കൊച്ചി- സാമൂഹിക മാധ്യമങ്ങളിലെ ട്രോളുകളും കമന്റുകളും നിരോധിക്കണമെന്നാവശ്യപ്പെട്ട് നടി ഗായത്രി സുരേഷ്. ഇന്‍സ്റ്റഗ്രാം ലൈവിലൂടെമുഖ്യമന്ത്രി പിണറായി വിജയനോടാണ് നടിയുടെ അഭ്യര്‍ഥന. ലഹരിമരുന്നില്‍നിന്ന് പണം ഉണ്ടാക്കുന്നത് നിയമ വിരുദ്ധമാണെങ്കില്‍ ട്രോളിലൂടെ പണം ഉണ്ടാക്കുന്നതും നിയമവിരുദ്ധമല്ലേ എന്നാണ് നടിയുടെ ചോദ്യം.
താന്‍ നേരിടുന്ന സൈബര്‍ ആക്രമണം ചൂണ്ടിക്കാട്ടിയാണ് നടിയുടെ പ്രതികരണം. ഇത് തന്റെ മാത്രം പ്രശ്‌നമല്ലെന്നും നല്ലൊരു നാടായി മാറുന്നതിന് ട്രോളുകള്‍ നിരോധിക്കണമെന്നും ഗായത്രി ആവശ്യപ്പെട്ടു.
എനിക്ക് പറയാനുള്ളത് മുഖ്യമന്ത്രി പിണറായി വിജയന്‍ സാറിനോടാണ്. സാറിനെയും അദ്ദേഹത്തിന്റെ എല്ലാ ആശയങ്ങളെയും നടപടികളെയും ബഹുമാനിക്കുന്ന ഒരു വ്യക്തിയാണ് ഞാന്‍. ഈ വീഡിയോ സാറില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. സോഷ്യല്‍ മീഡിയ ജീവിതത്തെ ഭരിക്കുന്ന ഒരു കാലമാണ്. അതാണ് ലോകമെന്ന് നമ്മള്‍ വിശ്വസിക്കുന്നു. ലഹരിമരുന്നില്‍ നിന്നും പണം ഉണ്ടാക്കുന്നത് നിയമ വിരുദ്ധമാണ്. അപ്പോള്‍ ട്രോളിലൂടെ പണം ഉണ്ടാക്കുന്നതും നിയമവിരുദ്ധമല്ലേ.
ട്രോളില്‍ വരുന്ന കമന്റുകള്‍ ഒരാളെ മാനസികമായി തളര്‍ത്തും, മെന്റലായിപ്പോകും. ഇത് ഞാന്‍ മാത്രം അഭിമുഖീകരിക്കുന്ന പ്രശ്‌നമല്ല. നല്ല നാടാകാന്‍ ആദ്യം ട്രോളുകള്‍ നിരോധിക്കുക്കാനുള്ള നടപടി സാര്‍ സ്വീകരിക്കണം. സോഷ്യല്‍ മീഡിയകളിലെ കമന്റ് സെക്ഷന്‍ ഓഫ് ചെയ്യണം. ഇതൊക്കെ സാധ്യമാണോ എന്നറിയില്ല. ഒന്നോ രണ്ടോ ലക്ഷം വരുന്ന അത്തരത്തിലുള്ളവര്‍ വളര്‍ന്നുകൂട എന്നാണ് ഞാന്‍ ചിന്തിക്കുന്നത്. അവര്‍ക്ക് കേരളം തന്നെ നശിപ്പിക്കാനുള്ള കഴിവുണ്ട്. നിങ്ങളില്‍ ഒരാള്‍ എന്നെ സപ്പോര്‍ട്ട് ചെയ്താല്‍ സമൂഹത്തില്‍ വലിയ മാറ്റം കൊണ്ടുവരാം- നടി പറഞ്ഞു. തനിക്കെതിരെ തെറ്റായ വാര്‍ത്തകള്‍ നല്‍കുന്ന യുട്യൂബ് ചാനലുകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഗായത്രി സുരേഷ് പറഞ്ഞു.