Sorry, you need to enable JavaScript to visit this website.

മകന്‍ ശബു സ്വപ്നം സാക്ഷാത്കരിച്ച സന്തോഷം പങ്കുവെച്ച് മുനവ്വറലി ശിഹാബ് തങ്ങള്‍

മലപ്പുറം- സയ്യിദ് മുഹമ്മദലി ശിഹാബ്(ശബു) ഖുർആന്‍ മനഃപാഠം പൂർത്തീകരിച്ച സന്തോഷത്തില്‍ മുനവ്വറലി ശിഹാബ് തങ്ങള്‍. സ്വപ്നം സാക്ഷാത്കരിച്ചിരിക്കയാണെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ പറയുന്നു.
 
ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം
 
അൽഹംദുലില്ലാഹ്...!
ഇന്ന് ഞങ്ങളുടെ മകൻ സയ്യിദ് മുഹമ്മദലി ശിഹാബ്(ശബു) ഹിഫ്ള് പൂർത്തീകരിച്ചു. ഒരു പിതാവെന്ന നിലയിൽ ജീവിതത്തിലെ ഏറ്റവും അഭിമാനം തോന്നിയ നിമിഷമാണിത്. എന്റെയും ഭാര്യയുടെയും ഏറ്റവും വലിയ ഒരു സ്വപ്നമായിരുന്നു ഇത്. മകനെ ഹാഫിള് ആക്കണമെന്നത് ഭാര്യയുടെ നിർബന്ധബുദ്ധിയായിരുന്നു.
ഖുർആൻ മനഃപാഠമാക്കുക എന്ന ദൗത്യം പൂർത്തീകരിച്ചു കൊണ്ട് ഞങ്ങളുടെ സ്വപ്നം സാക്ഷാത്കരിച്ചിരിക്കുകയാണ് ഞങ്ങളുടെ ശെബു മോൻ. മനപ്പാഠമാക്കിയ ഖുർആൻ ഇന്ന് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾക്ക് വളരെ മനോഹരമായി പാരായണം ചെയ്തു കൊടുത്തപ്പോൾ സന്തോഷത്താൽ മനസ്സ് നിറഞ്ഞു കവിയുകയായിരുന്നു. ജീവിതത്തിൽ നാം അനുഭവിക്കുന്ന ചില സന്തോഷങ്ങൾ വാക്കുകൾക്കതീതമാണ്. ഈയൊരു മുഹൂർത്തത്തിൽ ഞങ്ങൾക്കുണ്ടായ സന്തോഷം എങ്ങനെ പറഞ്ഞറിയിക്കണമെന്ന് അറിയില്ല.
അല്ലാഹുവിന്റെ അപാരമായ അനുഗ്രഹത്താൽ ആറായിരത്തിലധികം വരുന്ന ആയത്തുകൾ അടങ്ങിയ പരിശുദ്ധ ഖുർആൻ മനപ്പാഠമാക്കാൻ സാധിച്ചത് മകന് ലഭിച്ച വലിയൊരു സൗഭാഗ്യമാണ്.
ഞങ്ങളൊക്കെ ചെറുപ്പത്തിലെ ഖുർആനുമായി ബന്ധിപ്പിച്ചത് ഞങ്ങളുടെ ഉമ്മയാണ്. ഖുർആൻ ഹൃദയത്തോട് ചേർത്തു പിടിച്ചു ജീവിച്ച ഉമ്മ അതേ രീതിയിൽ തന്നെ ഞങ്ങളെയും വളർത്തി. ദിവസവും സുബഹിക്ക് ശേഷവും മഗ്രിബിന് ശേഷവും ഖുർആൻ പാരായണം ചെയ്യൽ ഞങ്ങൾക്കു മേൽ ഉമ്മയുടെ നിർബന്ധമായിരുന്നു. ഖുർആനിൻറെ പലഭാഗങ്ങളും ഉമ്മയും ഹൃദിസ്ഥമാക്കിയിരുന്നു. യാത്രാ വേളകളിലും മറ്റും ഖുർആനിലെ സൂക്തങ്ങൾ ഓതി കേൾപ്പിക്കൽ ഉമ്മയുടെ പതിവായിരുന്നു. ഞങ്ങളുടെ മകന് ഖുർആൻ മനപ്പാഠമാക്കുകയെന്ന സൗഭാഗ്യം ലഭിച്ചതിൽ ഉമ്മ അതിയായി സന്തോഷിക്കുന്നുണ്ടാകും.
മകന് ഖുർആൻ മനഃപാഠമാക്കാൻ പരിശീലിപ്പിച്ച അമീൻ ഉസ്താദ്, ഉമറുൽ ഫാറുഖ് ഹുദവി, ഉസ്താദ് അബ്ദുൽ സലാം, ഉസ്താദ് മുഹമ്മദ് ഇഹ്സാൻ, 'സ്ട്രൈറ്റ് പാത്ത് സ്കൂൾ ഓഫ് ഖുർആൻ' അതിൻറെ മേധാവി ആസിഫ് ദാരിമി പുളിക്കൽ, സ്കൂൾ സി.ഇ.ഒ മുഹമ്മദ് റഫീഖ് ,മാനേജർ റഊഫ് ,ഇതിന്റെ ഭാഗമായ മറ്റു എല്ലാവർക്കും എല്ലാവിധ നന്ദിയും കടപ്പാടും അറിയിക്കുന്നു. മനഃപാഠമാക്കിയ ഭാഗങ്ങൾ മറക്കാതിരിക്കുവാനും അത് ജീവിതത്തിൽ പകർത്തുവാനും സമൂഹത്തിന് ഉപകാരപ്പെടുന്ന മകനായി വളരുവാനും വേണ്ടി നിങ്ങളുടെ വിലയേറിയ പ്രാർത്ഥനകളിൽ മകനെയും ഉൾപ്പെടുത്തണം. അല്ലാഹു അനുഗ്രഹിക്കട്ടെ,
 
 
 
 

Latest News