Sorry, you need to enable JavaScript to visit this website.

വിസ്മയങ്ങളുടെ ഗോൽകൊണ്ട കോട്ട 

ഗോൽകൊണ്ട കോട്ട 
ആർമറി ബിൽഡിംഗ് 
ലേഖകനും കുടുംബവും ഗോൽകൊണ്ട കോട്ടയിൽ 
കർട്ടൻ വാൾ 
ഖുതുബ് ഷാഹി ടോംപ്
താരാമതി ബരദ്വാരി 

ഹൈദരാബാദിന്റെ ചരിത്ര സ്മൃതികളിലൂടെ -3

 

ഹൈദരാബാദിന്റെ ചരിത്ര സ്മൃതികളിലൂടെയുള്ള യാത്രയിൽ ഏറെ ആകർഷിക്കുന്ന ഒന്നാണ് വിസ്മയങ്ങൾ ഒളിപ്പിക്കുന്ന ഗോൽകൊണ്ട കോട്ട. രാജ്യസുരക്ഷയുടെയും പ്രതിരോധത്തിന്റെയും ആധുനിക സാങ്കേതിക വിദ്യകളെ വെല്ലുവിളിക്കുന്ന സംവിധാനങ്ങളാണ് പതിനഞ്ചാം നൂറ്റാണ്ടിലെ ഈ കോട്ടയെ സവിശേഷമാക്കുന്നത്. പൂർവ പ്രതാപം നഷ്ടപ്പെട്ട് കോട്ടയുടെ പല ഭാഗങ്ങളും നാശത്തിന്റെ വക്കിലാണെങ്കിൽ നൂറ്റാണ്ടുകൾക്ക് മുമ്പ് ജീവിച്ച പ്രതിഭകളുടെ സാങ്കേതിക വൈഭവവും സംവിധാനങ്ങളും ആരെയും അദ്ഭുതപ്പെടുത്തും. ടൂറിസം വകുപ്പിന്റെ അംഗീകൃത ഗൈഡുകളുടെ സേവനം ഉപയോഗപ്പെടുത്തിയെങ്കിലേ കോട്ടയിലെ സുപ്രധാന കാര്യങ്ങൾ മനസ്സിലാക്കാനാവുകയുള്ളൂ. 


  ഗോൽകൊണ്ട എന്ന നാമത്തിന്റെ ഉത്ഭവം തെലുഗ് പദങ്ങളായ 'ഗോല,' 'കൊണ്ട' അഥവാ ആട്ടിടയന്റെ കുന്ന് എന്നതിൽ നിന്നാണ്. പതിമൂന്നാം നൂറ്റാണ്ടിൽ കാകാതിയ കുലക്കാർ ആണ് ഗൊൽകൊണ്ട ആദ്യം നിർമിച്ചത്. പിന്നീട് പതിനാറാം നൂറ്റാണ്ടിൽ ഖുതുബ് ഷായുടെ കീഴിൽ അത് ഹൈദരാബാദിന്റെ തലസ്ഥാന നഗരമായിത്തീർന്നു. ഈ കോട്ട അതിന്റെ ശബ്ദ ക്രമീകരണ ശാസ്ത്രത്തിനും വിദഗ്ധമായ ജലവിതരണത്തിനും വജ്ര ഖനികൾക്കും പേരുകേട്ടതാണ്. പത്ത് കിലോ മീറ്റർ ചുറ്റളവുള്ള കോട്ടമതിലിനുള്ളിൽ ഒരു ചരിത്രത്തിന്റെ ഓർമപ്പെടുത്തൽ എന്നതു പോലെ അതിഗംഭീരമായ മണ്ണിന്റെ നിറമുള്ള കോട്ട. ഏകദേശം പതിനൊന്നു കിലോമീറ്റർ വിസ്തീർണത്തിൽ കിടക്കുന്ന ഈ കോട്ട വിദഗ്ധമായി രൂപകൽപന ചെയ്തിട്ടുണ്ട്. കോട്ടയുടെ മുന്നിലെ വിശാലമായ ഉദ്യാനത്തിനു സുഗന്ധം നഷ്ടപ്പെട്ടെങ്കിലും ശ്രേഷ്ഠമായ ഒരു ഭൂതകാലത്തിന്റെ അനുസ്മരണമായി ഇന്നും നിലകൊള്ളുന്നു. 


അങ്ങകലെ വരെ നീണ്ടുനിവർന്നു കിടക്കുന്ന മല. അതിനുള്ളിൽ പൊട്ടിപ്പൊളിഞ്ഞതും അല്ലാത്തതുമായ കരിങ്കൽ കെട്ടുകളോടു കൂടിയ ധാരാളം കെട്ടിടാവശിഷ്ടങ്ങൾ. കുന്നിൻചെരിവുകളിൽ പടുത്തുയർത്തിയ സുന്ദരമായ കെട്ടിടങ്ങൾ നമ്മെ തെല്ലൊന്നുമല്ല അമ്പരപ്പിക്കുക. കരകൗശല വൈദഗ്ധ്യവും ആസൂത്രണ മികവുമൊക്കെ നമ്മെ അത്ഭുതപ്പെടുത്തും. 
പാറക്കെട്ടുകൾക്കു മുകളിലൂടെ ധാരാളം കരിങ്കൽപടികൾ മുകളിലേയ്ക്കു നീണ്ടുനീണ്ടു പോകുന്നു. അതിനിടയിൽ ഇപ്പോഴും നന്നായി പരിപാലിക്കുന്ന പൂന്തോട്ടം. ഏറ്റവും മുകളിലായി ഉയർന്നുനിൽക്കുന്ന കോട്ടയുടെ അസംബ്ലി ഹാൾ. ഏത് തരം സന്ദർകരെയും ആകർഷിക്കുന്ന നിരവധി ഘടകങ്ങളാണ്  ഈ കോട്ടയെ മനോഹരമാക്കുന്നത്.  കോട്ടകൾ അധികാരത്തിന്റെയും യശസ്സിന്റെയും  ഉന്മാദ കേന്ദ്രമായും  പ്രതികാരത്തിന്റെ കലിയും സംരക്ഷണത്തിന്റെ നിശ്വാസവും സംഗമിക്കുന്ന താവളമായും വിലയിരുത്തപ്പെടാം. ഭയപ്പാടിന്റെ ചങ്കിടിപ്പ്, ജാഗ്രതയുടെ ഏകാഗ്രത, ചതിയുടെ നിസ്സഹായത, ആജ്ഞകളുടെ, പ്രകമ്പന വിജയങ്ങളുടെ ഹർഷാരവം, പരാജിതരുടെ കബന്ധങ്ങൾ, ചോരപ്പുഴകൾ തീർത്ത അശ്വമേധങ്ങൾ തുടങ്ങി വൈകാരിക വൈവിധ്യങ്ങളുടെ കഥകളാണ് ഓരോ കോട്ടക്കും പറയാനുള്ളത്.  

 

1143 ൽ വാറംഗലിലെ കാകാതിയ രാജവംശത്തിന്റെ കീഴിലായിരുന്ന ഒരു കുന്നിൻമുകളിലാണ് ഈ കോട്ട സ്ഥിതി ചെയ്യുന്നത്. രാജ പ്രതാപ് രുദ്രദേവ് എന്ന രാജാവിന്റെ കാലത്ത് ഈ കുന്നിന് മുകളിൽ ഒരു കോട്ട പണിയുന്നത് ഗുണകരമാകുമെന്ന് നിർദേശിച്ചത് ഒരു ആട്ടിടയനായിരുന്നുവത്രേ.  അങ്ങനെ കോട്ട പണിതതിനാലാണ് ആട്ടിടയന്റെ കുന്ന് എന്നർഥം വരുന്ന ഗെല്ലകൊണ്ട എന്ന പേര് വന്നത്. ഈ പേരാണ് പിൽക്കാലത്ത് ഗോൽകൊണ്ടയായി മാറിയത് എന്നാണ് പറയപ്പെടുന്നത്. വാറംഗൽ രാജാക്കന്മാരും ഖുതുബ് ഷാ രാജാക്കന്മാരും തമ്മിലുണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ് ഗോൽകൊണ്ട കോട്ട ഖുതുബ് ഷാ ചക്രവർത്തിമാരുടെ പേരിലായത്. 
ഹൈദരാബാദ് ഭരിച്ച ഖുതുബ് ഷാ രാജാക്കന്മാരുടെ ഭരണ പാടവത്തിന്റെയും പ്രതിരോധ കാഴ്ചപ്പാടിന്റെയും പ്രതീകമായാണ് ഗോൽകൊണ്ട കോട്ട നിലനിൽക്കുന്നത്. 1518 മുതൽ 1687 വരെ ഖുതുബ് ഷാ രാജകുടുംബത്തിലെ 7 രാജാക്കന്മാർ ഗോൽകൊണ്ട ഭരിച്ചു. ആദ്യത്തെ മൂന്ന് രാജാക്കന്മാർ 1518 മുതൽ 1580 വരെ  62 വർഷം  കൊണ്ടാണ് ഗോൽകൊണ്ട കോട്ടയുടെ പണി പൂർത്തിയാക്കിയത്. കാകാതിയ ഭരണകൂടത്തിന്റെ കാലത്തുണ്ടാക്കിയ താൽക്കാലിക കോട്ടകളെ ഇന്ന് കാണുന്ന തരത്തിലുള്ള സുശക്തമായ കോട്ടയാക്കുന്ന ജോലിയാണ് ഈ കാലയളവിൽ നടന്നത്.  


ശബ്ദങ്ങൾക്ക് നല്ല മുഴക്കം സൃഷ്ടിക്കുന്ന തരത്തിലാണ് പ്രവേശന കവാടം തയാറാക്കിയിരിക്കുന്നത്. അതിനാൽ കവാടത്തിലൂടെ പ്രവേശിക്കുന്നവരും പുറത്തേക്ക് പോകുന്നവരും ശബ്ദകോലാഹലങ്ങൾ ഉണ്ടാക്കി ആസ്വദിച്ചാണ് പോകുന്നത്. പണ്ട് കാലത്ത് കോട്ടവാതിൽ കടന്നെത്തുന്ന ശത്രുക്കളെ പെട്ടെന്ന് അറിയാനാണ് ഇത്തരത്തിൽ നിർമാണം നടത്തിയിരിക്കുന്നതെന്ന് ഗൈഡ് വിശദീകരിച്ചു. പ്രവേശന കവാടത്തിലെ ഒരു പ്രത്യേക സ്ഥലത്ത് നിന്ന് കൈയടിച്ചാൽ കോട്ട മുഴുവൻ മുഴങ്ങിക്കേൾക്കും. നൂറ് മീറ്ററോളം ഉയരത്തിൽ ഇപ്പോഴും ഈ കൈയടി  ശബ്ദം മുഴങ്ങുന്നതെങ്ങനെയെന്നത് സാങ്കേതിക വിദഗ്ധരെ പോലും വിസ്മയിപ്പിക്കുന്നതാണ്. രാജാക്കന്മാരെ ശത്രു സാന്നിധ്യമറിയിക്കാനും നേരിടുവാൻ സജ്ജരാകുവാനുമാണ് ഈ സംവിധാനം പ്രയോജനപ്പെടുത്തിയിരുന്നതേത്ര.  അഞ്ച് മൈൽ ചുറ്റളവിലുള്ള കോട്ടക്കുള്ളിൽ വൈവിധ്യമാർന്ന സംവിധാനങ്ങളും സൗകര്യങ്ങളുമുണ്ട്. 9 ഗേറ്റുകൾ, 52 ജനവാതിലുകൾ, 48 ടണലുകൾ എന്നിവയാണ് കോട്ടയിലുള്ളത്. ഓരോ ഗോപുരത്തിലും പീരങ്കികളുണ്ട്. ഫതഹ് ദർവാസ, മോതി ദർവാസ, ദർവാസ ഓഫ് ദ ന്യൂ ഫോർട്ട്, ജമാലി ദർവാസ, ബൻജാരി ദർവാസ, പതജ്ഞരു ദർവാസ, മക്ക ദർവാസ, ബൊദ്‌ലി ദർവാസ, ബഹ്മാനി ദർവാസി എന്നിങ്ങനെയാണ് കോട്ടയുടെ ഗേറ്റുകൾ നാമകരണം ചെയ്തിരിക്കുന്നത്.  
സ്വീകരണ ഹാൾ, ദർബാർ, വിചാരണ കേന്ദ്രം, അതിഥി മന്ദിരം, സൈനികർക്കുള്ള താവളങ്ങൾ, അക്കണ്ണ, മാതണ്ണ എന്നീ മന്ത്രിമാർക്കുള്ള മന്ദിരങ്ങൾ, രാമദാസ് ജയിൽ, രാജ്ഞിമാരുടെ കൊട്ടാരങ്ങൾ, ആയുധപ്പുര, വിനോദ കേന്ദ്രങ്ങൾ, സ്റ്റോർ റൂമുകൾ, ഓയിൽ ശേഖരങ്ങൾ,  പള്ളിക്കുളം, മെയ്ക്കപ്പ് റൂമുകൾ, ജലാശയങ്ങൾ, വ്യായാമ പരിശീലന കേന്ദ്രങ്ങൾ, പൂന്തോട്ടമെല്ലാമുണ്ട്. വൈവിധ്യങ്ങളായ ചെടികളും മരങ്ങളുമൊക്കെ കമനീയമാക്കുന്ന കോട്ടയിൽ സുരക്ഷിതവും സമാധാനപരവുമായ ജീവിതം ഉറപ്പു വരുത്തുന്നതിനുള്ള സംവിധാനങ്ങളാണൊരുക്കിയിരിക്കുന്നത്.  


കരിങ്കല്ലിൽ പടുത്തുയർത്തിയ കൂറ്റൻ മതിലുകളും രൂപങ്ങളും എല്ലാം കാഴ്ചക്കാരിൽ അമ്പരപ്പ് ഉണ്ടാക്കുന്ന രീതിയിലാണ് നിർമിച്ചിരിക്കുന്നത്. വലിയ തേനീച്ചകൾ തേൻ ശേഖരിക്കാനായി പാളികൾ നിർമിക്കുന്നതിന് സമാനമായാണ് വൻ പാറക്കഷ്ണങ്ങൾ ഇവിടെ അടുക്കി വെച്ചിരിക്കുന്നത്. ഇതിനായി എത്തിയ തൊഴിലാളികളെല്ലാം തന്നെ വലിയ ഉയരം ഉള്ളവരായിരുന്നിരിക്കണം. 
ഇബ്രാഹീം ഖുലി ഖുതുബ് ഷായുടെ മന്ത്രിയായിരുന്ന മുസ്തഫ ഖാൻ നിർമിച്ച മസ്ജിദ് മുസ്തഫ ഖാനും ഗോൽകൊണ്ട കോട്ടയിൽ ഇന്നും സുരക്ഷിതമാണ്. ജാമി മസ്ജിദ്, ഹമ്മാം, മസ്ജിദേ മുല്ല ഖില തുടങ്ങിയവയും ചരിത്രത്തിന്റെ ഒളിമങ്ങാത്ത ശേഷിപ്പുകളായി ഗോൽകൊണ്ട കോട്ടയെ അലങ്കരിക്കുന്നു.   ഹൈദരാബാദ് നഗരഹൃദയമായ ചാർമിനാറിൽ നിന്ന് ഈ കോട്ടയിലേക്ക് അതിവേഗം എത്തിച്ചേരാവുന്ന ഒരു തുരങ്കപാതയും പണ്ട് കാലത്ത് നിലനിന്നിരുന്നു. വളരെ ദൂരെ നിന്ന് തന്നെ ശത്രുക്കളെ തിരിച്ചറിയാനും അവരുടെ വരവ് കോട്ടയിലെ രാജാവിനെ അറിയിക്കാനും ഈ തുരങ്ക പാത സഹായിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഈ പാത അടഞ്ഞുപോയിരിക്കണം. മലയുടെ ഏറ്റവും മുകളിലായാണ് ദർബാർ ഹാൾ സ്ഥിതി ചെയ്യുന്നത്. ഇതിന് സമീപമെത്തി താഴേക്ക് നോക്കിയാൽ ഹൈദരാബാദ് നഗരത്തിന്റെ മൊത്തം ആകാശ സമാനമായ ദൃശ്യം ആസ്വദിക്കാം.  കണ്ണെത്താ ദൂരത്തോളം പടർന്നു കിടക്കുന്ന കോൺക്രീറ്റ് കെട്ടിടങ്ങളും ചുറ്റുമുള്ള ചെറുമലകളും കോട്ടയുടെ താഴത്തുള്ള മറ്റു ശിൽപങ്ങളുമെല്ലാം ഏതോ ചിത്രകാരൻ തന്റെ പെയിന്റിംഗിൽ കോറിയിട്ടതിന് സമാനമായ ദൃശ്യഭംഗി നൽകുന്നവയാണ്. 


കർട്ടൺ വാളിലൂടെയാണ് യുദ്ധ സമയത്ത് ശത്രുവിന്റെ നീക്കങ്ങളെ നിരീക്ഷിച്ചിരുന്നത്. ബലാ ഹിസാർ ഗേറ്റിന് എതിർവശത്തായാണ് ഈ സംവിധാനമുള്ളത്.   കോട്ടക്ക് അടുത്ത് തന്നെയാണ് ഗോൽകൊണ്ട ആർമി ക്യാമ്പുള്ളത്. മിക്ക വൈകുന്നേരങ്ങളിലും പട്ടാളക്കാർ നടത്തുന്ന പരിശീലനം ഇവിടെ നിന്നാൽ കാണാം. ഒരു ദിവസം മുഴുവൻ ചെലവഴിക്കാനുള്ളത്രയും രഹസ്യങ്ങൾ ഒളിപ്പിക്കുന്ന വിസ്മയമാണ് ഗോൽകൊണ്ട കോട്ട. 
ഖുതുബ് ഷാ രാജാക്കന്മാരുടെയും  ഹൈദരാബാദ് നിസാമുമാരുടെയും  സ്മൃതികൾ ഉറങ്ങുന്ന ഗോൽകൊണ്ട കോട്ടയിലെ ചുമരുകൾ പല കഥകളും നമ്മോട് പറയും. സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും മതേതരത്വത്തിന്റെയും ജനാധിപത്യത്തിന്റെയുമൊക്കെ നിറമുള്ള കഥകൾ. ഒരു പക്ഷേ സമകാലിക ലോകത്ത് ഏറെ പ്രസക്തമായ നാനാത്വത്തിൽ ഏകത്വമെന്ന മഹത്തായ സന്ദേശവും ആശയവും ഈ കോട്ടയുടെ പല കൊത്തളങ്ങളിലും നമുക്ക് വായിച്ചെടുക്കാം. പ്രസിദ്ധമായ ഖുതുബ് ഷാഹി ഭരണകൂടത്തിന്റെ ആസ്ഥാന മന്ദിരമെന്ന നിലക്കും പ്രതിരോധ സംവിധാനങ്ങളുടെ നൂതനാവിഷ്‌കാരമെന്ന നിലക്കുമൊക്കെ നിത്യവും ആയിരക്കണക്കിന് സന്ദർശകരെ മാടിവിളിക്കുന്ന കോട്ടയാണിത്. പ്രവേശന കവാടത്തിനടുത്തു തന്നെ ശത്രുക്കളോ സൈന്യമോ മറ്റോ എത്തിയാൽ ശബ്ദം കേട്ടായ്ക്കകത്തേക്ക് പ്രതിധ്വനിക്കുന്നതിനുള്ള പ്രകൃതിപരമായ സംവിധാനം. ശിൽപ ചാതുര്യത്തിന്റെ ഒന്നാന്തരം സാക്ഷ്യപത്രം എങ്ങും. രാജാവിന്റെ കാവൽക്കാരുടെ സംസാരം പോലും സ്വകാര്യമായി ചുമരുകളിലെ പ്രത്യേക സംവിധാനത്തിൽ മറ്റാരും കേൾക്കാതെയാക്കിയ സംവിധാനവുമൊക്കെ ആധുനിക ശാസ്ത്ര സാങ്കേതിക ലോകത്തെ പോലും വിസ്മയിപ്പിക്കുന്നതാണ്. കോട്ടയിൽ നിന്നും തിരിച്ചിറങ്ങുമ്പോൾ  പ്രവേശന കവാടത്തിലെ ശബ്ദ പ്രതിധ്വനി ഭാഗത്ത് പഴയ കുതിരക്കുളമ്പടി ശബ്ദം മുഴങ്ങുന്നതും രാജസൈന്യം ജാഗരൂകരായി നിലകൊളളുന്നതുമൊക്കെയാണ് മനസ്സിലേക്കോടിയെത്തുക.  


ഒരു കുന്നിൻ പുറത്തായതുകൊണ്ട് പല നിരപ്പിലായാണ് കോട്ട സ്ഥിതി ചെയ്യുന്നത്. ഇരുട്ട് നിറഞ്ഞ മുറികളിൽ കൂടിയും ഇടനാഴികളിൽ കൂടിയും മണ്ണടിഞ്ഞുപോയ ഒരുപിടി നിമിഷങ്ങളെ ചുവടു പിടിച്ചു നടക്കുമ്പോൾ ചരിത്ര സ്മൃതികളെ ഒരു ചലച്ചിത്രത്തിലെന്നവണ്ണം ഗൈഡ് വിശദീകരിക്കുന്നുണ്ടായിരുന്നു. വിജയത്തിന്റെയും തോൽവിയുടെയും പ്രണയത്തിന്റെയും വിരഹത്തിന്റെയും  ചതിയുടെയും വേദനയുടെയും  ഒരായിരം കഥകൾ കാലപ്പഴക്കമേറിയ ഈ കരിങ്കൽ തൂണുകൾക്ക്  നമ്മോട് പറയാനുണ്ടാകും. കോട്ടയുടെ ഏറ്റവും ഉയരത്തിലുള്ള ഗോപുരം ബാലാ ഹിസാർ എന്നറിയപ്പെടുന്നു. ഏകദേശം നാന്നൂറ് ചുവടുകൾക്കുയരെയുള്ള ഈ മൂന്നുനില കെട്ടിടമായിരുന്നു അന്നത്തെ ദർബാർ. കോട്ടയുടെ പ്രഥമ കവാടത്തിൽ നിന്നുള്ള കൈയടി ശബ്ദം ഈ ഗോപുരം വരെ പ്രതിഫലിച്ചു കേൾക്കാം.
1656 ൽ സുൽത്താൻ അബ്ദദുല്ല ഖുതുബ് ഷായുടെ കാലത്ത്  മുഗൾ ചക്രവർത്തി ഔറംഗസീബ് ഗോൽകൊണ്ട കോട്ട പിടിച്ചടക്കിയെങ്കിലും ഒരു ധാരണയുടെ അടിസ്ഥാനത്തിൽ കോട്ട തിരിച്ചുകിട്ടി. ഖുതുബ് ഷാ രാജാക്കന്മാരുടെ ഭരണ ശേഷം മുഗൾ രാജാക്കന്മാരുടെ കീഴിലായ ഹൈദരാബാദിൽ സുബേദാർ ഗവർണർമാരാണ് ഭരണം നിർവഹിച്ചത്. 


താരാമതി ബരദ്വാരി 

ഗൊൽകൊണ്ടയിലെ ഏഴാമത്തെ സുൽത്താൻ ആയിരുന്ന അബ്ദുല്ല ഖുതുബ് ഷാ നിർമിച്ച സരായ് (യാത്രികർക്കുള്ള വിശ്രമ കേന്ദ്രം) ആണ് താരാമതി ബരദ്വാരി. മൂസി നദിക്കരയിൽ ഇബ്രാഹീം ക്വിലി ഖുതുബ് ഷാ നിർമിച്ച ഇബ്രാഹീം ബാഗ് എന്ന പൂന്തോട്ടത്തോട് ചേർന്നാണ് ഈ വിശ്രമ കേന്ദ്രം സ്ഥിതി ചെയ്യുന്നത്. ഖുതുബ് ഷാഹി രാജാക്കന്മാരുടെ കാലത്തെ കൊട്ടാര നർത്തകിയായിരുന്നു താരാമതി. ഗോൽകൊണ്ട ഏതാണ്ട് കണ്ണെത്താത്ത ദൂരം പടർന്നു കിടക്കുന്നു. ലോക പ്രശസ്ത രത്‌നമായ കോഹിനൂരും മറ്റു കല്ലുകളും ലഭിച്ച മണ്ണ്, ഖുതുബ് ഷാഹി രാജവംശത്തിന്റെ ഭരണ കേന്ദ്രത്തിൽ തകർന്നടിഞ്ഞതും അല്ലാത്തതുമായ കൊട്ടാര സമുച്ചയം, മലയുടെ താഴെ മുതൽ മുകൾ വരെ കയറിപ്പോകാൻ പടവുകൾ വിവിധ പേരുകളിൽ അറിയപ്പെടുന്ന കൊട്ടാര ഭാഗങ്ങൾ.  എല്ലാം കണ്ടും അനുഭവിച്ചും അറിയുമ്പോഴാണ് ചരിത്ര സ്മൃതികൾ നമ്മെ കോൾമയിർകൊള്ളിക്കുക.  ഖുതുബ് ഷാഹി ടോംബ്, നിരവധി ശവകുടീരങ്ങൾ, രാജാക്കൻമാർക്കും  റാണിമാർക്കും അന്ത്യവിശ്രമത്തിനായി അവർ തന്നെ ഒരുക്കിയ കുടീരങ്ങൾ, ഇന്ത്യൻ, പേർഷ്യൻ, ഇറാനിയൻ കെട്ടിട നിർമാണ കലയുടെ ഉത്തമ ഉദാഹരണങ്ങൾ എന്നിവയൊക്കെ ഈ കോട്ടയിൽ നമുക്ക് കാണാം.  

കോഹിനൂർ രത്‌നം 

അക്കാലത്ത് ഗോൽകൊണ്ടയുടെ സമീപം ധാരാളം വജ്ര ഖനികളുണ്ടായിരുന്നുവെന്നാണ് ചരിത്രം. ഈ സ്വത്ത് മോഹിച്ചാണ്  പലരും ഹൈദരാബാദിനെ ആക്രമിക്കാനെത്തിയത്. വിലപിടിച്ച കോഹിനൂർ രത്‌നം സുൽത്താൻ അബ്ദുല്ല ഖുതുബ് ഷായുടെ കാലത്ത് കൃഷ്ണ നദിക്കടുത്തുള്ള കൊല്ലൂരിൽ നിന്നാണ് കണ്ടെടുത്തത്. ഗോൽകൊണ്ട കോട്ടയിലായിരുന്നു ഈ രത്‌നം ആദ്യം സൂക്ഷിച്ചിരുന്നത്. പിന്നീട്  മുഹമ്മദ് സഈദ് മീർ ജുംല ഈ രത്‌നം ഷാജഹാൻ ചക്രവർത്തിക്ക് സമ്മാനിച്ചുവത്രേ. 1739 ൽ ദൽഹിയിൽ നാദിർഷാ നടത്തിയ കൂട്ടക്കൊലയെ തുടർന്ന്  പിന്നീട് ഇറാനിലേക്കും പിന്നീട് പഞ്ചാബിലേക്കുമെത്തി. 1852 ൽ മഹാരാജ രഞ്ജിത് സിംഗിന്റെ മകൻ ദിലീപ് സിംഗ് വിക്ടോറിയാ രാജ്ഞിക്ക് സമ്മാനിച്ചു. ഇംഗ്ലണ്ട് രാജാവിന്റെ കിരീടത്തിലിന്നും ഈ രത്‌നം സുരക്ഷിതമായിരിക്കുന്നുവെന്നതാണ് ചരിത്രം.  

തുടരും  


 

Latest News