Sorry, you need to enable JavaScript to visit this website.

ആർ.എസ്.പിയുടെ മുതിർന്ന നേതാവ് അബനിറോയ് അന്തരിച്ചു

ന്യൂദൽഹി- ആർ.എസ്.പി  കേന്ദ്ര സെക്രട്ടറിയേറ്റ് അംഗവും മുൻ രാജ്യസഭാ അംഗവുമായ അബനിറോയ് (82) നിര്യായതനായി. വിദ്യാർത്ഥി സംഘനടനാ പ്രവർത്തനത്തിലൂടെ പൊതുരംഗത്ത് സജീവമായ അബനി റോയ് ആർ.വൈ.എഫ്, യു.ടി.യു.സി  പ്രവർത്തനങ്ങളിലൂടെ ആർ.എസ്.പി യുടെ കേന്ദ്ര സെക്രട്ടറിയേറ്റംഗമായ നേതാവാണ്.  കഴിഞ്ഞ ഏഴു വർഷമായി ദൽഹിയിൽ എൻ.കെ പ്രേമചന്ദ്രൻ എംപിയുടെ വസതിയിലായിരുന്നു താമസം. ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ ഐക്യത്തിനും യു.പി.എ രൂപീകരണത്തിനും നേതൃത്വം നൽകിയ നേതാവ് കൂടിയാണ് അബനിറോയ്.
    1978 മുതൽ 1980 വരെ കൽക്കട്ട കോർപ്പറേഷൻ കൗൺസലർ ആയിരുന്നു. 1998- 2004, 2004-2009 കാലയളവിൽ രണ്ടുതവണ രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു.  ട്രാൻസ്‌പോർട്ട് & ടൂറിസം പാർലമെൻററി കമ്മിറ്റി, ലേബർ കൺസൾട്ടേറ്റീവ് കമ്മിറ്റി, റയിൽവേ പാർമെൻററി കമ്മിറ്റി, ധനകാര്യ കൺസൾട്ടേറ്റീവ് കമ്മിറ്റി, സബ് ഓർഡിനേറ്റ് ലെജിസ്ലേഷൻ കമ്മിറ്റി, ആരോഗ്യവും കുടുംബക്ഷേമവും കൺസൾട്ടേറ്റീവ് കമ്മിറ്റി, കെമിക്കൽ & ഫെർട്ടിലൈസേഷൻ പാർലമെൻററി കമ്മിറ്റി തുടങ്ങി വിവിധ കമ്മിറ്റികളിൽ അംഗമായിരുന്നു.
    ആർഎസ്പി യുടെ കേരളത്തിലെ പ്രവർത്തനങ്ങളുമായി നേരിട്ട്  ബന്ധപ്പെട്ടിരുന്ന നേതാവായിരുന്നു അബനി റോയ്.  1939 മാർച്ച് പത്തിനു അലഹബാദിലാണ് ജനനം. ഭട്ട് നാഥ്‌റോയുടെയും മിറിൻമോയ് ദേവിയുടെയും മകനാണ്. ആർഎസ്പിക്ക് വേണ്ടി സമർപിത ജീവിതം നയിച്ച  അബനിറോയ് അവിവാഹിതനാണ്.  പാർട്ടി ഡൽഹി കേന്ദ്ര കമ്മിറ്റി ഓഫീസിന്റെ ചുതലയും അബനി റോയ് വഹിച്ചുന്നു.
ദൽഹിയിൽ റയ്‌സിന ബംഗാളി ഹയർ സെക്കണ്ടറി സ്‌ക്കൂളിലും, കൽക്കട്ട റാം മോഹൻ റോയി സരണി സ്‌ക്കൂളിലും വിദ്യാഭ്യാസം പൂർത്തിയാക്കി. തുടർന്ന് പശ്ചിമ ബംഗാളിലും ന്യുഡൽഹിയിലുമായി ആർ.എസ്.പിയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
 

Latest News