Sorry, you need to enable JavaScript to visit this website.

ഐഫോൺ തൊടരുത്

  • പെഗാസസ് നിർമാതാക്കളായ ഇസ്രായിൽ കമ്പനിയെ തടയാൻ ആപ്പിൾ കമ്പനി  കോടതിയിൽ 

വിവിധ രാജ്യങ്ങളിൽ സൃഷ്ടിച്ച പെഗാസസ് ഫോൺ ചോർത്തൽ വിവാദം തുടരുന്നതിനിടെ, ചാര സോഫ്റ്റ്‌വെയർ നിർമിച്ച ഇസ്രായിൽ കമ്പനിക്കെതിരെ കേസുമായി ആപ്പിൾ കമ്പനി. ലോകത്തെമ്പാടും ഉപയോഗത്തിലുള്ള 100 കോടിയിലേറെ ഐഫോണുകൾ ലക്ഷ്യമിടുന്നതിൽനിന്ന് ചാരസോഫ്റ്റ് വെയറിനെ തടയണമെന്നാണ് ആവശ്യം. 
പതിനായിരക്കണക്കിന് ആക്ടിവിസ്റ്റുകളേയും പത്രപ്രവർത്തകരേയും രാഷ്ട്രീയ നേതാക്കളേയും ഇരകളാക്കി രഹസ്യങ്ങൾ ചോർത്തിയെന്ന ആരോപണമാണ്  പെഗാസസ് സ്‌പൈവെയറും നിർമാതാക്കളായ ഇസ്രായിൽ കമ്പനിയായ എൻ.എസ്.ഒയും നേരിടുന്നത്. പല രാജ്യങ്ങളിലും ഇസ്രായിൽ ചാര സോഫ്റ്റ്‌വെയർ കേന്ദ്രീകരിച്ച് വിവാദം തുടരുന്നതിനിടെയാണ് എൻ.എസ്.ഒയെ കൂടുതൽ കുഴപ്പത്തിലാക്കി സിലിക്കൺവാലി ഭീമന്റെ ഹരജി. 


വിവിധ രാജ്യങ്ങളിലെ സർക്കാരുകൾ തുടരുന്ന ഭരണകൂട ഭീകരതക്കും അടിച്ചമർത്തലുകൾക്കും സഹായകമായിഎന്ന ആരോപണത്തെത്തുടർന്ന് അമേരിക്കൻ സ്ഥാപനങ്ങളിൽ നിന്നുള്ള കയറ്റുമതി നിയന്ത്രിക്കുന്നതിനായി  യു.എസ് അധികൃതർ എൻ.എസ.്ഒയെ ഈയിടെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു.
ഉപയോക്താക്കൾക്ക് ഹാനികരമായി കൂടുതൽ ദുരുപയോഗം തടയുന്നതിന്, ആപ്പിൾ സോഫ്റ്റ്‌വെയറോ സേവനങ്ങളോ ഉപകരണങ്ങളോ ഉപയോഗിക്കുന്നതിൽനിന്ന് എൻ.എസ.്ഒയെ ശാശ്വതമായി തടയണമെന്നാണ് ആപ്പിൾ കമ്പനി ആവശ്യപ്പെടുന്നത്.


പ്രതികൾ കുപ്രസിദ്ധ ഹാക്കർമാരും  21ാം നൂറ്റാണ്ടിലെ കൂലിപ്പടയാളികളുമാണെന്ന് കാലിഫോർണിയയിലെ യു.എസ് ഫെഡറൽ കോടതിയിൽ കേസ് ഫയൽ ചെയ്ത കാര്യം വെളിപ്പെടുത്തി ആപ്പിൾ പറഞ്ഞു. കമ്പനി നിർമിച്ച
അത്യധികം സങ്കീർണമായ സൈബർനിരീക്ഷണ യന്ത്രങ്ങൾ വലിയ തോതിലാണ് സ്വകാര്യതയെ ലംഘിക്കുന്നത്. 


ആരോപണങ്ങൾ നിഷേധിക്കുന്ന ഇസ്രായിൽ കമ്പനി  തങ്ങളുടെ സോഫ്റ്റ്‌വെയർ തീവ്രവാദത്തിനും മറ്റ് കുറ്റകൃത്യങ്ങൾക്കുമെതിരെ അധികൃതർ ഉപയോഗിക്കുന്നതിന് വേണ്ടിയുള്ളതാണെന്ന് വാദിക്കുന്നു.
കുട്ടികളെ ചൂഷണം ചെയ്യുന്നവർക്കും തീവ്രവാദികൾക്കും സാങ്കേതിക സുരക്ഷിത കേന്ദ്രങ്ങളിൽ സ്വതന്ത്രമായി പ്രവർത്തിക്കാൻ കഴിയുന്നുണ്ടെന്നും അതിനെതിരെ പോരാടാനുള്ള നിയമപരമായ ഉപകരണങ്ങളാണ് തങ്ങൾ  ഗവൺമെന്റുകൾക്ക് നൽകുന്നതെന്നും എൻ.എസ്.ഒ വാദിക്കുന്നു. സത്യത്തിന് വേണ്ടി നിലകൊള്ളുമെന്നും എൻ.എസ്.ഒ പ്രസ്താവനയിൽ അവകാശപ്പെടുന്നു.
സ്മാർട്ട്‌ഫോണുകൾ പ്രധാനമായും പോക്കറ്റിൽ കിടന്ന് ചാരപ്പണി നടത്തുന്ന ഉപകരണങ്ങളാക്കി മാറ്റുകയാണ് പെഗാസസ് ചെയ്യുന്നത്. ഇത് ഉപയോക്താവിന്റെ സന്ദേശങ്ങൾ വായിക്കാനും ഫോട്ടോകൾ കാണാനും  അവരുടെ ലൊക്കേഷൻ ട്രാക്കുചെയ്യാനും അവരറിയാതെ ക്യാമറ ഓണാക്കാനും സഹായിക്കുന്നു. 


100 കോടിയിലധികം  ഐഫോണുകൾ ഉൾപ്പെടെ, ലോകമെമ്പാടും 1.65 ബില്യൺ സജീവ ആപ്പിൾ ഉപകരണങ്ങൾ ഉണ്ടെന്ന് ആപ്പിൾ പറയുന്നു.
ആപ്പിളിൽനിന്നുള്ള കേസ് എൻ.എസ്.ഒ ഭീമൻ ടെക് സ്ഥാപനത്തിൽ നിന്നുള്ള ആദ്യത്തേതല്ല. 2019 ൽ ഫേസ്ബുക്ക് എൻ.എസ്.ഒ ഗ്രൂപ്പിനെതിരെ കേസ് ഫയൽ ചെയ്തിരുന്നു. മാധ്യമപ്രവർത്തകർക്കും മനുഷ്യാവകാശ പ്രവർത്തകർക്കുമെതിരെ സൈബർ ചാരപ്രവർത്തനം നടത്താൻ വാട്‌സാപ്പ് മെസഞ്ചർ ഉപയോഗിച്ചെന്നായിരുന്നു ആരോപണം. വാട്‌സാപ്പ് ഉപയോഗിക്കുന്നവരിൽ നിന്ന് വിലപ്പെട്ട വിവരങ്ങൾ മോഷ്ടിക്കാൻ ക്ഷുദ്ര സോഫ്റ്റ്‌വെയർ ഉപയോഗിച്ചുവെന്നും കാലിഫോർണിയ ഫെഡറൽ കോടതിയിൽ ഫയൽ ചെയ്ത ഹരജിയിൽ ബോധിപ്പിച്ചിരുന്നു. 


വിവിധ രാജ്യങ്ങളിലെ വിവാദം ഇസ്രായിൽ കമ്പനിയായ എൻ.എസ്.ഒയെ ബാധിച്ചിരുന്നു. 500 മില്യൺ ഡോളറിലധികം സ്ഥാപനത്തിന് ആപ്പിളിന്റെ ഹരജി കൂടുതൽ പ്രതിസന്ധിയുണ്ടാക്കുമെന്ന് കരുതുന്നു.  യു.എസ് ഉപരോധത്തിന് ശേഷം പെഗാസസ് വാങ്ങാനുള്ള നീക്കത്തിൽനിന്ന് ഫ്രാൻസ് പിൻവാങ്ങിയതായി റിപ്പോർട്ടുകളിൽ പറയുന്നു. 
പെഗാസസിനെക്കുറിച്ച് ആശങ്ക ഉയർന്നപ്പോൾ തന്നെ ആപ്പിൾ പരിഹാരം കണ്ടെത്തിയിരുന്നു. ഉപയോക്താക്കൾ ക്ഷുദ്ര സന്ദേശത്തിലോ ലിങ്കിലോ ക്ലിക്കുചെയ്യാതെ തന്നെ ഉപകരണങ്ങളെ പെഗാസസ് ബാധിക്കുമെന്ന ആശങ്കയെ തുടർന്നാണ് ആപ്പിൾ ഉപകരണങ്ങളെ സുരക്ഷിതമാക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചത്.  


സീറോക്ലിക്ക് എന്ന് വിളിക്കപ്പെടുന്ന ആക്രമണം നടത്താനും ലക്ഷ്യമിടുന്ന  ഉപകരണത്തെ നിശബ്ദമായി കേടുവരുത്താനും പെഗാസസിനു കഴിയുമെന്ന്  കാനഡയിലെ സൈബർ സെക്യൂരിറ്റി നിരീക്ഷണ സ്ഥാപനമായ സിറ്റിസൺ ലാബിലെ ഗവേഷകരാണ് തിരിച്ചറിഞ്ഞത്.  
ഇത്തരം ആക്രമണങ്ങൾക്ക് ലക്ഷ്യമിട്ട ഉപയോക്താക്കളെ വിവരം അറിയിച്ചിരുന്നുവെന്നും ഇവരുടെ എണ്ണം കൂടുതലില്ലെന്നും ആപ്പിൾ വെളിപ്പെടുത്തി. കൂലിപ്പടയാളി സ്‌പൈവെയർ സ്ഥാപനങ്ങൾ ലോകത്തെ ഏറ്റവും ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങൾക്കും രാജ്യാന്തര അടിച്ചമർത്തൽ പ്രവർത്തനങ്ങൾക്കും സൗകര്യമൊരുക്കിയിട്ടുണ്ടെന്ന് സിറ്റിസൺ ലാബ് ഡയറക്ടർ റോൺ ഡീബർട്ട് പറഞ്ഞു.
 

Latest News