ദല്‍ഹി മെട്രോയില്‍ ഡ്രൈവറില്ലാത്ത രണ്ടാമത്തെ ട്രെയിന്‍ സര്‍വീസ്

ന്യൂദല്‍ഹി- ദല്‍ഹി മെട്രോയില്‍  ഡ്രൈവറില്ലാത്ത രണ്ടാമത്തെ  ട്രെയിന്‍ സര്‍വീസ് ആരംഭിച്ചു. ഇന്ന് രാവിലെ കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരിയും ദല്‍ഹി ഗതാഗത മന്ത്രി കൈലാഷ് ഗഹ്ലോട്ടും ചേര്‍ന്നാണ് സര്‍വീസ് ഫ്ളാഗ് ഓഫ് ചെയ്തത്. മജ്ലിസ് പാര്‍ക്ക് മുതല്‍ ശിവ് വിഹാര്‍ വരെയാണ് പിങ്ക് മെട്രോ പാത.
ഇക്കാര്യത്തില്‍ ആഗോളതലത്തില്‍ ഈ വിഭാഗത്തിലെ നാലാമത്തെ സേവന ദാതാവാണ് ദല്‍ഹി മെട്രോ. ക്വാലാലംപൂരിന് തൊട്ടുപിന്നിലാണ് ദല്‍ഹിയുടെ സ്ഥാനം. ഒരു വര്‍ഷത്തിനുള്ളില്‍, രണ്ടാമത്തെ ഡ്രൈവറില്ലാ ട്രെയിന്‍ ഓപ്പറേഷന്‍ ആരംഭിക്കാന്‍ കഴിഞ്ഞു. ദല്‍ഹി മെട്രോയെ ലോകത്തിലെ ഏറ്റവും മികച്ച മെട്രോയുമായി താരതമ്യപ്പെടുത്താം- പുരി പറഞ്ഞു.

ഡി.എം.ആര്‍.സിയുടെ കണ്‍ട്രോള്‍ റൂമിലിരുന്ന് വണ്ടി നിയന്ത്രിക്കുന്ന തരത്തിലാണ് ഡ്രൈവറില്ലാ വണ്ടിയുടെ പ്രവര്‍ത്തനം. പൂര്‍ണമായും സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയാണ് ഈ വണ്ടി പ്രവര്‍ത്തിക്കുന്നത്.

2021 പകുതിയോടെ പിങ്ക് ലൈനില്‍ ഡ്രൈവറില്ലാ ട്രെയിനുകള്‍ ആരംഭിക്കുമെന്ന് ഡി.എം.ആര്‍.സി അധികൃതര്‍ കഴിഞ്ഞ വര്‍ഷം പറഞ്ഞിരുന്നു. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്നാണ് സര്‍വീസ് വൈകിയത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 28 നാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി മജന്ത ലൈനില്‍ രാജ്യത്തെ ആദ്യത്തെ ഡ്രൈവറില്ലാ ട്രെയിന്‍ പുറത്തിറക്കിയത്. 2025 ഓടെ 25 നഗരങ്ങളിലേക്ക് മെട്രോ സര്‍വീസുകള്‍ വ്യാപിപ്പിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു. നിലവില്‍ 18 നഗരങ്ങളിലാണ് മെട്രോ ഓടുന്നത്.

 

Latest News