മംഗളുരുവില്‍ എട്ടു വയസ്സുകാരിയെ കൂട്ട ബലാത്സംഗം ചെയ്തു കൊന്നു; 4 പേര്‍ അറസ്റ്റില്‍

മംഗളുരു- ഞായറാഴ്ച മംഗളുരുവില്‍ എട്ടു വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ കര്‍ണാടക പോലീസ് നാലു പേരെ അറസ്റ്റ് ചെയ്തു. മധ്യപ്രദേശ് സ്വദേശികളായ ജയ്ബന്‍ (21), മുകേഷ് സിങ് (20), മുനിം സിങ് (20), ജാര്‍ഖണ്ഡ് സ്വദേശി മനിഷ് ടിര്‍കി (33) എന്നിവരാണ് അറസ്റ്റിലായത്. ജയ്ബനും മുകേഷും മനീഷും വമന്‍ജൂരില്‍ ഒരു ടൈല്‍സ് ഫാക്ടറിയില്‍ ജോലിക്കാരാണ്. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ ജാര്‍ഖണ്ഡ് സ്വദേശികളായ മാതാപിതാക്കളും ജോലി ചെയ്യുന്നത് ഇവിടെയാണ്. 

സംഭവം നടക്കുന്നതിനു നാലു ദിവസം മുമ്പ് പ്രതികള്‍ ഒത്തുചേര്‍ന്ന് മദ്യപിക്കുമ്പോഴാണ് ഈ ക്രൂരകൃത്യത്തിന് പദ്ധതിയിട്ടതെന്ന് പോലീസ് പറഞ്ഞു. ഞായറാഴ്ച കൂടുതല്‍ ജോലിക്കാര്‍ ഇല്ലാത്ത സമയം നോക്കി കൃത്യം ചെയ്യാമെന്നായിരുന്നു പദ്ധതി. മറ്റു പ്രതികളും ഇവരോടൊപ്പം ചേര്‍ന്നു. ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണി സമയത്ത് ഫാക്ടറി പരിസരത്ത് കളിച്ചുകൊണ്ടിരിക്കെ പെണ്‍കുട്ടിയെ പ്രതി ജയ്ബന്‍ തട്ടിക്കൊണ്ടു പോയി തന്റെ മുറിയിലെത്തിച്ചു. ഇവിടെ വച്ചാണ് പ്രതികള്‍ ഊഴമിച്ച് കുട്ടിയെ പീഡിപിച്ചത്. കുട്ടി അലറിക്കരഞ്ഞപ്പോള്‍ ജയ്ബന്‍ കഴുത്തു ഞെരിച്ചു കൊല്ലുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. ശേഷം കുട്ടിയുടെ മൃതദേഹം സമീപത്തെ അഴുക്കുചാലില്‍ തള്ളുകയായിരുന്നു.
 

Latest News