Sorry, you need to enable JavaScript to visit this website.

മാലിന്യക്കൂമ്പാരത്തില്‍ നിന്ന് വിവാഹമോതിരവും  രേഖകളും; ഉടമക്ക് തിരിച്ചു നല്‍കി ഹരിതകര്‍മ്മ സേന

കോഴിക്കോട്- മാലിന്യ കൂമ്പാരത്തില്‍നിന്നും കിട്ടിയ വിവാഹ മോതിരവും  രേഖകളും ഉടമയെ കണ്ടെത്തി തിരിച്ചു നല്‍കി കോഴിക്കോട് മുക്കത്തെ ഹരിതകര്‍മ്മ സേനാംഗങ്ങള്‍. എന്നന്നേക്കുമായി നഷ്ടപ്പെട്ടെന്ന് കരുതിയവ തിരിച്ചു കിട്ടിയ സന്തോഷത്തിലാണ് തിരുവമ്പാടി സ്വദേശി രേഖ. മാലിന്യം തരംതിരിക്കുന്നതിനിടെ ലഭിച്ച 6 ഗ്രാം സ്വര്‍ണ മോതിരവും വെള്ളി ആഭരണങ്ങളും തിരിച്ചറിയല്‍ രേഖകളുമാണ് ഹരിതകര്‍മ സേനാംഗങ്ങള്‍ ഉടമക്ക് നല്‍കിയത്. മുക്കം നഗരസഭയിലെ വിവിധയിടങ്ങളില്‍നിന്നായി ശേഖരിച്ച മാലിന്യങ്ങള്‍ തരംതിരിക്കുന്നതിനിടെയാണ് ഒരു സ്വര്‍ണതിളക്കം ലിജിനയുടെ കണ്ണില്‍പെട്ടത്. വിശദമായി പരിശോധിച്ചപ്പോള്‍ 6 ഗ്രാം തൂക്കമുള്ള സ്വര്‍ണമോതിരം, ഒരു വെള്ളി മോതിരം, ആധാര്‍കാര്‍ഡ്, വോട്ടര്‍ ഐഡി കാര്‍ഡ് എന്നിവയും ഒപ്പം കിട്ടി. തിരിച്ചറിയല്‍ കാര്‍ഡിലൂടെ തിരുവമ്പാടി സ്വദേശി രേഖയുടെതാണിതെല്ലാമെന്ന് മനസിലായി. രണ്ട് മാസം മുന്‍പ് ഒരു ബസ് യാത്രക്കിടെയിലാണ് വിവാഹമോതിരമുള്‍പ്പടെയുള്ള പഴ്‌സ് രേഖയ്ക്ക് നഷ്ടമായത്. പലയിടങ്ങളിലും പോയി അന്വേഷിച്ചു. കൊടുവള്ളി പൊലീസ് സ്‌റ്റേഷനില്‍ പരാതിയും നല്‍കിയിരുന്നു. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ഹരിത സേനാംഗങ്ങളില്‍നിന്നും രേഖ സാധനങ്ങള്‍ കൈപ്പറ്റി.
 

Latest News