Sorry, you need to enable JavaScript to visit this website.
Thursday , January   20, 2022
Thursday , January   20, 2022

ശബ്ദം കൊണ്ട് അഭിനയം

റിയ സൈറ
അമ്മയ്‌ക്കൊപ്പം


അഭിനേത്രി എന്ന നിലയിൽ റിയ സൈറ പ്രേക്ഷകർക്ക് സുപരിചിതയാണ്. എന്നാൽ അറിയപ്പെടുന്ന ഡബ്ബിംഗ് ആർട്ടിസ്റ്റാണെന്ന് എത്ര പേർക്കറിയാം. പ്രസിദ്ധ ഡബ്ബിംഗ് ആർട്ടിസ്റ്റായ സൈറയുടെ മകൾക്ക് പാരമ്പര്യത്തിന്റെ കരുത്ത് ഏറെയുണ്ടായിരുന്നു. അതുകൊണ്ടാകണം ഒരു ചിത്രത്തിലെ രണ്ടു കഥാപാത്രങ്ങൾക്ക് ശബ്ദം നൽകാനും അത് അംഗീകരിക്കപ്പെടാനും ഇടയായത്. ഈ വർഷത്തെ മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റിനുള്ള സംസ്ഥാന പുരസ്‌കാരമാണ് റിയയെ തേടിയെത്തിയിരിക്കുന്നത്. 
സച്ചി സംവിധാനം ചെയ്ത പൃഥ്വിരാജും ബിജു മേനോനും മത്സരിച്ചഭിനയിച്ച അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ രണ്ടു കഥാപാത്രങ്ങൾക്കാണ് റിയ ശബ്ദം നൽകിയത്. ഗൗരി നന്ദ ഭാവം പകർന്ന കണ്ണമ്മ എന്ന കഥാപാത്രത്തിനും അന്ന രാജൻ വേഷമിട്ട റൂബിക്കും ശബ്ദം നൽകിയതിലൂടെയാണ് ഈ അംഗീകാരം റിയയെ തേടിയെത്തിയത്. കണ്ണമ്മയുടേത് ശക്തമായ കഥാപാത്രമാണെങ്കിൽ റൂബിയുടേത് ഭർത്താവിന്റെയും ഭർതൃപിതാവിന്റെയും ധാർഷ്ട്യത്തിൽ ഉള്ളുരുകി ജീവിക്കുന്ന ഒരു കഥാപാത്രമായിരുന്നു.
ഈ രംഗത്തേയ്ക്ക് കൈപിടിച്ചുയർത്തിയ അമ്മയ്ക്കാണ് റിയ തനിക്കു ലഭിച്ചിരിക്കുന്ന അംഗീകാരം സമർപ്പിക്കുന്നത്. നാലാം വയസ്സിൽ അമ്മയുടെ കൈപിടിച്ച് സ്റ്റുഡിയോയിലെത്തിയ റിയ ഇപ്പോഴും തന്റെ ദൗത്യം നിർവഹിച്ചുകൊണ്ടിരിക്കുന്നു.


അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ കണ്ണമ്മയ്ക്കു വേണ്ടി നിരവധി ഡബ്ബിംഗ് ആർട്ടിസ്റ്റുകളെ സമീപിച്ചിരുന്നുവെങ്കിലും ഒടുവിൽ നറുക്കു വീണത് എനിക്കായിരുന്നു. സംവിധായകനായിരുന്നു എന്നെ വിളിച്ചത്. ഡബ്ബിംഗ് സ്റ്റുഡിയോയിലെത്തിയപ്പോൾ കഥാപാത്രത്തെക്കുറിച്ച് വ്യക്തമായി പറഞ്ഞുതന്നു. വോയ്‌സ് ടെസ്റ്റും നടത്തി. കണ്ണമ്മയുടേത് ശക്തമായ കഥാപാത്രമായിരുന്നു. ആ ധൈര്യവും ബോൾഡ്‌നസും ശബ്ദത്തിലുമുണ്ടാകണം. അൽപം ഭയത്തോടെയാണെങ്കിലും ഒടുവിൽ കണ്ണമ്മയാകാൻ തീരുമാനിക്കുകയായിരുന്നു. ഓരോ വാക്കിന്റെയും മോഡുലേഷനും സന്ദർഭവും എല്ലാം വിശദമായി പറഞ്ഞുതന്ന് സച്ചിയേട്ടൻ കൂടെയുണ്ടായിരുന്നു. സമയമേറെ എടുത്താണ് കണ്ണമ്മയ്ക്കായി ഡബ്ബ് ചെയ്തത്. എന്നാൽ റൂബിയിലെത്തുമ്പോൾ ഏറെ വ്യത്യസ്തമായിരുന്നു അനുഭവം. ഒരു പാവം പെൺകുട്ടിയായിരുന്നു റൂബി. കണ്ണമ്മയുടെ ഡബ്ബിംഗ് പൂർത്തിയായ ശേഷമാണ് റൂബിക്കായി ശബ്ദം നൽകിയത്. 
സംസ്ഥാന പുരസ്‌കാരം ലഭിച്ചു എന്നറിഞ്ഞപ്പോൾ ഏറെ സന്തോഷം തോന്നി. എന്നാൽ ഈ സന്തോഷം പങ്കുവെയ്ക്കാൻ സച്ചിയേട്ടനില്ലല്ലോ എന്നറിയുമ്പോഴാണ് സങ്കടം.
കണ്ണമ്മയ്ക്കു പുരസ്‌കാരം ലഭിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഒരു പരിപാടിയിൽ പങ്കെടുത്തുകൊണ്ടിരിക്കേ ടെലിവിഷനിൽ വാർത്ത കണ്ട് അമ്മയാണ് വിളിച്ചുപറഞ്ഞത്. ആദ്യം എനിക്ക് ഉൾക്കൊള്ളാനായില്ല. കാരണം സംസ്ഥാന പുരസ്‌കാരമെന്നത് ചെറിയ കാര്യമല്ല. മാത്രമല്ല, അമ്മയാണ് എന്നെ ഈ രംഗത്തേയ്ക്കു കൊണ്ടുവന്നത്. അമ്മയുടെ മടിയിൽ കിടന്നാണ് ആദ്യമായി ഡബ്ബ് ചെയ്തത്. അതുകൊണ്ടു തന്നെ ഈ പുരസ്‌കാരം അമ്മയ്ക്കുള്ളതാണ്.


കാൽ നൂറ്റാണ്ടു കാലമായി ഡബ്ബിംഗ് രംഗത്ത് പ്രവർത്തിക്കുന്നയാളാണ് അമ്മ. ഡബ്ബിംഗ് ലോകത്തേയ്ക്കു കൈപിടിച്ചുയർത്തിയ അമ്മ നൽകിയ പാഠങ്ങളാണ് എനിക്ക് പ്രചോദനം. അമ്മ ഡബ്ബിംഗിന് പോകുമ്പോൾ എന്നെയും കൊണ്ടുപോകുമായിരുന്നു. അങ്ങനെയാണ് സ്ത്രീ എന്ന പരമ്പരയ്ക്കു വേണ്ടി ഡബ്ബിംഗ് ചെയ്തത്. സിനിമയിലെ തുടക്കം കല്യാണ രാമനിലൂടെയായിരുന്നു. കഥാപാത്രത്തിന്റെ ഭാവം പറഞ്ഞുതരുമ്പോൾ അതേ രീതിയിൽ അവതരിപ്പിക്കും. തുടർന്ന് നിരവധി കഥാപാത്രങ്ങൾക്ക് ശബ്ദം നൽകി. ശിക്കാറിൽ മൈഥിലിക്കും സെക്കന്റ് ഷോയിൽ ഗൗതമി നായർക്കും പുതിയ തീരങ്ങളിലെ നമിതയ്ക്കും നോർത്ത് 24 കാതത്തിലും മോസയിലെ കുതിരമീനുകൾക്കു വേണ്ടി സ്വാതി റെഡ്ഡിക്കും ഇവൻ മര്യാദ രാമനിലും ധമാക്കയിലും നിക്കി ഗൽറാണിക്കും ദി ഗ്രേറ്റ് ഫാദറിൽ സ്‌നേഹയ്ക്കും മാമാങ്കത്തിൽ പ്രാചി തെഹ്‌ലാനും ഇഷ്‌കിൽ ആൻ ശീതളിനും അഞ്ചാം പാതിരയിൽ ഉണ്ണിമായയ്ക്കും തുടങ്ങി ഒട്ടേറെ കഥാപാത്രങ്ങൾക്ക് ശബ്ദം നൽകി. പുറത്തിറങ്ങാനുള്ള സല്യൂട്ടിൽ സാനിയ അയ്യപ്പനു വേണ്ടിയും ശബ്ദം നൽകിയിട്ടുണ്ട്. അഭിനയത്തേക്കാൾ പ്രയാസകരമാണ് ഡബ്ബിംഗ്. എങ്കിലും വെല്ലുവിളികളേറെയുള്ള കഥാപാത്രങ്ങൾ അവതരിപ്പിക്കാനാണ് ഇഷ്ടം -റിയ പറയുന്നു.


അഭിനയ രംഗത്തേയ്ക്കുള്ള കടന്നുവരവ് തികച്ചും ആകസ്മികമായിരുന്നു. സൂര്യ ടി.വിയിലെ ബിഗ് ബ്രേയ്ക്ക് എന്ന റിയാലിറ്റി ഷോയിൽ പങ്കെടുത്തിരുന്നു. അന്ന് വിധികർത്താവായി എത്തിയത് ലാൽജോസ് സാറായിരുന്നു. റിയാലിറ്റി ഷോയിലെ പ്രകടനം കണ്ടാണ് ജോയ് മാത്യു സാർ ഷട്ടറിലേയ്ക്കു ക്ഷണിക്കുന്നത്. ചിത്രത്തിൽ നൈല എന്ന കഥാപാത്രത്തെയായിരുന്നു അവതരിപ്പിച്ചത്. തുടർന്ന് 22 ഫീമെയിൽ കോട്ടയം എന്ന ചിത്രത്തിൽ ടിസ കെ. എബ്രഹാം എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. പിന്നീട് ഒന്നിനു പിറകെ ഒന്നായി ഒട്ടേറെ ചിത്രങ്ങൾ. തീവ്രത്തിലെ നിമ്മി, ചാപ്‌റ്റേഴ്‌സിലെ ജിൻസി, അരികിൽ ഒരാളിലെ ഹെലൻ, റേഡിയോ ജോക്കിയിലെ സരിത, ഒരു ഇന്ത്യൻ പ്രണയ കഥയിലെ മെർലിൻ, ലോ പോയന്റിലെ സാറ, മിലിയിലെ കല്യാണി, കുമ്പളങ്ങി നൈറ്റ്‌സിലെ സുമീഷ, വികൃതിയിലെ സജിത... തുടങ്ങി ചെറുതും വലുതുമായ ഒട്ടേറെ വേഷങ്ങൾ.. സുരാജ് വെഞ്ഞാറമൂടിന്റെ റോയ്, ജാനേ മൻ, തേര്, തരുൺ മൂർത്തിയുടെ സൗദി വെള്ളയ്ക്ക എന്നിവയാണ് പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങൾ.
പണ്ടുകാലത്ത് ഡബ്ബിംഗിനെക്കുറിച്ച് അധികമാർക്കും അറിയുമായിരുന്നില്ല. പിന്നണിയിൽ പ്രവർത്തിക്കുന്നതുകൊണ്ട് ഇങ്ങനെയൊരു വിഭാഗമുണ്ടെന്നു കൂടി ആരുമറിഞ്ഞിരുന്നില്ല. എന്നാൽ ഇപ്പോൾ അവസ്ഥ മാറി. ഈ മേഖലയെക്കുറിച്ച് പ്രേക്ഷകരും മനസ്സിലാക്കിത്തുടങ്ങി. ഏറെ അധ്വാനം വേണ്ടിവരുന്ന ജോലിയാണിത്. കഥാപാത്രത്തിന് അനുയോജ്യമായ രീതിയിൽ സംസാരിക്കുക. വികാര വിചാരങ്ങൾ കൃത്യമായി സംയോജിപ്പിച്ചു വേണം ഓരോ കഥാപാത്രങ്ങളെയും മിനുക്കിയെടുക്കേണ്ടത്.
കഥാപാത്രം പൂർണത നേടുന്നത് അവരുടെ ശബ്ദത്തിലൂടെയാണ്. ഡബ്ബിംഗിൽ ശബ്ദം നൽകുക എന്നതിനപ്പുറം ആ കഥാപാത്രമായി മാറുകയാണ്. അവരുടെ ചുണ്ടുകളുടെ ചലനം കൃത്യമായി നിരീക്ഷിക്കണം. ഡബ്ബിംഗ് ആർട്ടിസ്റ്റുകൾ നല്ല അഭിനേതാക്കളാകണം. കഥാപാത്രത്തെ മനസ്സിൽ ആവാഹിച്ചു വേണം ഡബ്ബ് ചെയ്യാൻ. എങ്കിൽ മാത്രമേ കഥാപാത്രത്തിന് പൂർണത കൈവരികയുള്ളൂ -റിയ പറയുന്നു.

 

Latest News