Sorry, you need to enable JavaScript to visit this website.

സാമ്പത്തിക സംവരണം; എട്ടു ലക്ഷം വരുമാന പരിധി പുനപരിശോധിക്കും

ന്യൂദൽഹി- അഖിലേന്ത്യാ മെഡിക്കൽ പ്രവേശനത്തിനുള്ള സാമ്പത്തിക സംവരണത്തിന് കുടുംബ വരുമാന പരിധി എട്ടു ലക്ഷം രൂപയാക്കി നിശ്ചയിച്ചത് പുനപരിശോധിക്കുമെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ. വരുമാന പരിധിയിൽ തീരുമാനം ആകുന്നതു വരെ നീറ്റ് പി.ജി പ്രവേശനത്തിനുള്ള കൗൺസിലിംഗ് നാല് ആഴ്ചത്തേക്കു കൂടി നീട്ടി.
കേസിൽ നേരത്തെ വാദം കേൾക്കവേ സാമ്പത്തിക സംവരണ വരുമാന പരിധി വിഷയത്തിൽ സുപ്രീംകോടതി നിരവധി വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. കേസ് ഇന്നലെ പരിഗണനയ്ക്ക് എടുത്തപ്പോൾ എട്ടു ലക്ഷം രൂപ കുടുംബ വരുമാന പരിധി നിശ്ചയിച്ചത് സർക്കാർ പുനപരിശോധിക്കുമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത വ്യക്തമാക്കി. വിഷയം പഠിക്കാൻ സർക്കാർ ഒരു സമിതി രൂപീകരിക്കും. നാല് ആഴ്ചയ്ക്കുള്ളിൽ പുതിയ തീരുമാനം എടുക്കുമെന്നും മേത്ത വ്യക്തമാക്കി. അതുവരെ പിജി വിദ്യാർഥികളുടെ കൗൺസിലിംഗ് നടക്കില്ലെന്നും അദ്ദേഹം ഉറപ്പു നൽകി.
    എന്നാൽ, നീറ്റ് പ്രവേശനത്തിനു സാമ്പത്തിക സംവരണം ഏർപ്പെടുത്തുന്നത് അടുത്ത അധ്യയന വർഷത്തേക്കു മാറ്റി വെക്കണമെന്നു പരാതിക്കാർക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ അരവിന്ദ്് പി. ദത്താർ ആവശ്യപ്പെട്ടു. ഇക്കാര്യം പ്രായോഗികമാണോ എന്ന് സുപ്രീംകോടതി സോളിസിറ്റർ ജനറലിനോട് ആരാഞ്ഞു. വിദ്യാർഥികളുടെ സമയം നഷ്ടപ്പെടുന്നു എന്നതിനാൽ അടുത്ത അധ്യയന വർഷത്തേക്കു മാറ്റി വെക്കുന്നത് പരിഗണിക്കാവുന്നതാണെന്ന് ജസ്റ്റീസ് ഡി.വൈ ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി. എന്നാൽ, ഭരണഘടന ഭേദഗതിയിലൂടെ സാമ്പത്തികം സംവരണം ഏർപ്പെടുത്തുന്നതിനുള്ള നപടിക്രമങ്ങൾ സർക്കാർ ചെയ്യുന്നതിനാൽ അക്കാര്യം ബുദ്ധിമുട്ടാണെന്നായിരുന്നു തുഷാർ മേത്തയുടെ മറുപടി. സർക്കാരിനെ സമ്മർദത്തിലാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും ചെയ്യുന്ന കാര്യങ്ങൾ കൃത്യമായി ചെയ്യണമെന്നും കോടതി ചൂണ്ടിക്കാട്ടി. മെഡിക്കൽ പ്രവേശനം നീണ്ടു പോകുന്നതിൽ ആശങ്കയുണ്ടെന്നും ജസ്റ്റീസ് ചന്ദ്രചൂഡ് പറഞ്ഞു. കേസ് അടുത്ത ജനുവരി ആറിനു വീണ്ടും പരിഗണിക്കും.
    സാമ്പത്തിക സംരവണത്തിനുള്ള വരുമാനപരിധി ഒബിസി ക്രീമിലെയറിനും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുന്നാക്ക വിഭാഗങ്ങൾക്കും എട്ടു ലക്ഷമാക്കി എങ്ങനെ കണക്കാക്കുമെന്നാണ് കോടതി നേരത്തെ ചോദിച്ചത്. ഇത് സംബന്ധിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിച്ചില്ലെങ്കിൽ സാമ്പത്തിക സംവരണ വിജ്ഞാപനം മരവിപ്പിക്കുമെന്നു പോലും കോടതി താക്കീത് നൽകിയിരുന്നു. ഒബിസി വിഭാഗത്തിൽ സംവരണം അനുവദിക്കുന്നത് സാമൂഹികമായും വിദ്യാസപരമായും പിന്നാക്കം നിൽക്കുന്നതിനാലാണ്. ഒബിസി ക്രീമിലെയർ എന്നത് പിന്നാക്ക സമുദായത്തിൽ ഉന്നമനത്തിലുള്ളവരാണ്. ഈ വിഭാഗത്തിന് നൽകുന്ന എട്ട് ലക്ഷ സംവരണ പരിധി എങ്ങിനെ സാമ്പത്തിക സംവരണത്തിൽ മാനദണ്ഡമാക്കാനാകുമെന്നാണ് കോടതി ചോദിച്ചത്. 
    മെഡിക്കൽ ബിരുദ, ബിരുദാനന്തര, ഡെന്റൽ കോഴ്‌സുകൾക്കുള്ള അഖിലേന്ത്യ മെഡിക്കൽ പ്രവേശനത്തിന് ഒബിസിക്ക് 27 ശതമാനവും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് പത്തു ശതമാനവും സംവരണം ഏർപ്പെടുത്താനാണ് കഴിഞ്ഞ ജൂലൈയിൽ സർക്കാർ തീരുമാനിച്ചത്. എന്നാൽ, സംവരണം ഈ അധ്യയന വർഷം ആരംഭിക്കരുതെന്ന് ചൂണ്ടിക്കാട്ടി പരാതിക്കാർ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
 

Latest News