Sorry, you need to enable JavaScript to visit this website.

സീറ്റും വേഷവും വെളിച്ചവും

'ജനിക്കാനായി ജനിച്ചവൻ ഞാൻ/ എതിർക്കാനായ് വളർന്നവൻ ഞാൻ' എന്ന ഗാനം കേൾക്കുന്നവരിൽ ചിലരെങ്കിലും ശൂരനാട്ടു രാജശേഖരനെ ഓർക്കും. അദ്ദേഹം ജയിച്ച ചരിത്രം കേട്ടിട്ടില്ല. പക്ഷേ, 'എതിർപ്പി'ന്റെ കാര്യത്തിൽ പി. കേശവദേവിനൊപ്പം നിൽക്കും; ശബ്ദ മലീനികരണമില്ലെന്ന വ്യത്യാസം മാത്രം. എന്തുകൊണ്ടാണെന്നറിയില്ല, കെ.സി. വേണുഗോപാലിനെപ്പോലെ ഹൈക്കമാന്റിനു പ്രിയപ്പെട്ട മറ്റൊരു മുഖമാണ് ശൂരനാടൻ. കാരണം ഇനിയും കണ്ടുപിടിക്കേണ്ടിയിരിക്കുന്നു. ഇപ്പോൾ കഥാപുരുഷൻ വാർത്തകളിൽ വീണ്ടും നിറയുന്നു -അല്ല, ആ ഒറ്റ ലക്ഷ്യമേയുള്ളൂ യഥാർഥത്തിൽ- രാജ്യസഭാ തെരഞ്ഞെടുപ്പു ഗോദയിൽ ജോസ് കെ. മാണി എന്ന സൂപ്പർ, ക്ഷമിക്കണം, പേപ്പർ സ്റ്റാറിനെതിരെ കച്ചകെട്ടി ഇറങ്ങിയിരിക്കുന്നു! ജോസ് മോൻ മനസ്സോടെയല്ല, ഒരിക്കൽ പിരിഞ്ഞ പെണ്ണിനെ വീണ്ടും കെട്ടേണ്ടി വന്ന പുരുഷന്റ അവസ്ഥയിലാണ്. അന്ന് സ്വന്തം പാലാക്കാർ കാലുവാരി. ആ മറ്റേ സിനിമാക്കാരൻ മാണിയെപ്പോലെ തോളിലേറ്റി. സാരമില്ല, അതിലും വലുതാണ് രാജ്യസഭ. സി.പി.ഐക്കാർ കാലുവാരാതിരുന്നാൽ അഭിമാനപൂർവം ജയിക്കാം. അല്ലെങ്കിൽ രണ്ടോ മൂന്നോ ഔൺസ് അഭിമാനത്തിൽ കുറയുമെന്നേയുള്ളൂ. ശൂരനാടന്റെ കഥ അങ്ങനെയല്ല. രാഷ്ട്രീയ ചരിത്രത്തിൽ ഡോക്ടറേറ്റുണ്ട്. രാജ്യസഭാ തെരഞ്ഞെടുപ്പു ഫലം അദ്ദേഹത്തിനു 'കരതലാമലകം.' മരക്കൊമ്പിലിക്കുന്ന കാക്ക സി.പി.ഐ ആണെങ്കിൽ 'നിന്റെ പാട്ട് എത്ര മനോഹരം' എന്നു മുഖസ്തുതി പാടിയാൽ വീഴുമെങ്കിൽ ഓന്റെ കൊക്കിലിരിക്കുന്ന നെയ്യപ്പം വീണുകിട്ടുന്ന ഫലം സ്വപ്നം കാണാം. സ്വന്തം പാർട്ടി ഇതിലേക്കായി ഇടപെടുകയില്ല. ഫണ്ടില്ല, ചാക്കുമില്ല. 2016 ൽ ശൂരനാടനും ബിന്ദു കൃഷ്ണയും പരസ്പരം പന്തയം വെച്ച് സംഘ്പരിവാറിനു വോട്ടുകൾ വിറ്റുവെന്നൊരു പൂർവ കഥ പോസ്റ്ററുകളിലൂടെ പ്രസിദ്ധിയും നേടിയിട്ടുണ്ട്; കൊല്ലത്തു പാണന്മാർ ഇല്ലാതിരുന്നതിനാൽ 'തെക്കൻ പാട്ടായി' പാടി നടന്നില്ലെന്നു മാത്രം. അപവാദ-പരാജയാദി പരസ്യങ്ങൾ ശൂരനാടനു കരുത്തു പകർന്നിട്ടേയുള്ളൂ. 'കാറ്റു പിടിച്ച കല്ലു പോലെ' അനങ്ങാതിരിക്കാൻ പണ്ടേ വശമാണ്. തെരഞ്ഞെടുപ്പിനു ശേഷവും 'സ്റ്റാറ്റസ്‌കോ' തുടരും. സംശയമുള്ളവർക്ക് ഇന്ദിരാ ഭവനിൽ കയറി നോക്കാം. അതിനു 'പാസ്' വാങ്ങേണ്ടതില്ല. ജനാധിപത്യ പാർട്ടിയാണ്. എല്ലാ വാതിലുകളും തുറന്നു തന്നെ കിടക്കുന്നുണ്ടാകും. 'തോൽക്കാനായ് ജനിച്ചവൻ ഞാൻ' എന്ന് ആരും പാരഡി പാടേണ്ടതില്ല. ശൂരനാടൻ കല്ല് തന്നെയാണ്. തോൽവിയും ഒരു പരിശീലനമാണല്ലോ!
****                                         ****                                 ****
കുറ്റവാളിയെ പിടിക്കാൻ കഴിയാത്ത പോലീസുകാരൻ, പരീക്ഷയിൽ മാർക്ക് കുറഞ്ഞ കുട്ടിയെ തല്ലിച്ചതച്ച് സ്റ്റേഷനിൽ കയറിയ രക്ഷാകർത്താവ് തുടങ്ങിയവരെയൊക്കെ പരിഹസിക്കാൻ 'കള്ളൻ കയറി ഏഴു ദിവസം കഴിഞ്ഞിട്ടാണ് നായ  കുരയ്ക്കുന്ന'തെന്ന പഴഞ്ചൊല്ല് ധാരാളം. ആ പട്ടികയിൽ നമ്മുടെ കേന്ദ്ര ഭരണ പാർട്ടിയുടെ കേരള ഘടകവും കടന്നു കയറിക്കഴിഞ്ഞു.
കോവിഡ്19 ലോക ജീവിതം തകർത്ത് അരങ്ങു വാഴുന്ന 2019 ൽ കോട്ടയത്തെ ഒരു ഹാസ്യ ചിത്രകാരൻ വരച്ച കാർട്ടൂണിനെയാണ് മികച്ച ചിത്രമായി തെരഞ്ഞെടുത്തത്. ആരെന്നന്വേഷിക്കണ്ട, കേരള ലളിതകലാ അക്കാദമി തന്നെ. കഴിഞ്ഞ കൊല്ലത്തെ കേസ് ചത്തിട്ടില്ല; ഗതി കിട്ടാതെ അലഞ്ഞു നടപ്പാണ്. അക്കാദമി മുങ്ങി നടക്കുന്നു. മന്ത്രിയുടെ കുടയ്ക്കു പിന്നിലോ, കുട പിടിച്ചോ കഴിയുന്നു. ഒളിവിൽ കഴിയുന്ന പല പ്രതികളും ഉദ്ഘാടനങ്ങളിലും വിവാഹങ്ങളിലും മന്ത്രിമാരോടൊപ്പം നിന്നു ഫോട്ടോയെടുക്കുന്നത് ഇന്ന് 'സർവജനീന'മായ കാഴ്ച. സാധാരണക്കാർക്കേ സംഖ്യാ നിയന്ത്രണവും സാമൂഹിക അകലവുമുള്ളൂ. മറ്റേത് കക്ഷി വേറെ. പോലീസിനും അത്തരം വേളകളിൽ കാഴ്ച കുറയുന്ന അസുഖമുണ്ടാകാറുണ്ട്. പാരമ്പര്യമാകയാൽ അതിനു ചികിത്സ ഇനി കണ്ടുപിടിക്കണം.
കഴിഞ്ഞ തവണ മത നേതാക്കളെയും ചിഹ്നങ്ങളെയും കളിയാക്കിയതിൽ മനംനൊന്ത് സർക്കാരും പ്രതിപക്ഷ നേതാവും പരസ്പരം ആലിംഗനം ചെയ്ത് അന്നത്തെ കാർട്ടൂണിന്റെ കാര്യം ഒരരുക്കാക്കി. അപൂർവമായ ആ ഐക്യദാർഢ്യം സഭാ രേഖകളിൽ എന്നും കാണും. ഗിന്നസും ലിംകായും കൂടി രേഖപ്പെടുത്തിയിരിക്കും. കാർട്ടൂണിനെതിരെ ഇരുപക്ഷവും യോജിച്ച ചരിത്രം കേരളത്തിൽ മുമ്പ് കേട്ടിട്ടില്ല. അങ്ങനെ ഫയൽ പത്തായപ്പുരയിൽ കഴിഞ്ഞു വരവേയാണ് പുതിയ വർഷത്തെ പ്രഖ്യാപനം വന്നെത്തിയത്. 'ഭാഗ്യം കേറിവരുന്ന രഹസ്യം പാവം പയ്യനറിഞ്ഞോ' എന്ന അടൂർ ഭാസിയുടെ ഗാനഭാഗം പോലെയായി കോട്ടയംകാരൻ. കോവിഡിനെതിരെ ഒരു ലോക ആരോഗ്യ സമ്മേളനമാണ് കാർട്ടൂൺ. വേദിയിൽ മാന്യമായി വേഷം ധരിച്ച യു.കെ, ചൈന, യു.എസ് മേധാവികൾ- രണ്ടു വെള്ളക്കാരും ഒരു ചുകപ്പനും. അതിനിടയിൽ കാവി പുതച്ച ഒരു പശുത്തലയൻ ഇന്ത്യ. പോരേ? ദേശദ്രോഹത്തിന് ഇനിയെന്തു വേണം? അങ്ങനെ തൃശൂരിൽ പ്രതിഷേധം.
രണ്ടു ദിനം കഴിഞ്ഞ് സെക്രട്ടറിയേറ്റിനു മുന്നിൽ പു.ക. സക്കാരുടെ ബദലുക്കു ബദൽ! അക്കാദമിയുടെ ചെയർമാനെയും ആക്രമിച്ചുവെന്നാണ് ചാർജ്. മഴക്കാലമായതിനാൽ അന്തരീക്ഷ മലിനീകരണം ഏറ്റില്ല എന്നാണറിവ്. പക്ഷേ, അവാർഡ് കാര്യവും മർക്കടമുഷ്ടിയും എന്താകും?
****                                           ****                                   ****
 

Latest News