Sorry, you need to enable JavaScript to visit this website.

അയല്‍വാസിയെ കേസില്‍ കുടുക്കാന്‍ ചാരായം കുഴിച്ചിട്ടു; രണ്ടാം പ്രതിയും അറസ്റ്റില്‍

തൃശൂര്‍- അയല്‍വാസിയുടെ വീടിനുപിറകില്‍   ചാരായം കുഴിച്ചിട്ട് കള്ള  കേസില്‍ കുടുക്കാന്‍ ശ്രമിച്ച കേസില്‍ രണ്ടാം പ്രതിയും അറസ്റ്റില്‍. പാലപ്പിള്ളി സ്വദേശി ജിഷ്ണു രാമകൃഷ്ണനെയാണ്  ( 26 )   കൊരട്ടി സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ ബി.കെ. അരുണും സംഘവും അറസ്റ്റു ചെയ്തത്.

ഇക്കഴിഞ്ഞ ഏപ്രില്‍ എട്ടിനാണ്  കേസിനാസ്പദമായ സംഭവം. ഒന്നാം പ്രതി
പാലപ്പിള്ളി സ്വദേശി പള്ളത്ത് വീട്ടില്‍ രാജേഷിനെ  (41)  ജൂലൈ 31 ന്  
അറസ്റ്റു ചെയ്ത് റിമാന്റ് ചെയ്തിരുന്നു.

പാലപ്പിള്ളിയില്‍ പലചരക്കു കട ഉടമസ്ഥനായ   രാജേഷ് പൊതു റോഡ് കൈയ്യേറി വീട്ടിലേക്കുള്ള വഴിയില്‍ ചെറിയ പാലം കോണ്‍ക്രീറ്റ് ചെയ്തത് അയല്‍വാസിയും കെ. എസ്. ഇ. ബി  ജീവനക്കാരനുമായ പാലപ്പിള്ളി   കോപ്പി വീട്ടില്‍ സതീഷ്  ചോദ്യം ചെയ്തു. കൂടാതെ    ബന്ധപ്പെട്ട അധികാരികള്‍ക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു.

തുടര്‍ന്ന് പൊതു സ്ഥലം കൈയ്യേറി     പണിത കോണ്‍ക്രീറ്റ് സ്ലാബ്   പൊളിച്ചു മാറ്റേണ്ടി വന്നതിലുള്ള വൈരാഗ്യമാണ് സതീഷിനെ കള്ളക്കേസില്‍ കുടുക്കാന്‍  പ്രേരിപ്പിച്ചത്.
തനിക്കെതിരെ   അധികാരികള്‍ക്ക് പരാതി നല്‍കിയതിനാല്‍  സതീഷിനെ  തല്ലുമെന്ന് രാജേഷ് ഭീഷണിപ്പെടുത്തുകയും മറ്റും ചെയ്തിരുന്നു. തുടര്‍ന്ന്  രാജേഷും, സുഹൃത്തായ ജിഷ്ണുവും ചേര്‍ന്ന്  അഞ്ചു ലിറ്റര്‍ ചാരായം ഇവരുടെ   വീട്ടില്‍  സ്വന്തമായി  നിര്‍മ്മിച്ച് അയല്‍വാസിയായ  സതീഷിന്റെ പണി നടന്നുകൊണ്ടിരിക്കുന്ന പുതിയ വീടിനു പുറകില്‍ അഞ്ചു കുപ്പികളിലാക്കി കുഴിച്ചിട്ടു.
പിന്നീട്  രണ്ടാം പ്രതി ജിഷ്ണു  കൊരട്ടി പോലീസിനെ  ഫോണില്‍  വിളിച്ച് സതീഷ് വീടുതാമസത്തിന് ചാരായം നിര്‍മ്മിച്ച് പറമ്പില്‍ കോഴികൂടിനു സമീപം  കുഴിച്ചിട്ടിട്ടുണ്ടെന്ന്   അറിയിക്കുകയായിരുന്നു.
പോലീസ് നടത്തിയ പരിശോധനയില്‍ അഞ്ചു  ലിറ്റര്‍ ചാരായം കണ്ടെത്തുകയു ണ്ടായി.  എന്നാല്‍ രഹസ്യ ഫോണ്‍ സന്ദേശത്തില്‍ സംശയവും  അസ്വാഭാവികതയും  തോന്നിയ പോലീസ്     ഈ സംഭവത്തിന്റെ നിജസ്ഥിതി അറിയുന്നതിനും  യഥാര്‍ത്ഥ പ്രതിയെ പിടികൂടുന്നതിനും പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു.
തങ്ങളെ  പോലീസ് തിരിച്ചറിഞ്ഞെന്ന് മനസിലാക്കിയ രാജേഷും ജിഷ്ണുവും  ഒളിവില്‍ പോയി.  രാജേഷിനെ പോലീസ് പിടികൂടിയതറിഞ്ഞ് ജിഷ്ണു  മംഗലാപുരത്തേക്ക്  പോയിരുന്നു. പിന്നീട് രഹസ്യമായി വെള്ളികുളങ്ങരയിലെ ഭാര്യ വീട്ടില്‍  സന്ദര്‍ശനം നടത്തി ഒളിത്താവളത്തിലേക്ക് പോകുന്നതിനിടെ  ജിഷ്ണുവിനെ  പോലീസ്  തന്ത്രപരമായി പിടികൂടുകയായിരുന്നു.
രാജേഷിന്റെ  ആവശ്യപ്രകാരമാണ്  പോലീസിനെ ഫോണ്‍ വിളിച്ച് കള്ളക്കഥ ഉണ്ടാക്കിയതെന്ന്   ജിഷ്ണു പോലീസിനോട് പറഞ്ഞു. പോലീസിനെ കൃത്യമായ ഇടപെടല്‍ മൂലം മാത്രമാണ്  ഒരു നിരപരാധി കേസില്‍ അകപ്പെടാതെ രക്ഷപ്പെട്ടത്.
ലോക്ക് ഡൗണ്‍ കാലത്ത് മുരിങ്ങൂരില്‍ പൂട്ടിക്കിടന്ന വര്‍ക്ക് ഷോപ്പില്‍  വച്ച് ചാരായം നിര്‍മിച്ച കേസില്‍ രാജേഷ് നേരത്തെ അറസ്റ്റിലായിരുന്നു.
ഇപ്പോള്‍ പിടിയിലായ രണ്ട് പ്രതികള്‍ക്കെതിരെ യും വ്യാജചാരായം നിര്‍മ്മിച്ചതിനും, അയല്‍വാസിയെ കള്ള കേസില്‍ കുടുക്കാന്‍ ശ്രമിച്ചതിനും, പോലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചതിനുമുള്ള കുറ്റമാണ്  ചുമുത്തുന്നതെന്ന് പോലീസ് പറഞ്ഞു.

 

Latest News