ബംഗളൂരു- കർണാടകയിൽ ഉദ്യോഗസ്ഥന്റെ വീട്ടിൽ പരിശോധനക്ക് എത്തിയ ഉദ്യോഗസ്ഥർ പൈപ്പ് പൊട്ടിച്ചപ്പോൾ പുറത്തുവന്നത് വെള്ളമല്ല. പകരം ലക്ഷകണക്കിന് രൂപയും സ്വർണവും. വീടിനകത്ത് തന്നെ സജ്ജീകരിച്ചിരിക്കുന്ന പൈപ്പിനകത്താണ് ഇയാൾ പണം ഒളിപ്പിച്ചുവെച്ചിരുന്നത്. കൽബുർഗി ജില്ലയിലെ പി.ഡബ്യു.ഡി എൻജിനീയർ ശാന്ത ഗൗഡ ബിറാദറിന്റെ വീട്ടിൽ നടത്തിയ റെയ്ഡിലാണ് പണം കണ്ടെത്തിയത്. പൈപ്പ് പൊട്ടിച്ചതോടെ അതിനകത്തുനിന്നും നോട്ടുകെട്ടുകൾ പുറത്തേക്ക് വരികയായിരുന്നു. സംസ്ഥാന വ്യാപകമായി നടക്കുന്ന റെയ്ഡിലാണ് ബിറാദറിന്റെ വീട്ടിലും അന്വേഷണ സംഘം എത്തിയത്. 25 ലക്ഷം രൂപയും നിരവധി സ്വർണാഭരണങ്ങളും ഇവിടെനിന്ന് കണ്ടെത്തി. സംസ്ഥാന വ്യാപകമായി അറുപത് സ്ഥലത്താണ് റെയ്ഡ് നടന്നത്.






