ന്യൂദല്‍ഹി- കേരളത്തില്‍ ബി.ജെ.പി പ്രവര്ത്തകന് കൊല്ലപെട്ട സംഭവത്തില്‍ ശക്തമായ അന്വേഷണം വേണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. ഇടതുപക്ഷ സര്‍ക്കാരിന്റെ പിന്‍ബലത്തില്‍ കേരളം ഇസ്ലാമിക തീവ്രവാദത്തിന്റെ അരങ്ങാകുന്നതായും അദ്ദേഹം ആരോപിച്ചു. പാലക്കാട്ടെ ആര്.എസ്.എസ് പ്രവര്ത്തകന് സഞ്ജിത്തിന്റെ കൊലപാതകത്തിന് ഉത്തരവാദികളായ പോപ്പുലര്‍ ഫ്രണ്ട് ഭീകരരെ അറസ്റ്റ് ചെയ്യുന്നതിന് സംസ്ഥാന സര്‍ക്കാര്‍ യാതൊരു നടപടികളും സ്വീകരിക്കുന്നില്ല. സംസ്ഥാനത്ത് ഉയര്‍ന്നു വരുന്ന ഇസ്ലാമിക ഭീകരവാദത്തെയും സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുന്നു. അടുത്ത കാലത്തായി ആയിരക്കണക്കിന് ഹലാല്‍ ഹോട്ടലുകളാണ് കേരളത്തില്‍ ഉയരുന്നത്. വസ്ത്രത്തിന്റെയും ഭക്ഷണത്തിന്റെയും പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള തീവ്രവാദികളുടെ അജണ്ടയാണിത്. ഇത് കേരളത്തെ മറ്റൊരു സിറിയയാക്കി മാറ്റുന്നതിലേക്ക് എത്തിക്കുമെന്നും സുരേന്ദ്രന് പറഞ്ഞു.
ബി.ജെ.പി ദേശീയ ആസ്ഥാനത്ത് നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് ബി.ജെ.പി നേതാവിന്റെ പ്രസ്താവന. കേന്ദ്ര സഹമന്ത്രിമാരായ വി. മുരളീധരനും രാജീവ് ചന്ദ്രശേഖറും ഒപ്പമുണ്ടായിരുന്നു.
കേരളത്തില്‍ ഭരണകക്ഷിയായ സി.പി.എമ്മും മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസും വോട്ട് ബാങ്ക് ലക്ഷ്യമിട്ട് ഇസ്ലാമിക തീവ്രവാദികളെ പിന്തുണയ്ക്കുകയാണ്. രാജ്യത്തിന് തന്നെ ഭീഷണിയാകുന്ന വിധത്തിലുള്ള കാര്യങ്ങളാണ് കേരളത്തില്‍ നടക്കുന്നത്. ചാവക്കാട്ട് ബിജുവിന്റെയും പാലക്കാട്ട് സഞ്ജിത്തിന്റെയും കൊലപാതകം തീവ്രവാദ ശൈലിയില്‍ ആസൂത്രണം ചെയ്തു നടപ്പാക്കിയതാണ്. പട്ടാപ്പകല്‍ ഭാര്യയോടൊപ്പം ബൈക്കില്‍ യാത്ര ചെയ്യുമ്പോഴാണ് സഞ്ജിത്ത് ക്രൂരമായി കൊല ചെയ്യപ്പെട്ടത്. പട്ടാപ്പകല്‍ നടുറോഡില്‍ വെച്ച് നടന്ന കൊലപാതകത്തിലെ കുറ്റവാളികളെ കണ്ടെത്താന്‍ പോലീസിന് സാധിച്ചിട്ടില്ല. ദിവസങ്ങള്‍ ഏറെ കഴിഞ്ഞാണ് കൊലയാളികള്‍ സഞ്ചരിച്ച വാഹനത്തിന്റെ ചിത്രം പോലും പോലീസ് പുറത്തു വിടുന്നത്. കേരളത്തിലെ ഭീകരവാദ സംഘടനകളുടെ പ്രവര്‍ത്തനങ്ങളെ കുറിച്ചും പോലീസിന്റെയും സര്‍ക്കാരിന്റെയും നിഷ്ക്രിയത്വത്തെ കുറിച്ചും സംസ്ഥാന ബി.ജെ.പി നേതാക്കള്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് വിവരങ്ങള്‍ നല്‍കിയതായും സുരേന്ദ്രന് പറഞ്ഞു.






