കാർ കേരള സർക്കാരിനെ രേഖാമൂലം അറിയിച്ചതാണ്. എന്നിട്ടും അപേക്ഷ നൽകാൻ കേരള സർക്കാർ തയാറാകുന്നില്ല. നിലമ്പൂർ-നഞ്ചൻഗോഡ് റെയിൽ പദ്ധതി അട്ടിമറിച്ചല്ല തലശേരി-മൈസൂരു  പദ്ധതി പ്രാവർത്തികമാക്കേണ്ടത്. ഇപ്പോഴത്തെ നടപടികൾ വയനാട്ടുകാരിൽ ഭൂരിപക്ഷത്തെയും അവഹേളിക്കുന്നതിനു തുല്യമാണ്.സമ്മർദ ശക്തികൾക്കു വഴങ്ങുന്നത് ജനാധിപത്യ സർക്കാറിന് ഭൂഷണമല്ല. കുട്ട-ഗോണിക്കുപ്പ വഴി ബദൽപാത കൊണ്ടുവന്നു ദേശീയപാത 766 അടച്ചുപൂട്ടാൻ
ശ്രമിക്കുന്നഅതേ ശക്തികളാണ് നിലമ്പൂർ-നഞ്ചൻഗോഡ് റെയിൽ പദ്ധതി അട്ടിമറിക്കുന്നതിനു പിന്നിൽ പ്രവർത്തിക്കുന്നതെന്നും റഷീദ് ആരോപിച്ചു. 

 

Latest News