Sorry, you need to enable JavaScript to visit this website.

സെൻസെക്‌സും നിഫ്റ്റിയും പ്രതിവാര നഷ്ടത്തിൽ

വിദേശ ഫണ്ടുകൾ വിൽപനയിൽ ചുവട് ഉറപ്പിച്ചത് ഇന്ത്യൻ ഓഹരി സൂചികയെ തളർത്തി. ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ വിപണിയിലെ തകർച്ച തടയാൻ എല്ലാ അടവുകളും മാറി മാറി പയറ്റിയിട്ടും ബോംബെ സെൻസെക്‌സ് 1051 പോയന്റും നിഫ്റ്റി 338 പോയന്റും പ്രതിവാര നഷ്ടത്തിലാണ്. നിഫ്റ്റിക്ക് കഴിഞ്ഞ വാരം സൂചിപ്പിച്ച 18,205 ലെ ആദ്യ പ്രതിരോധം ഭേദിക്കാനായെങ്കിലും ഏറെ നിർണായകമായി സൂചിപ്പിച്ച 18,230 പോയന്റിൽ സ്പർശിക്കാനായില്ല. സൂചിക 18,212 ൽ എത്തിയ അവസരത്തിൽ വിദേശ ഫണ്ടുകൾ കനത്ത വിൽപനക്ക് രംഗത്ത് ഇറങ്ങിയതോടെ നിഫ്റ്റി 17,687 ലേക്ക് ഇടിഞ്ഞു. വ്യാഴാഴ്ച മാർക്കറ്റ് ക്ലോസിങിൽ നിഫ്റ്റി 17,764 പോയന്റിലാണ്. നിഫ്റ്റിക്ക് ഈ വാരം 17,563 ലെ ആദ്യ സപ്പോർട്ട് നഷ്ടപ്പെട്ടാൽ 17,362 വരെ തളരാം. എന്നാൽ ആദ്യ താങ്ങ് നിലനിർത്തുന്നതിൽ വിജയിച്ചാൽ 18,088 ലക്ഷ്യമാക്കിയാവും അടുത്ത ചുവടുവെപ്പ്. ഈ ലക്ഷ്യം കൈപ്പിടിയിൽ ഒതുക്കിയാൽ നവംബർ അവസാന വാരം 18,400 ലേക്ക് ഉറ്റുനോക്കാം. 
വ്യഴാഴ്ചയാണ് ഡെറിവേറ്റീവ്. മാർക്കറ്റിൽ നവംബർ സീരീസ് സെറ്റിൽമെന്റായതിനാൽ ഓപറേറ്റർമാർ ഷോട്ട് കവറിങിന് മുതിരുമോ, അതോ ഡിസംബർ സീരീസിലേക്ക് റോൾ ഓവറിന് മത്സരിക്കുമോ? രണ്ടായാലും സൂചികയിൽ ചാഞ്ചാട്ടം ശക്തമാകാം.


ബോംബെ സൂചിക 60,687 ൽ നിന്ന് 60,927 പോയന്റ് വരെ കയറി. എന്നാൽ മുൻവാരം സൂചിപ്പിച്ച ആദ്യ പ്രതിരോധമായ 61,032 മറികടക്കാനാവില്ലെന്ന് മനസ്സിലാക്കി വിൽപനക്കാർ കൂട്ടത്തോടെ വിപണിയിൽ ഇറങ്ങിയത് മൂലം 59,430 ലെ രണ്ടാം താങ്ങും തകർത്ത് സെൻസെക്‌സ് 59,376 ലേയ്ക്ക് ഇടിഞ്ഞു. വ്യാപാരാന്ത്യം സെൻസെക്‌സ് 59,636 പോയന്റിലാണ്. ഈ വാരം 59,032-60,583 റേഞ്ചിൽ നിന്ന് പുറത്തു കടക്കാൻ ശ്രമം നടത്താം. 
വിദേശ ഫണ്ടുകൾ 4410 കോടി രൂപയുടെ ഓഹരികൾ വിറ്റപ്പോൾ ആഭ്യന്തര ഫണ്ടുകൾ പോയ വാരം 3926 കോടി രൂപ നിക്ഷേപിച്ചു. ഈ മാസം വിദേശ ഓപറേറ്റർമാർ 9999 കോടി രൂപയുടെ വിൽപന നടത്തി, ആഭ്യന്തര ഫണ്ടുകൾ നവംബറിൽ 9663 രൂപയുടെ ഓഹരികൾ വാങ്ങി. 


മുൻനിര ഓഹരികളായ എസ്.ബി.ഐ, എച്ച്.ഡി.എഫ്.സി ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക്, ആർ.ഐ.എൽ, ഐ.ഒ.സി തുടങ്ങിയവയുടെ നിരക്ക് ഉയർന്നപ്പോൾ ഇൻഫോസീസ്, റ്റി.സി.എസ്, വിപ്രോ, സൺ ഫാർമ, സിപ്ല, ടാറ്റാ സ്റ്റീൽ, ടാറ്റാ മോട്ടോഴ്‌സ്, മാരുതി, എം ആന്റ് എം, ഐ.റ്റി.സി എന്നിവയുടെ നിരക്ക് താഴ്ന്നു. 
ഈ വർഷം സെൻസെക്‌സ് 24.89 ശതമാനവും നിഫ്റ്റി സൂചിക 27 ശതമാനവും ഉയർന്നു. ബി.എസ്.ഇ മിഡ് ക്യാപ് സൂചിക 45 ശതമാനവും സ്‌മോൾ ക്യാപ് സൂചിക 59 ശതമാനവും ഉയരത്തിലാണ്. നിലവിലെ സാങ്കേതിക തിരുത്തലുകൾ പൂർത്തിയാവുന്നതോടെ വിപണി വീണ്ടും ബുള്ളിഷാവും. സെൻസെക്‌സ് 2022 ൽ 70,000-75,000 ലേക്ക് ചുവടുവെക്കാനുള്ള ഊർജം കണ്ടെത്താനുള്ള ശ്രമത്തിലാണ്.


മൊത്തവില സൂചികയെ അടിസ്ഥാനമാക്കി ഇന്ത്യയുടെ പണപ്പെരുപ്പം കഴിഞ്ഞ വർഷം ഒക്ടോബറിലെ 1.31 ശതമാനത്തെ അപേക്ഷിച്ച് ഈ ഒക്ടോബറിൽ 12.54 ശതമാനമായി. നാണയപ്പെരുപ്പം കുതിക്കുന്നത് സ്ഥിതിഗതികൾ കൂടുതൽ സങ്കീർണമാക്കാം. അതേസമയം ഏതാനും മാസങ്ങളായി കേന്ദ്ര ബാങ്ക് വായ്പാ അവലോകനത്തിൽ പലിശ നിരക്ക് സ്‌റ്റെഡിയായി നിലനിർത്തിയത് സ്ഥിതി സങ്കീർണമാക്കി.
ആഗോള ക്രൂഡ് ഓയിൽ വില ഇടിഞ്ഞത് വിനിമയ വിപണിയിൽ രൂപയുടെ മൂല്യം ഉയർത്തി. മുൻവാരത്തിലെ 74.34 ൽ നിന്ന് 74.23 ലേയ്ക്ക് രൂപ ശക്തി പ്രാപിച്ചു. ന്യൂയോർക്കിൽ എണ്ണ വില ബാരലിന് 82.64 ഡോളറിൽ നിന്നും 78.25 ഡോളറായി. 

Latest News