Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കുവൈത്തിൽ നിക്ഷേപകർക്ക് ദീർഘകാല ഇഖാമ നൽകുന്നു

കുവൈത്ത് സിറ്റി - കുവൈത്തിൽ വിദേശ നിക്ഷേപകർക്കും പദ്ധതി ഉടമകൾക്കും അഞ്ചു മുതൽ പതിനഞ്ചു വർഷം വരെ കാലാവധിയുള്ള ഇഖാമകൾ അനുവദിക്കുന്നതിനെ കുറിച്ച് ഗവൺമെന്റ് പഠിക്കുന്നു. മറ്റു അയൽ രാജ്യങ്ങളുടെ പാത പിന്തുടർന്ന് സാമ്പത്തിക വൈവിധ്യവൽക്കരണത്തിന് സഹായിക്കും വിധം നിക്ഷേപകർക്കും പദ്ധതി ഉടമകൾക്കും ദീർഘകാല ഇഖാമകൾ അനുവദിക്കാനാണ് നീക്കം. ഇഖാമ, വർക്ക് പെർമിറ്റ് നിയമം പരിഷ്‌കരിച്ച് കൂടുതൽ ഇനങ്ങളിൽ പെട്ട ഇഖാമകൾ അനുവദിക്കുന്നതിനെ കുറിച്ചാണ് സർക്കാർ ആലോചിക്കുന്നതെന്ന് ഉത്തരവാദപ്പെട്ട വൃത്തങ്ങൾ പറഞ്ഞു. ദേശീയ സമ്പദ്‌വ്യവസ്ഥക്ക് ഗുണകരമാകുംവിധം പ്രവർത്തിക്കുന്ന ചില വിദേശികൾക്ക് സ്‌പോൺസർഷിപ്പ് നിയമം ഇല്ലാതെയാണ് ദീർഘകാല ഇഖാമകൾ അനുവദിക്കുക. 
പുതിയ ഇഖാമ നിയമം പ്രയോജനപ്പെടുന്ന വിഭാഗങ്ങളെ നിർണയിക്കാൻ ബന്ധപ്പെട്ട വകുപ്പുകൾ നടപടികൾ തുടങ്ങിയിട്ടുണ്ട്. രാജ്യത്തിനകത്ത് പദ്ധതികൾ നടപ്പാക്കാൻ ആഗ്രഹിക്കുന്ന നിക്ഷേപകർ, നിലവിൽ കുവൈത്തിൽ പദ്ധതികൾ നടത്തുന്ന, ഇഖാമയുള്ള നിക്ഷേപകർ എന്നിവർക്ക് 15 വർഷം വരെ കാലാവധിയുള്ള ഇഖാമകൾ അനുവദിക്കും. ഇവരുടെ സ്‌പോൺസർഷിപ്പ് ഗവൺമെന്റിനായിരിക്കും. 
നിലവിലെ സ്‌പോൺസർഷിപ്പ് നിയമം പൊളിച്ചെഴുതുന്നതാണ് പുതിയ ചുവടുവെപ്പ്. കുവൈത്തിലേക്ക് വിദേശ നിക്ഷേപങ്ങൾ ആകർഷിക്കാനുള്ള ശ്രമങ്ങൾക്ക് ഇത് കരുത്തുപകരും. നിക്ഷേപകർക്ക് ദീർഘകാല ഇഖാമകൾ അനുവദിക്കുന്നതിന്റെ ചുമതല പബ്ലിക് അതോറിറ്റി ഓഫ് മാൻപവറിൽ നിന്ന് വേർപ്പെടുത്തും. വൈകാതെ അംഗീകരിക്കുന്ന നിയമാവലിക്കും നടപടിക്രമങ്ങൾക്കും അനുസൃതമായി ഇവർക്ക് പ്രത്യേക ഇഖാമകൾ അനുവദിക്കും. 
സ്വന്തം സ്‌പോൺസർഷിപ്പിൽ ഇഖാമ അനുവദിക്കുന്ന സംവിധാനത്തിലും ഭേദഗതികൾ വരുത്തും. സ്വന്തം സ്‌പോൺസർഷിപ്പിൽ ഇഖാമ നേടാൻ ആഗ്രഹിക്കുന്നവരുടെ നടപടിക്രമങ്ങൾ എളുപ്പമാക്കും. ദീർഘ കാലമായി കുവൈത്തിൽ കഴിഞ്ഞ് രാജ്യത്തിന് മികച്ച സംഭാവനകൾ നൽകിയവർ, സർക്കാർ വകുപ്പുകളിൽ സേവനമനുഷ്ഠിച്ച് ജോലിയില്ലാതെ തന്നെ സ്വന്തം കാര്യങ്ങൾ മുന്നോട്ടുകൊണ്ടുപോകാൻ മാത്രം സാമ്പത്തിക ശേഷിയുള്ളവർ എന്നീ വിഭാഗങ്ങളിൽ പെട്ടവർക്ക് സ്വന്തം സ്‌പോൺസർഷിപ്പിൽ ഇഖാമകൾ അനുവദിക്കും. ഇഖാമ നിയമത്തിൽ വരുത്താനുദ്ദേശിക്കുന്ന പരിഷ്‌കാരങ്ങളെല്ലാം ആഭ്യന്തര മന്ത്രാലയവും പബ്ലിക് അതോറിറ്റി ഓഫ് മാൻപവറും അടക്കമുള്ള ബന്ധപ്പെട്ട വകുപ്പുകൾ പഠിച്ചുവരികയാണെന്നും ഇക്കാര്യത്തിൽ അന്തിമ തീരുമാനങ്ങൾ കൈക്കൊണ്ടിട്ടില്ലെന്നും ഉത്തരവാദപ്പെട്ട വൃത്തങ്ങൾ പറഞ്ഞു. 

Latest News