Sorry, you need to enable JavaScript to visit this website.

എണ്ണ വില പിടിച്ചുനിർത്താൻ കരുതൽ ശേഖരം പുറത്തിറക്കുന്നു

*അമേരിക്ക 50 ദശലക്ഷം ബാരലും ഇന്ത്യ അഞ്ച് ദശലക്ഷം ബാരലും വിപണിയിലെത്തിക്കും

വാഷിംഗ്ടൺ/ ന്യൂദൽഹി- ആഗോള എണ്ണ വില നിയന്ത്രിക്കുന്നതിനുള്ള സമ്മർദ തന്ത്രത്തിന്റെ ഭാഗമായി അമേരിക്കയും ഇന്ത്യയും ചൈനയും ജപ്പാനുമടക്കം ലോകത്തെ പ്രധാന ഉപഭോക്തൃ രാജ്യങ്ങൾ കരുതൽ ശേഖരം വിപണിയിലെത്തിക്കുന്നു. കരുതൽ ശേഖരത്തിൽനിന്ന് 50 മില്യൺ ബാരൽ എണ്ണ പുറത്തിറക്കാനാണ് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഉത്തരവിട്ടിരിക്കുന്നത്. ഇന്ത്യ അഞ്ച് മില്യൺ ബാരൽ വൈകാതെ പുറത്തിറക്കും. ചൈനയും, ജപ്പാനും, തെക്കൻ കൊറിയയും, യു.കെയുമടക്കമുള്ള പ്രധാന എണ്ണ ഉപഭോക്തൃ രാജ്യങ്ങളെല്ലാം തങ്ങളുടെ കരുതൽ ശേഖരം പുറത്തിറക്കുമെന്നാണ് റിപ്പോർട്ട്. ഉൽപാദനം കൂട്ടാനുള്ള തങ്ങളുടെ നിർദേശം ഒപെക് പ്ലസ് രാജ്യങ്ങൾ തിരസ്‌കരിച്ച സാഹചര്യത്തിലാണിത്. എന്നാൽ സൗദി അറേബ്യയും, റഷ്യയുമടക്കം ലോകത്തെ പ്രധാന എണ്ണ ഉൽപാദക രാജ്യങ്ങൾ ഇതിനോട് പ്രതികരിച്ചിട്ടില്ല.
ഇന്ത്യയുടെ മൊത്തം കരുതൽ ക്രൂഡോയിൽ ശേഖരം 3.8 കോടി ബാരൽ ആണെന്നാണ് റിപ്പോർട്ട്. കിഴക്ക്, പടിഞ്ഞാറൻ തീരങ്ങളിലായി മൂന്നിടത്ത് ഭൂഗർഭ അറകളിലാണ് കരുതൽ ശേഖരമുള്ളത്. ഇതിൽനിന്നാണ് 50 ലക്ഷം ബാരൽ പൊതുവിപണിയിലെത്തിക്കുന്നത്. ഏഴ് മുതൽ പത്ത് ദിവസത്തിനുള്ളിൽ ഇതിനുള്ള നടപടികൾ ആരംഭിക്കുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം അറിയിച്ചു. 
ആഗോണ എണ്ണ വിപണിയിൽ എണ്ണക്ക് കൃത്രിമ ഡിമാന്റ് സൃഷ്ടിക്കാൻ നീക്കം നടക്കുന്നുവെന്നാണ് അമേരിക്കയുടെയും മറ്റും സംശയം. ഇതേതുടർന്ന് ഉൽപാദനം വർധിപ്പക്കാൻ ഒപെക് പ്ലസ് രാജ്യങ്ങളോട് അമേരിക്ക അടക്കമുള്ള രാജ്യങ്ങൾ ആവശ്യപ്പെട്ടെങ്കിലും വിപണിയിലെ വില സ്ഥിരത എന്ന ലക്ഷ്യം മുൻനിർത്തി ഉൽപാദനം ക്രമപ്പെടുത്തുമെന്ന നിലപാടാണ് അവർ കൈക്കൊണ്ടത്. ഇതിനു പിന്നാലെയാണ് കരുതൽ ശേഖരം പുറത്തിറക്കാനുള്ള നീക്കം അമേരിക്കയുടെ നേതൃത്വത്തിൽ ഉണ്ടായിരിക്കുന്നത്. ഇതേ തുടർന്ന് ആഗോള എണ്ണ വിലയിൽ നേരിയ കുറവ് വന്നിട്ടുണ്ട്. ഇന്നലെ ബാരലിന് 76 ഡോളറായിരുന്നു ന്യൂയോർക്കിലെ ക്രൂഡ് വില.
ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ കരുതൽ ശേഖരം പുറത്തിറക്കുന്നതോടെ വില കുറക്കാൻ ഒപെക് രാജ്യങ്ങൾ നിർബന്ധിതരാകുമെന്നാണു വിലയിരുത്തൽ. ഈ ആഴ്ച അവസാനത്തോടെ കരുതൽ ശേഖരം പുറത്തിറക്കാനുള്ള സന്നദ്ധത ചൈനയും ജപ്പാനും വ്യക്തമാക്കിയിട്ടുണ്ട്. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കഴിഞ്ഞയാഴ്ച നടത്തിയ വിർച്വൽ ഉച്ചകോടിയിൽ കരുതൽ എണ്ണശേഖരം പുറത്തിറക്കണമെന്ന് ബൈഡൻ ആവശ്യപ്പെട്ടിരുന്നു.
ഇന്ത്യയിൽ ആഭ്യന്തര ഇന്ധന വില കുറയ്ക്കാൻ കേന്ദ്ര സർക്കാർ പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ അഞ്ചും പത്തും രൂപ വീതം കുറച്ചിരുന്നു. എണ്ണ ഉൽപാദന രാജ്യങ്ങൾ വിതരണം വെട്ടിക്കുറച്ച് കൃത്രിമ ക്ഷാമം ഉണ്ടാക്കുന്നതാണ് ഇന്ധന വില വർധിക്കാൻ ഇടയാക്കുന്നതെന്നാണ് കേന്ദ്ര പെട്രോളിയം മന്ത്രാലയം കുറ്റപ്പെടുത്തുന്നത്. കരുതൽ ശേഖരം പുറത്തെടുക്കുന്നത് ജനങ്ങൾക്കു വലിയ ആശ്വാസമാകുമെങ്കിലും സർക്കാരിനു വൻ സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. 
കരുതൽ ശേഖരമായി ക്രൂഡ് ഓയിൽ സംഭരിച്ചിരിക്കുന്ന സ്ഥലങ്ങളിലേക്ക് പൈപ്പ്‌ലൈൻ ബന്ധമുള്ള മംഗലാപുരം റിഫൈനറി ആന്റ് പെട്രോ കെമിക്കൽസ് (എം.ആർ.പി.എൽ), ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ലിമിറ്റഡ് (എച്ച്.പി.സി.എൽ) എന്നിവർക്കാണ് ക്രൂഡ് ഓയിൽ വിൽക്കുന്നത്. ഇതിന്റെ തുടർച്ചയായി കരുതൽ ശേഖരത്തിൽനിന്ന് കൂടുതൽ ക്രൂഡ് ഓയിൽ പുറത്തെത്തിക്കുമെന്നാണ് വിവരം. ഇതു സംബന്ധിച്ച് കേന്ദ്ര പെട്രോളിയം മന്ത്രാലയം ഇന്നലെ ഔദ്യോഗിക സ്ഥിരീകരണവും നൽകിയിട്ടുണ്ട്. വിശാഖപട്ടണത്ത് 13.3 ലക്ഷം ടൺ, കർണാടകയിലെ മംഗലാപുരത്തും പദൂരുമായി 25 ലക്ഷം ടൺ എന്നിങ്ങനെയാണ് ഇന്ത്യയുടെ കരുതൽ ക്രൂഡ് ഓയിൽ ശേഖരം. 
കഴിഞ്ഞ ആഴ്ച ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളോട് കരുതൽ ക്രൂഡ് ഓയിൽ ശേഖരം പുറത്തിറക്കാൻ അമേരിക്ക ആവശ്യപ്പെട്ടിരുന്നു. ഇന്ധനം ഇറക്കുമതി ചെയ്യുന്ന ഉപഭോക്തൃ രാജ്യങ്ങളിൽ ഇന്ത്യ മൂന്നാം സ്ഥാനത്താണ്. അമേരിക്കയ്ക്ക് 727 ദശലക്ഷം ബാരലും ജപ്പാന് 175 ദശലക്ഷം ബാരലുമാണ് ക്രൂഡ് ഓയിൽ കരുതൽ ശേഖരമുള്ളത്. 
പ്രതിദിനം നാലു ലക്ഷം ബാരൽ എന്ന നിലയിലാണ് ഒപെക് രാജ്യങ്ങൾ ക്രൂഡ് ഓയിൽ ഉൽപാദനം നടത്തുന്നത്. കോവിഡ് പ്രതിസന്ധി നേരിട്ട ആഗോള രാജ്യങ്ങളിലെ സാമ്പത്തിക പുനരുദ്ധാരണത്തിന് ഇത് വൻ തിരിച്ചടിയായിരുന്നു. അതേസമയം കോവിഡ് രണ്ടാം വ്യാപനം യൂറോപ്പ് അടക്കമുള്ള രാജ്യങ്ങൾക്ക് തിരിച്ചടിയായത് ക്രൂഡ് ഓയിൽ വിലയേയും സ്വാധീനിച്ചു. ഒക്ടോബർ 26 ന് ബാരലിന് 86.40 ഡോളറായിരുന്ന വില കഴിഞ്ഞ ദിവസം 78 ഡോളറായി ഇടിഞ്ഞിരുന്നു.
അമേരിക്ക ഡിസംബർ പകുതി മുതൽ കരുതൽ എണ്ണ ശേഖരത്തിൽനിന്ന് വിപണിയിലെത്തിച്ചു തുടങ്ങും. 18 മില്യൺ ബാരൽ അടിയന്തരമായും ബാക്കി 32 മില്യൺ ബാരൽ വരുന്ന ഏതാനും മാസങ്ങളിലുമായിരിക്കും വിപണിയിലെത്തിക്കുക. ലോകത്ത് ഏറ്റവുമധികം കരുതൽ ക്രൂഡോയിൽ ശേഖരമുള്ളത് അമേരിക്കയിലാണ്. ടെക്‌സസിലെയും ലൂയിസിയാനയിലെയും പടുകൂറ്റൻ ഭൂഗർഭ അറകളിലാണ് ഇവ സൂക്ഷിച്ചിട്ടുള്ളത്.
 

Latest News