മൂന്നു കോടിയുടെ മയക്കുമരുന്നുമായി മലപ്പുറത്ത് യുവാവ് അറസ്റ്റിൽ

മലപ്പുറം- മൂന്നു കോടി രൂപ വിലവരുന്ന മാരക മയക്കുമരുന്നുമായി മലപ്പുറം മേൽമുറിയിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊണ്ടോട്ടി മൊറയൂർ കക്കാട്ടുചാലിൽ മുഹമ്മദ് ഹാരിസിനെ (29) യാണ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് ഹൈവേയിൽ പോലീസ് നടത്തിയ വാഹന പരിശോധനയിലാണ് 311 ഗ്രാം മെഥിലിൻ ഡയോക്‌സി മെത്ത് ആംഫിറ്റമിൻ (എം.ഡി.എം.എ) മയക്കുമരുന്നുമായി ഇയാളെ പിടികൂടിയത്. സമീപകാലത്ത്  ജില്ലയിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിത്. 
മൊറയൂരിൽനിന്നു മലപ്പുറത്തേക്കു കാറിൽ എം.ഡി.എം.എയുമായി യുവാവ് വരുന്നുണ്ടെന്ന വിവരത്തെത്തുടർന്നാണ് പോലീസ് പരിശോധന നടത്തിയത്. മേൽമുറി അങ്ങാടിക്കടുത്തു വെച്ചാണ് ഇയാളെ പിടികൂടിയത്.
ബംഗളുരൂ, ഗോവ എന്നിവിടങ്ങളിൽനിന്ന് മാരക മയക്കുമരുന്നുകൾ ജില്ലയിലേക്ക് എത്തുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. യുവാക്കളെയും കോളേജ് വിദ്യാർഥികളെയും ലക്ഷ്യം വെച്ച് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഇവയുടെ വിൽപന നടക്കുന്നതറിഞ്ഞ് പോലീസ് ലഹരി വിൽപന സംഘങ്ങളെ നിരീക്ഷിച്ചു വരികയാണ്. ഒരാഴ്ചയോളമായി നടക്കുന്ന നിരീക്ഷണത്തെ തുടർന്നാണ് ഹാരിസിനെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്.
സാമ്പത്തിക ലാഭം ലക്ഷ്യമിട്ടാണ് മയക്കുമരുന്ന് കച്ചവടത്തിലേക്കിറങ്ങിയതെന്നും ബംഗളൂരൂവിൽ നിന്നു കുറഞ്ഞ വിലക്ക് വാങ്ങി കേരളത്തിലെത്തിച്ച് ഗ്രാമിന് 500 മുതൽ 10,000 രൂപ വരെ വിലയിട്ടാണ് വിൽപന നടത്തുന്നതെന്നും പ്രതി പോലീസിനോട് പറഞ്ഞു. ജില്ലയിൽ മൊറയൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മയക്കുമരുന്നു വിൽപന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് മുഹമ്മദ് ഹാരിസ്. പ്രതിയിൽനിന്നു ജില്ലയിലെ മറ്റു വിൽപനക്കാരെക്കുറിച്ചും സ്ഥിരമായി മയക്കുമരുന്ന് വാങ്ങി ഉപയോഗിക്കുന്നവരെക്കുറിച്ചുമുള്ള വിവരങ്ങൾ ലഭിച്ചതായും അവരെ നിരീക്ഷിച്ചുവരികയാണെന്നും മലപ്പുറം ഡിവൈ.എസ്.പി പി.എം. പ്രദീപ് അറിയിച്ചു.

Latest News